പാക്കേജ് ടീച്ചര്‍ക്ക് പാക്കേജില്‍…

Posted on: December 17, 2016 6:15 am | Last updated: December 16, 2016 at 11:16 pm

പാക്കേജ് എന്ന വാക്ക് കേള്‍ക്കാത്തവരുണ്ടാകില്ല. പൊതി, ഭാണ്ഡം എന്നാണ് അര്‍ഥം. വരള്‍ച്ചയാണ്, സംസ്ഥാനത്തിന് പാക്കേജ് വേണം എന്ന് പറഞ്ഞാല്‍, പൊതി എന്തെങ്കിലും തരണമെന്നാണ്. പൊതിക്കായി ചിലപ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകാനും ഇടയുണ്ട്. പൊതിയില്‍ എന്തെങ്കിലും ഉണ്ടായാല്‍ നന്നായി. അല്ലെങ്കില്‍ ഒഴിഞ്ഞ ഭാണ്ഡവുമായി തിരിച്ചുവന്ന് എന്ന് പറയേണ്ടിവരും.

മഴക്കെടുതി നേരിടാനും പാക്കേജ് പ്രഖ്യാപിക്കാറുണ്ട്. തളര്‍ന്നുകിടക്കുന്ന പരമ്പരാഗത വ്യാവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാക്കേജ്, സാമ്പത്തത്തിക മാന്ദ്യം നേരിടാന്‍ പാക്കേജ് അങ്ങനെ എന്തിനും ഏതിനും പാക്കേജ്. നമ്മുടെ ആനവണ്ടിക്കാര്‍ പ്രതിസന്ധിയിലാണ്. ചില്ലറയല്ല, പ്രശ്‌നം. ശമ്പളം വൈകുന്നു, പെന്‍ഷന്‍ വൈകുന്നു. പണമില്ല പെട്ടിയില്‍. ഇവര്‍ക്ക് നടുനിവര്‍ക്കാന്‍ പാക്കേജുണ്ടായാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ കട്ടപ്പുറം തന്നെ ശരണം.
അധ്യാപകര്‍ക്ക് വന്നത് നന്നായെന്ന് എല്ലാവരും സമ്മതിക്കും. രാവിലെ വരുന്നു, പഠിപ്പിക്കുന്നു, പോകുന്നു. ശമ്പളമില്ലാതെ ഗുരുനാഥന്‍മാര്‍. നോട്ടില്ലാത്ത കാലം. സ്‌കൂളില്‍ ചേര്‍ന്നെങ്കിലും നിയമനാംഗീകാരം കിട്ടാത്ത അധ്യാപകര്‍ക്ക് പാക്കേജിലൂടെയാണ് നിയമനം ലഭിച്ചത്. മൂന്നും നാലും വര്‍ഷം പുറത്ത് നിന്നവരാണ് അകത്തായത്. അവരാണ് പാക്കേജ് അധ്യാപകര്‍.
വിനോദയാത്രക്കുമുണ്ട് പാക്കേജുകള്‍. മൂന്ന് പകല്‍, രണ്ട് രാത്രി എന്നാണ് കണക്ക്. അല്ലെങ്കില്‍ അഞ്ച് പകല്‍, നാല് രാത്രി എന്നാകാം. എല്ലാ ചെലവുമടക്കം എത്രയാകുമെന്ന് മുന്‍കൂട്ടി അറിയാം. ടൂര്‍ പാക്കേജ്. നമ്മുടെ കീശക്ക് ചേരുന്ന പാക്കേജുകള്‍. നമ്മുടെ ആശക്ക് ചേരുന്ന പാക്കേജുകള്‍. ലഗേജുമായി ചെന്നാല്‍ മതി എല്ലാം പാക്കേജിലുണ്ടാകും.
രോഗികള്‍ക്കുമുണ്ടത്രേ പാക്കേജുകള്‍! ഇങ്ങനെ പറഞ്ഞുകേട്ടതാണ്. സൗകര്യങ്ങള്‍ക്കനുസരിച്ച് വിവിധതരം പാക്കേജുകള്‍ രോഗികള്‍ക്ക് ലഭ്യമാണത്രേ. ജനറല്‍ വാര്‍ഡ്, ഒരു മുറിയില്‍ രണ്ട് രോഗികള്‍, ഒരു രോഗിക്ക് ഒരു മുറി എന്നിങ്ങനെ സൗകര്യങ്ങള്‍. നിലയും വിലയും അനുസരിച്ച് തുകയും മാറും.

ഇങ്ങനെയും കേള്‍ക്കുന്നുണ്ട്, പ്രസവത്തിനുമുണ്ട് പാക്കേജ്. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ആധുനിക സൗകര്യങ്ങള്‍ക്കനുസരിച്ച് വിവിധതരം പാക്കേജുകള്‍. അതായത്, പ്രസവിച്ചുകഴിഞ്ഞാല്‍ കുട്ടിയെയും അമ്മയെയും ഒരു പൊതിയിലാക്കി ഇങ്ങ് തരും. അത്ര തന്നെ. നമ്മള്‍ പണം പൊതിഞ്ഞങ്ങ് കൊടുത്താല്‍ മതി. അപ്പോള്‍ നേരത്തെ പാക്കേജിലൂടെ ജോലി കിട്ടിയ അധ്യാപികക്കുമാകാം പ്രസവ പാക്കേജ്. അപ്പോള്‍ പറയാം, പാക്കേജ് ടീച്ചര്‍ക്ക് പാക്കേജില്‍ സുഖപ്രസവം! ഇനി ഈ കുട്ടിക്ക് എല്‍ കെ ജി മുതല്‍ എന്‍ട്രന്‍സ് വരെ പഠിക്കാനും പാക്കേജുണ്ടാകും. നാട്ടുകാര്‍ പറയും പാക്കരന്റെ പാക്കേജ് കുട്ടി!
നോട്ടുമാറ്റത്തിലൂടെ നാട് കുട്ടിച്ചോറായിക്കിടക്കവെ, സര്‍ക്കാര്‍ ഓണ്‍ലൈന്‍ പാക്കേജുമായി രംഗത്ത്. കാര്‍ഡ് വഴി പണം ചെലവാക്കിയാല്‍ ആനുകൂല്യമുണ്ടെന്നാണ് അറിയിപ്പ്. ബേങ്ക് ജീവന ക്കാര്‍ക്ക് പാക്കേജ് വരുന്നു. വി ആര്‍ എസ് എന്ന് പറയും. വേഗം രാജിവെച്ച് സ്ഥലം വിട്ടോ എന്ന് മലയാളം. ആനുകൂല്യപ്പൊതിയാണ്. അല്ലെങ്കില്‍ ഭാണ്ഡം. അന്യ സംസ്ഥാനത്ത് പോയി ജോലി ചെയ്‌തോ എന്ന്.
നോട്ടുമാറ്റം വന്നതിന് ശേഷം ഗൗരവാനന്ദന്‍ ആകെ നിരാശയിലാണ്. ചായക്കടയില്‍ പഴയ ആവേശമില്ല. ആരെങ്കിലും ചായ കുടിച്ചാലായി. തരുന്നതോ, രണ്ടായിരത്തിന്റെ നോട്ട്. കച്ചവടം ഡൗണാണ്. ഒന്നും നടക്കുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ പാക്കേജ് വരുമോ?