ഭാര്യയെ കൊലപ്പെടുത്തിയ മലയാളിക്ക് ജര്‍മനിയില്‍ 12 വര്‍ഷം തടവ് ശിക്ഷ

Posted on: December 17, 2016 5:58 am | Last updated: December 16, 2016 at 11:59 pm
SHARE

അങ്കമാലി: ജര്‍മനിയില്‍ താമസിക്കുന്ന അങ്കമാലി സ്വദേശികളായ ദമ്പതികളുടെ മകളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ 12 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. അങ്കമാലി സ്വദേശികളായ കിഴക്കേടത്ത് സെബാസ്റ്റ്യന്റെയും ഭാര്യ റീത്തയുടെയും ഏകമകളായ ജാനറ്റിനെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് റെനെ ഫെര്‍ഹോവനെ ജര്‍മനിയിലെ ഡ്യൂയിസ് ബുര്‍ഗ് ജില്ലാ കോടതി ശിക്ഷിച്ചത്. കൊലപാതകം നടത്തിയത് പ്രതി തന്നെയാണെന്ന് കോടതി കണ്ടെത്തി. മൂന്ന് പ്രാവശ്യം വിസ്താരം പൂര്‍ത്തിയാക്കിയ കേസിന്റെ വിധിന്യായം കേള്‍ക്കാന്‍ ജാനറ്റിന്റെ സുഹൃത്തുക്കളായ 25 ഓളം മലയാളികളും പ്രതിയായ റെനെ ഫെര്‍ഹോവന്റെ മാതാവും സഹോദരിയും മകളും കോടതി മുറിയില്‍ എത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 12നാണ് ജാനറ്റ് കൊല്ലപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ കൊല നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചിരുന്നു.

ശ്വാസം മുട്ടിച്ചും ഇലക്ട്രിക് വയറു കൊണ്ട് കഴുത്ത് വരിഞ്ഞ് മുറുക്കിയും കഴുത്തിന് പിന്നില്‍ കറിക്കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചും കൊലപ്പെടുത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here