Connect with us

Gulf

യു എ ഇയില്‍ മരണപ്പെടുന്ന ഇന്ത്യക്കാരില്‍ ഏറെയും യുവാക്കള്‍

Published

|

Last Updated

അബുദാബി: യു എ ഇയില്‍ ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ മസ്തിഷ്‌ക മരണവും ഹൃദയാഘാതവും മൂലമുള്ള മരണ സംഖ്യ കൂടിവരികയാണെന്ന് കണക്കുകള്‍. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെയും ആരോഗ്യ വിദഗ്ധരുടെയും കണക്കുകളിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വര്‍ഷം മസ്തിഷ്‌ക മരണവും ഹൃദയാഘാതം മൂലവും മരണപെട്ട 339 പേരില്‍ 65 ശതമാനവും 45 വയസിനു താഴെയുള്ള യുവാക്കളാണ്. ഇങ്ങനെ കഴിഞ്ഞ വര്‍ഷം മാത്രം മരണപ്പെട്ടത് 221 ഇന്ത്യന്‍ യുവാക്കളാണെന്ന് കോണ്‍സുലാര്‍ ദിനേഷ് കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ മരണം സംഭവിക്കുന്ന യുവാക്കള്‍ക്ക് രോഗബാധയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതില്‍ സമാനതകള്‍ ഏറെയുണ്ട്. കുടുംബത്തില്‍ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന യുവാക്കളിലും കുടുംബത്തോടൊപ്പം കഴിയുന്നവരിലും ജോലി സ്ഥലത്തെ സമ്മര്‍ദവും ചിട്ടയില്ലാത്ത ജീവിതരീതിയുമാണ് രോഗ കാരണങ്ങളായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി സമാനമായ സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആധുനിക ജീവിതരീതി പിന്‍പറ്റുന്നതോടൊപ്പം എല്ലാ മേഖലയിലും സമ്മര്‍ദം ഏറിവരുന്ന തൊഴില്‍ സാഹചര്യവും രോഗ കാരണങ്ങളായി മാറുന്നുണ്ട്. ജോലിയെ കുറിച്ചുള്ള സുരക്ഷിതത്വ ബോധം പലരിലും ജിജ്ഞാസ ഉളവാക്കുന്നുണ്ട്. ഇത് മൂലം ഉയര്‍ന്ന മാനസിക സംഘര്‍ഷമാണ് ഉടലെടുക്കുന്നത്. മിക്കവരും കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ഊഷ്മള ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരാണ്. എന്നാല്‍ തങ്ങളുടെ മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് മറ്റുള്ളവരോട് മനസ്സ് തുറക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിന് നിയമ സഹായങ്ങളുമായി രംഗത്തുള്ള മോഹനന്‍ രാമന്തളി പറഞ്ഞു.