Editorial
അഴിമതിക്കേസുകള്‍ രാഷ്ട്രീയായുധമാക്കരുത്

അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ സോണിയാ ഗാന്ധിയുടെ കുടുംബം കോഴ വാങ്ങിയെന്ന് ധ്വനിപ്പിക്കുന്ന തരത്തില്‍ വന്ന വെളിപ്പെടുത്തല്‍ രാഷ്ട്രീയ പകപോക്കലാണെന്ന സന്ദേഹത്തെ ബലപ്പെടുത്തുന്നതാണ് ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മൈക്കലിന്റെ പുതിയ മൊഴി. കോപ്റ്റര്‍ ഇടപാടില്‍ ഗാന്ധി കുടുംബത്തിന് കോഴ നല്‍കിയിട്ടില്ലെന്നും അവര്‍ കോഴ വാങ്ങിയതായി മൊഴി നല്‍കാന്‍ സി ബി ഐ തനിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നെന്നുമാണ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മൈക്കല്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് മാസമായി ഗാന്ധി കുടുംബത്തെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനക്കായി സി ബി ഐ നിര്‍ബന്ധിച്ചു വരികയായിരുന്നുവത്രെ. ഇല്ലാത്ത കാര്യം ആരോപിക്കാന്‍ പ്രയാസമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
കോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ സി ബി ഐ അന്വേഷണം നടന്നുവരികയാണ്. അതിനിടെയാണ് നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ പാര്‍ലിമെന്റ് പ്രക്ഷുബ്ധമാകുന്നതും നരേന്ദ്ര മോദി അഴിമതി നടത്തിയതിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവിക്കുന്നതും. ഇതിന് പിന്നാലെ നെഹ്‌റു കുടുംബത്തെ സംശയത്തിന്റെ മുനയിലാക്കുന്ന തരത്തില്‍, കോപ്റ്റര്‍ ഇടപാടില്‍ ഒരു രാഷ്ട്രീയ കുടുബം 120 കോടി കോഴ കൈപറ്റിയതായി ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പില്‍ ഉണ്ടെന്ന വെളിപ്പെടുത്തല്‍ വന്നു. മോദിക്കെതിരായ അഴിമതിയാരോപണത്തെ പ്രതിരോധിക്കാന്‍ ഭരണകക്ഷി പ്രയോഗിച്ച തന്ത്രമാണിതെന്ന് അന്നേ സന്ദേഹമുയര്‍ന്നതാണ്. അതിനെ സാധൂകരിക്കുന്നതാണ് മൈക്കലിന്റെ പ്രസ്താവന.
വി വി ഐ പികളുടെ ഉപയോഗത്തിനായി എ ഡബ്ലൂ 101 വിഭാഗത്തില്‍ പെട്ട 12 ആഡംബര ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇറ്റലിയിലെ അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനിയുമായി കഴിഞ്ഞ യു പി എ സര്‍ക്കാര്‍ 3600 കോടി രൂപയുടെ കരാറുണ്ടാക്കിയതാണ് കേസിനാസ്പദമായ സംഭവം. കരാറുറപ്പിക്കാന്‍ 12 ശതമാനം കോഴ നല്‍കിയതായി ഇറ്റാലിയന്‍ അധികൃതര്‍ പിന്നീട് കണ്ടെത്തിയതോടെ ഇടപാട് വിവാദമായി. കൈക്കൂലി നല്‍കിയതിന് അഗുസ്ത ചീഫ് എക്‌സിക്യൂട്ടീവിനെയും അഗുസ്തയുടെ മതൃസ്ഥാപനവും പ്രതിരോധ സാമഗ്രി നിര്‍മാണ രംഗത്തെ ബഹുരാഷ്ട്ര കുത്തകയായ ഫിന്‍ മെക്കാനിക്കയുടെ ചെയര്‍മാനെയും ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ഇറ്റാലിയന്‍ കോടതി അവര്‍ക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഇന്ത്യയില്‍ ആര്‍ക്കെല്ലാമാണ് ഇവര്‍ കോഴ നല്‍കിയതെന്നത് ഇനിയും വ്യക്തമല്ല. ഇതു സംബന്ധിച്ച കേസ് സി ബി ഐ അന്വേഷണത്തിലാണ്. കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ വ്യോമസേനാ മേധാവി എസ് പി ത്യാഗിയെ അടുത്ത ദിവസം സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. കരാര്‍ ഫിന്‍മെക്കാനിക്ക കമ്പനിക്ക് അനുകൂലമാക്കാന്‍ ത്യാഗി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും കമ്പനിയില്‍ നിന്ന് അദ്ദേഹത്തിനും കുടുംബത്തിനും നിയമ വിരുദ്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്‌തെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. സി ബി ഐ ചോദ്യം ചെയ്യലില്‍ കരാര്‍ ഫിന്‍മെക്കാനിക്കക്ക് അനുകുലമാക്കുന്നതിന് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഓഫീസും ഇടപെട്ടതായി ത്യാഗി ആരോപിച്ചതോടെ കേസിന് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം കൈവന്നു. അതിനിടെയാണ് സോണിയാ ഗാന്ധിയുടെ കുടുംബത്തെയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുണ്ടായത്.
സോണിയയുടെ കുടുംബത്തിനെതിരായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി ഉന്നയിച്ച അഴിമതി ആവിയായി പോയതിലും ദുരൂഹതയുണ്ട്. മോദി അഴിമതി നടത്തിയതിന് വ്യക്തമായ തെളിവ് തന്റെ കൈവശമുണ്ടെന്ന പ്രസ്താവനയിലൂടെ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ച രാഹുല്‍ഗാന്ധിയുടെ നിലപാടില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതോട പ്രകടമായ മാറ്റം വരികയുണ്ടായി. പിന്നീട് അദ്ദേഹം നാടകീയമായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ പക്കലുണ്ടെന്ന് പറഞ്ഞ തെളിവുകളെക്കുറിച്ചു മൗനിയാകുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം ആരെയോ എന്തിനെയോ ഭയപ്പെടുന്നുവെന്ന തോന്നല്‍ ഉളവാക്കാന്‍ ഇതിടയാക്കിയിട്ടുണ്ട്. എന്തിന് വേണ്ടിയായിരുന്നു അദ്ദേഹവും പാര്‍ട്ടിയും മറ്റു പ്രതിപക്ഷ കക്ഷികളെ കൂട്ടുപിടിച്ചു ഒരു മാസത്തോളം പാര്‍ലിമെന്റിനെ പ്രക്ഷുബ്ധമാക്കിയതും ശൈത്യകാല സമ്മേളനം അപ്പാടെ പാഴാക്കിയതും? കോഴക്കേസുകളില്‍ അന്വേഷണം നടക്കേണ്ടതും സര്‍ക്കാര്‍ ഇടപാടുകള്‍ നിയമ വിധേയമല്ലാത്ത നേട്ടങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്യുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതും അനിവാര്യമാണ്. എന്നാല്‍ അഴിമതി ആരോപണങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുന്നതും അതുമായി ബന്ധപ്പെട്ട് പ്രതിയോഗികളെ കേസില്‍ അകപ്പെടുത്താന്‍ സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതും അഭികാമ്യമല്ല. അഴിമതിക്കഥകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാനേ അത് ഉപകരിക്കൂ. രാഷ്ട്രീയ നേതാക്കള്‍ രഹസ്യമായി ചര്‍ച്ച ചെയ്തു രാജിയാകേണ്ടതല്ല അഴിമതിക്കേസുകള്‍. ജനങ്ങള്‍ കൂടി അറിയേണ്ടതുണ്ട് അതിന്റെ സത്യാവസ്ഥ.