അന്തരീക്ഷ മലിനീകരണം: ചൈനയിലെ 23 നഗരങ്ങളില്‍ റെഡ്അലര്‍ട്ട്

Posted on: December 17, 2016 11:51 pm | Last updated: December 17, 2016 at 11:51 pm

ബീജിംഗ്: കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ തലസ്ഥാനമായ ബീജിംഗ് ഉള്‍പ്പെടെ 23 നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ആകാശം കനത്ത പുകയാല്‍ മൂടപ്പെട്ടതോടെയാണ് വാഹന നിയന്ത്രമുള്‍പ്പെടെയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചത്.
റെഡ് അലര്‍ട്ടിന്റെ ഭാഗമായി കാറുകള്‍ റോഡിലിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും കെ ജി, പ്രൈമറി സ്‌കൂളുകള്‍ അടച്ചിടാനും നിര്‍ദേശമുണ്ട്. ഫാക്ടറികളില്‍ നിന്ന് പുക പുറത്തുവിടുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. ശൈത്യകാലമായതിനാല്‍ പുക നിറഞ്ഞ മഞ്ഞ് അന്തരീക്ഷത്തില്‍ രൂപപ്പെട്ടതോടെയാണ് ബീജിംഗില്‍ കഴിഞ്ഞ ദിവസം റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തിയത്. പുക മഞ്ഞിനാല്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ചവരെ ബീജിംഗില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. എല്ലാ റോഡ് നിര്‍മാണങ്ങളും അറ്റകുറ്റപ്പണികളും നിര്‍ത്തിവെക്കാനും ഉത്തരവുണ്ട്.
തലസ്ഥാനത്തെ വായു കനത്ത തോതില്‍ മലിനീകരിക്കപ്പെട്ടിരിക്കുകയാണെന്ന് ബീജിംഗിലെ അന്തരീക്ഷ നിരീക്ഷണ കേന്ദ്രം പറഞ്ഞു. റെഡ് അലര്‍ട്ടിന്റെ പാശ്ചാത്തലത്തിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടൊയെന്ന് കണ്ടെത്തുന്നതിന് അധികൃര്‍ പരിശോധന നടത്തുന്നുണ്ട്.