Connect with us

National

മസ്ഊദ് അസ്ഹര്‍ അടക്കം നാല് പേര്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം

Published

|

Last Updated

ന്യൂഡല്‍ഹി: പഠാന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണത്തില്‍ ജയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കുറ്റപത്രം സമര്‍പ്പിച്ചു. മൊഹാലി എന്‍ ഐ എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന് പുറമെ സഹോദരന്‍ റഊഫ് അസ്ഹര്‍, മോര്‍ അമിനാബാദ് ഗുജ്‌റാവാല സ്വദേശിയായ ശാഹിദ് ലത്തീഫ്, ചര്‍സാദ പാക്കിസ്ഥാന്‍ സ്വദേശിയായ കാശിഫ് ജാന്‍ എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ നല്‍കിയിരിക്കുന്നത്.

പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് എന്‍ ഐ എ കണ്ടെത്തിയ മസ്ഊദ് അസ്ഹര്‍, റഊഫ് അസ്ഹര്‍, ശാഹിദ് ലതീഫ്, കാശിഫ് ജാന്‍ എന്നിവര്‍ക്കെതിരെ യു എ പി എ നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ നേരത്തെ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. കാശിഫ് ജാനാണ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിന് പുറമെ മസ്ഊദ് അസ്ഹറിന്റെ സഹോദരന്‍ റഊഫിന് 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തില്‍ പങ്കുള്ളതായും കണ്ടെത്തിയിരുന്നു. ജയ്‌ശെ മുഹമ്മദ് ഭീകരരുടെ പങ്ക് വ്യക്തമാക്കുന്ന മൊഴികളും ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വ്യക്തമായ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായി എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ ശരത്കുമാര്‍ പറഞ്ഞു. മസ്ഊദ് അസ്ഹറിന്റെ പങ്ക് സംബന്ധിച്ച് ശക്തമായ തെളിവുകള്‍ എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം അന്വേഷണം വിശാലമായതും ബുദ്ധിമുട്ടേറിയതുമായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.

മൊഴികള്‍, ഡിജിറ്റല്‍ രേഖകള്‍ എന്നിങ്ങനെയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പഠാന്‍കോട്ടിലെ ആക്രമണത്തിനു പിന്നാലെ മസ്ഊദ് അസ്ഹര്‍, ഉത്തരവാദിത്തമേറ്റെടുത്ത് വിഡിയോ സന്ദേശമയച്ചിരുന്നു. അതില്‍ മസ്ഉൂദ് അസ്ഹറിന്റെ പങ്കിനെ ന്യായീകരിക്കുകയും ചെയ്തു. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉപയോഗിച്ച് ജയ്‌ശെ മുഹമ്മദിനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതിനോടൊപ്പം കൂടുതല്‍ പ്രതിരോധത്തിലാക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. രാജ്യത്തെ തന്ത്രപ്രധാന വ്യോമതാവളമായ പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ കഴിഞ്ഞ ജനുവരി രണ്ടിന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന ഭീകരാക്രമണത്തില്‍ മലയാളി കമാന്‍ഡോ ഉള്‍പ്പെടെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.