ഐഎസ്എല്‍ കിരീടം കൊൽക്കത്തക്ക്

Posted on: December 18, 2016 9:25 pm | Last updated: December 19, 2016 at 11:09 am

കൊച്ചി: മഞ്ഞക്കടലിരമ്പം നിശ്ചലം! കേരളക്കരയുടെ ഇരട്ടച്ചങ്ക് തകര്‍ത്ത് കൊല്‍ക്കത്തക്കാര്‍ കപ്പ് റാഞ്ചി. ആവേശവും വിരസതയും സമാസമം ഏറ്റുമുട്ടിയ കലാശപ്പോര് ഷൂട്ടൗട്ടില്‍ 4-3ന് ജയിച്ചാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ എസ് എല്‍ ചാമ്പ്യന്‍ഷിപ്പ് വീണ്ടെടുത്തത്. 2014 പ്രഥമ എഡിഷനില്‍ കൊല്‍ക്കത്തയായിരുന്നു ചാമ്പ്യന്‍മാര്‍. അന്നും ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചങ്കാണ് തകര്‍ത്തത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1. ആദ്യ പകുതിയില്‍ മുഹമ്മദ് റാഫിയിലൂടെ ഹോം ടീമായിരുന്നു മുന്നിലെത്തിയത്. പകുതിക്ക് പിരിയും മുമ്പെ സെറെനോയുടെ ഗോളില്‍ കൊല്‍ക്കത്ത കണക്കൊപ്പിച്ചു (1-1).
ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫന്‍ഡര്‍മാരായ എല്‍ഹാജി എന്‍ഡോയെയും സെഡ്രിക് ഹെംഗ്ബര്‍ട്ടും കിക്ക് പാഴാക്കി. കേരള ഗോളി ഗ്രഹാം സ്റ്റാക്ക് ഇയാന്‍ ഹ്യൂമിന്റെ കിക്ക് തടുത്തിട്ട് നല്‍കിയ മുന്‍തൂക്കം സ്റ്റേഡിയത്തെ കുലുക്കുന്നതായിരുന്നു.
രണ്ട് തവണ ഐ എസ് എല്‍ കിരീടം നേടുന്ന ആദ്യ ടീമായി കൊല്‍ക്കത്ത മാറിയപ്പോള്‍ മറുഭാഗത്ത് രണ്ട് തവണയും ഫൈനലില്‍ തോല്‍ക്കുന്ന ആദ്യ ടീം എന്ന വേദന മഞ്ഞപ്പടക്ക് അനുഭവിച്ച് തീര്‍ക്കാനുള്ളതായി.

ഹെഡറിന് ഹെഡര്‍ മറുപടി
കൊണ്ടും കൊടുത്തും നീങ്ങിയ ആദ്യ പകുതിയില്‍ മുഹമ്മദ് റാഫിയുടെ ഹെഡര്‍ ഗോളിലൂടെ നേടിയ ലീഡ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കൗണ്ടില്‍ നിന്ന് കൊല്‍ക്കത്തക്കാര്‍ സൈ്വപ് ചെയ്‌തെടുത്തത് മറ്റൊരു ഹെഡറിലൂടെ. സ്പാനിഷ് ഡിഫന്‍ഡര്‍ ഹെന്റിക് സെറെനോയായിരുന്നു മറുപടി ഹെഡര്‍ ബ്ലാസ്റ്റേഴ്‌സിന് നല്‍കിയത്. രണ്ട് ഗോളുകളും കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
മുപ്പത്തേഴാം മിനുട്ടിലായിരുന്നു റാഫിയുടെ ഹെഡര്‍ ഗോള്‍. സമീഹ് ദൗത്തിയുടെ നീക്കം തടഞ്ഞ് ഇഷ്ഫാഖ് അഹമ്മദ് നല്‍കിയ പന്തുമായി ബെല്‍ഫോര്‍ട്ട് നടത്തിയ കുതിപ്പാണ് ഗോളിന് കാരണമായ കോര്‍ണര്‍ കിക്കില്‍ കലാശിച്ചത്. ബോക്‌സിനുള്ളില്‍ കൊല്‍ക്കത്ത ഡിഫന്‍ഡര്‍ പ്രിതം കോത്തലുമായി പന്തിനായ് പൊരുതിയാണ് ബെല്‍ഫോര്‍ട്ട് കോര്‍ണറുണ്ടാക്കിയെടുത്തത്. മെഹ്താബ് എടുത്ത പെര്‍ഫെക്ട് കിക്ക് അതിലും പെര്‍ഫെക്ടായ ഹെഡറിലൂടെ റാഫി വലക്കുള്ളിലാക്കി. ഗോളി ദേബ്ജിത് മജൂംദര്‍ പന്ത് കണ്ടിട്ടുണ്ടാകില്ല !
നാല്‍പ്പത്തിനാലാം മിനുട്ടില്‍ സമാനമായ രീതിയില്‍ കൊല്‍ക്കത്ത ഗോള്‍ മടക്കി. സമീഹ് ദൗത്തിയുടെ ഫ്രീകിക്ക് ബോള്‍ ബോക്‌സിനുള്ളിലേക്ക് കയറിയെടുക്കാന്‍ റാല്‍ട്ടെ ശ്രമിക്കവെ ഹെംഗ്ബര്‍ട്ട് പന്ത് പുറത്തേക്കടിച്ചൊഴിവാക്കി. ഇതാണ് കോര്‍ണറായി മാറിയത്. ദൗത്തിയെടുത്ത പെര്‍ഫെക്ട് കോര്‍ണര്‍ കിക്ക് ഫ്രീഹെഡറിലൂടെ സെറെനോ വലക്കുള്ളിലാക്കി.

ക്യാപ്റ്റന്‍ ഹ്യൂസ് മടങ്ങുന്നു
പ്രതിരോധത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പടനായകനായ ആരോണ്‍ ഹ്യൂസ് പരുക്കുമായി മുടന്തിയതോടെ കോച്ച് സ്റ്റീവ് കോപ്പല്‍ തന്റെ തല ഉഴിഞ്ഞു. ഹ്യൂസുമായി ചര്‍ച്ച നടത്തിയ ശേഷം സബ്സ്റ്റിറ്റിയൂഷന് തയ്യാറായി. സെനഗലിന്റെ എല്‍ഹാജി എന്‍ഡോയെയാണ് പകരമിറങ്ങിയത്. ഈ നീക്കം മോശമായില്ല. സെന്റര്‍ ബാക്കില്‍ ഉണര്‍ന്നു കളിച്ച എല്‍ഹാജി പന്ത് റാഞ്ചിയെടുക്കുന്നതിലും മുന്‍നിരയിലേക്ക് ലോംഗ് ബോളുകള്‍ നല്‍കുന്നതിലും മിടുക്ക് കാണിച്ചു.
നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍ കൊല്‍ക്കത്ത ആദ്യ സബ്സ്റ്റിറ്റിയൂഷന്‍ നടത്തി. ലെഫ്റ്റ് ബാക്ക് കീഗന്‍ പെരേരക്ക് പകരം പ്രബിര്‍ ദാസ് വന്നു. ആദ്യപകുതിയില്‍ കൊല്‍ക്കത്തയുടെ ബോയ ഫെര്‍നാണ്ടസിന് മഞ്ഞക്കാര്‍ഡ് കണ്ടു.

ഹ്യൂമേട്ടന്റെ ടച്ചോടെ തുടക്കം
മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ കൊല്‍ക്കത്തക്ക് വേണ്ട് ടച് ചെയ്തതോടെയാണ് മത്സരത്തിന് കിക്കോഫ് കുറിച്ചത്. ആദ്യമിനുട്ടില്‍ തന്നെ കേരളത്തിന്റെ നീക്കം. മധ്യനിരയില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് ഹെംഗ്ബര്‍ട്ട് വലത് വിംഗില്‍ റെഡിയായി നിന്ന വിനീതിലേക്ക് നീട്ടി നല്‍കി. ബോക്‌സിന് പുറത്ത് വെച്ച് വിനീത് നല്‍കിയ ക്രോസ് ബോള്‍ കണക്ട് ചെയ്യാന്‍ മഞ്ഞക്കുപ്പായക്കാര്‍ ആരുമില്ലാതെ പോയി.
മത്സരത്തിലെ ആദ്യ ഫ്രീകിക്ക് മൂന്നാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിനാണ് ലഭിച്ചത്. കിക്കെടുക്കുന്നതില്‍ തന്നെ ആശയക്കുഴപ്പം. മെഹ്താബ് കിക്കിന് തയ്യാറായപ്പോള്‍ ബെല്‍ഫോര്‍ട്ടും കിക്കിന് തുനിഞ്ഞു. ടീമിലെ സീനിയര്‍ ആയ ഹെംഗ്ബര്‍ട് ചര്‍ച്ച ചെയ്ത് മെഹ്താബിനോട് കിക്കെടുക്കാനാവശ്യപ്പെട്ടു. ഇഷ്ഫാഖും മെഹ്താബും കിക്കിന് നിന്നപ്പോഴും ആശയക്കുഴപ്പം. രണ്ട് പേരും ധാരണയില്ലാതെ നിന്നു, പെട്ടെന്ന് മെഹ്താബ് അലക്ഷ്യമായൊരു കിക്കെടുത്തു.
ബ്ലാസ്റ്റേഴ്‌സ് നിനച്ചിരിക്കാതെ കിട്ടുന്ന പന്തുകളുമായി കൗണ്ടര്‍ അറ്റാക്കിംഗ് നടത്തിയപ്പോള്‍ കൊല്‍ക്കത്ത വ്യക്തമായ പദ്ധതികളോടെ ഗോള്‍ അന്വേഷിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഗോളി ഗ്രഹാം സ്റ്റാക്കിനെ പരീക്ഷിക്കാന്‍ പോന്ന ഒരു ഷോട്ട് പോലും ആദ്യ ഇരുപത് മിനുട്ടിനുള്ളില്‍ കൊല്‍ക്കത്ത താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാഞ്ഞത് ആതിഥേയ ടീമിന്റെ ഭാഗ്യം.
ബെല്‍ഫോര്‍ട്ടിലൂടെ എട്ടാം മിനുട്ടിലും പത്താം മിനുട്ടിലും ബ്ലാസ്റ്റേഴ്‌സ് മികച്ച കൗണ്ടര്‍ അറ്റാക്കിംഗ് നടത്തി. ആദ്യത്തെ ശ്രമം സി കെ വിനീതിന് പന്ത് നിയന്ത്രിക്കുന്നതില്‍ വന്ന വീഴ്ചയില്‍ വിഫലമായപ്പോള്‍ രണ്ടാമത്തേതില്‍ ബെല്‍ഫോര്‍ട്ട് മുഹമ്മദ് റാഫിക്ക് ബോക്‌സിനുള്ളില്‍ സുവര്‍ണാവസരമൊരുക്കി. റാഫിയുടെ ഉന്നം നോക്കിയുള്ള അടി വലയിലേക്ക് പറക്കും മുമ്പെ കൊല്‍ക്കത്തയുടെ സ്പാനിഷ് സെന്റര്‍ബാക്ക് ലൂയിസ് അരോയോ പുല്‍ത്തകിടിയില്‍ ഒലിച്ചു വന്ന് ബ്ലോക്ക് ചെയ്തു.
ഇതിന് ശേഷം കൊല്‍ക്കത്തക്കാര്‍ ഇരച്ചു കയറുന്ന കാഴ്ചയായിരുന്നു. ഹ്യൂമും പോസ്റ്റിഗയും വണ്‍ ടച് കളിച്ച് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖംവിറപ്പിച്ചതിന് പിന്നാലെ റാല്‍റ്റെയുടെ പാസില്‍ സമീഹ് ദൗത്തി പോസ്റ്റിലേക്ക് ഉന്നം വെച്ചു. ഇത് ഗോളി ഗ്രഹാം സ്റ്റാക്കിന് നേരെയായതോടെ അപകടം ഒഴിവായി.
ബെല്‍ഫോര്‍ട്ടിന്റെ ഫ്രീകിക്കിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിന് ഇതിനെല്ലാം ഒന്നിച്ച് മറുപടിനല്‍കിയത്. കിക്കിന് വേഗമുണ്ടായിരുന്നെങ്കിലും ക്രോസ്ബാറിന് മുകളിലൂടെ മൂളിപ്പറന്നു.
റാല്‍റ്റെ മധ്യഭാഗത്ത് നിന്ന് തന്ത്രപൂര്‍വം വെച്ച് നീട്ടുന്ന പന്തുകള്‍ വലത് വിംഗില്‍ ദൗത്തിയുടെ പാതയിലെത്തുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉലഞ്ഞു. ഇരുപത്തിമൂന്നാം മിനുട്ടില്‍ ദൗത്തി വലത് വിംഗില്‍ നിന്ന് നല്‍കിയ പാസ് പോസ്റ്റിഗ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടാക്കി. സ്റ്റാക്ക് കാഴ്ചക്കാരനായി നിന്നപ്പോള്‍ പന്ത് പുറത്തേക്ക്.

രണ്ടാം പകുതിയില്‍
മികച്ച ഒത്തിണക്കത്തോടെ കൊല്‍ക്കത്തയാണ് രണ്ടാം പകുതിയിലും അര്‍ഥവത്തായ നീക്കങ്ങള്‍ക്ക് കോപ്പ് കൂട്ടിയത്. ഹെയ്തി സ്‌ട്രൈക്കര്‍ ഡക്കന്‍സ് നാസന്‍ പ്രതിഭാസ്പര്‍ശമുള്ള നീക്കങ്ങള്‍ നടത്തിയതൊഴിച്ചാല്‍ കാര്യമായ ചലനമുണ്ടാക്കാന്‍ മഞ്ഞപ്പടക്ക് സാധിച്ചില്ല. ഇതിനിടെ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലില്‍ കൊല്‍ക്കത്തയുടെ ഗോള്‍ സ്‌കോറര്‍ സെറെനോയുടെ തല പൊട്ടി. ബാന്‍ഡേജിട്ടാണ് പിന്നീട് സെറേനോ കളിച്ചത്. ക്ഷീണിതനായ പോസ്റ്റിഗയെ തിരിച്ചുവിളിച്ച കൊല്‍ക്കത്ത കോച്ച് മൊളിന സ്പാനിഷ് താരം യാവി ലാറയെ കളത്തിലിറക്കി.
ലീഗ് റൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയില്‍ വിജയഗോളടിച്ചത് ലാറയായിരുന്നു. സെറ്റ്പീസുകളുമായി കൊല്‍ക്കത്ത കളം നിറഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍ തുടരെ രണ്ട് സബ്സ്റ്റിറ്റിയൂഷന്‍ ചെയ്ത് ടീമിന്റെ ഊര്‍ജം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു.
മുഹമ്മദ് റാഫിക്ക് പകരം മുഹമ്മദ് റഫിഖും ഡക്കന്‍സ് നാസന് പകരം അന്റോണിയോ ജെര്‍മനും. എന്നിട്ടും അവസാന മിനുട്ടുകളില്‍ കൊല്‍ക്കത്തക്കാര്‍ സ്റ്റേഡിയം നിറഞ്ഞു നില്‍ക്കുന്ന മഞ്ഞക്കുപ്പായക്കാരുടെ നെഞ്ചിടിപ്പേറ്റിക്കൊണ്ടിരുന്നു. പ്രതിരോധത്തില്‍ ഉറച്ച് നിന്ന് പൊരുതിയ ഹെംഗ്ബര്‍ട്ട് ആണ് അവസാന മിനുട്ടില്‍ ഗോള്‍ വഴങ്ങാതെ മത്സരം അധികസമയത്തേക്ക് നീട്ടിയെടുത്തത്.

അധികസമയത്തെ കളി
സബ്സ്റ്റിറ്റിയൂഷന്‍ എല്ലാം തീര്‍ന്നതോടെ ബ്ലാസ്റ്റേഴ്‌സിന് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. ആള്‍ബലം കുറയാതെ നോക്കുക, പ്രതിരോധിക്കുക, പൊരുതുക. ഇതിനിടെ ഇഷ്ഫാഖ് അഹമ്മദും സന്ദേശ് ജിങ്കനും മഞ്ഞക്കാര്‍ഡ് കണ്ടു. കൊല്‍ക്കത്ത കോച്ച് തലക്ക് പരുക്കേറ്റ ഡിഫന്‍ഡര്‍ സെറെനോയെ പിന്‍വലിച്ച് ബോട്‌സ്വാന താരം നാറ്റോയെ പ്രതിരോധത്തിലിറക്കി.
അധിക സമയത്ത് ഗോള്‍ വഴങ്ങാതിരിക്കുക എന്ന ജാഗ്രത ഇരുകൂട്ടരും കാണിച്ചു. എന്നാല്‍, 118ാം മിനുട്ടില്‍ ബോക്‌സിനുള്ളിലേക്ക് വെട്ടിച്ച് കടന്ന് ബെല്‍ഫോര്‍ട്ട് തൊടുത്ത ഷോട്ട് ജുവെല്‍ ബ്ലോക്ക് ചെയ്തു. ഇതായിരുന്നു മത്സരത്തിലെ അവസാന ഷോട്ട്.

തന്ത്രങ്ങള്‍..മറുതന്ത്രങ്ങള്‍…
സെമിയില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് കോച്ച് സ്റ്റീവ് കോപ്പല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ കളിക്കാനിറക്കിയത്. സസ്‌പെന്‍ഷനിലായ ഹൊസു പ്രിറ്റോക്ക് പകരം പരിചയ സമ്പന്നനായ വെറ്ററന്‍ താരം ഇഷ്ഫാഖ് അഹമ്മദിനെയാണ് ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കൊണ്ടു വന്നത്. ഗോള്‍ കീപ്പറായി സന്ദീപ് നന്ദിക്ക് പകരം മുന്‍ ആഴ്‌സണല്‍ താരം ഗ്രഹാം സ്റ്റാക്കിനും നറുക്ക് വീണു.
4-4-1-1 ശൈലിയാണ് കോപ്പല്‍ തിരഞ്ഞെടുത്തത്. ഡക്കന്‍സ് നാസന്‍ മുഖ്യസ്‌ട്രൈക്കറും മുഹമ്മദ് റാഫി സപ്പോര്‍ട്ടിംഗ് സ്‌ട്രൈക്കറായും നിരന്നപ്പോള്‍ ഇടത് വിംഗില്‍ ബെല്‍ഫോര്‍ട്ടും വലത് വിംഗില്‍ മലയാളി താരം സി കെ വിനീതും. മിഡ്ഫീല്‍ഡില്‍ ചാഡിന്റെ അസ്‌റാക്ക് മഹമദും മെഹ്താബ് ഹുസൈനും. പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്കുകളായി ഹെംഗ്ബര്‍ട്ടും ക്യാപ്റ്റന്‍ ഹ്യൂസും. വിംഗ്ബാക്കുകളായി ഇഷ്ഫാഖും ജിങ്കനും.

ഇയാന്‍ ഹ്യൂമിനെ മുന്നില്‍ നിര്‍ത്തിയാണ് കൊല്‍ക്കത്ത കോച്ച് ഹൊസെ മൊളിന 4-4-1-1 ഫോര്‍മേഷനൊരുക്കിയത്. സപ്പോര്‍ട്ടിംഗ് സ്‌ട്രൈക്കറായി മാര്‍ക്വു താരം ഹെല്‍ഡര്‍ പോസ്റ്റിഗ. ഇടത് വിംഗില്‍ ലാല്‍റിന്‍ഡിക റാല്‍റ്റെയും വലത് വിംഗില്‍ സമീഹ് ദൗത്തിയും. മിഡ്ഫീല്‍ഡില്‍ ക്യാപ്റ്റന്‍ ബോറിയ ഫെര്‍നാണ്ടസിനൊപ്പം ജുവെല്‍ രാജ ഷെയ്ക്. കീഗന്‍ പെരേര ലെഫ്റ്റ് ബാക്കിലും പ്രിതം കോത്തല്‍ റൈറ്റ്ബാക്കിലും കളിച്ചപ്പോള്‍ സെന്റര്‍ ബാക്ക് പൊസിഷനില്‍ പോര്‍ച്ചുഗലിന്റെ സെറെനോയും സ്‌പെയിനിന്റെ ലൂയിസ് അരോയോയും.