Connect with us

International

നോട്ട് അസാധുവാക്കിയ വെനിസ്വേല കലാപത്തിന്റെ വക്കിലെന്ന്

Published

|

Last Updated

അസാധുവാക്കിയ 100 ബോളിവര്‍ നോട്ടുകള്‍ മാറ്റിവാങ്ങാനായി കാരകസിലെ ബേങ്കിന് മുമ്പില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങള്‍

കരാകസ്: നോട്ട് നിരോധത്തിനെ തുടര്‍ന്ന് ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സമാനമായ ജനരോഷം വെനിസ്വേലയിലും. ഏറ്റവും വലിയ നോട്ടായ 100 ബോളിവര്‍ നിരോധിച്ച വെനിസ്വേലയില്‍ നോട്ട് മാറ്റാന്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. എ ടി എമ്മിലൂടെ നിരോധിച്ച നോട്ടുകള്‍ വരുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. സാമ്പത്തിക, രാഷ്ട്രീയ നയത്തെ തുടര്‍ന്ന് പ്രസിഡന്റ് നിക്കോളസ് മദുറോക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊളംബിയന്‍ അതിര്‍ത്തി വഴി രാജ്യത്തേക്ക് വ്യാപകമായ തോതില്‍ കള്ളപ്പണം എത്തുന്നുണ്ടെന്നും ഇത് മൂലം പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് പ്രസിഡന്റ് മദുറോ നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഞയാറാഴ്ചയായിരുന്നു ഉത്തരവ്. 72 മണിക്കൂറിനുള്ളില്‍ നോട്ട് അസാധുവാണെന്നും ബുധനാഴ്ച മുതല്‍ പത്ത് ദിവസത്തേക്ക് നോട്ട് മാറ്റാനുള്ള സൗകര്യം ബേങ്കുകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ നോട്ട് ഉടന്‍ തന്നെ ബേങ്കുകളിലെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അയല്‍ രാജ്യത്ത് നിന്നെത്തുന്ന കള്ളനോട്ട് മാഫിയകളെ നിയന്ത്രിക്കാനും അവര്‍ക്കെതിരെ പോരാട്ടം നടത്താനുമാണ് നോട്ട് അസാധുവാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ബ്രസീല്‍, കൊളംബിയ അതിര്‍ത്തി വെനിസ്വേല അടച്ചിട്ടുണ്ട്. നോട്ട് കൈമാറാനുള്ള സൗകര്യം പൂര്‍ണമായും എടുത്ത് കളഞ്ഞാല്‍ മാത്രമെ അതിര്‍ത്തി തുറക്കുകയുള്ളു.

അതിനിടെ, നിരോധിച്ച നോട്ടുകള്‍ എ ടി എമ്മിലൂടെ കിട്ടുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കി. എ ടി എമ്മില്‍ നിന്ന് ലഭിച്ച നോട്ടുമായി ജനങ്ങള്‍ രോഷത്തോടെയാണ് കറന്‍സി മാറാനായി ബേങ്കുകളിലേക്ക് ഓടുന്നത്. ജനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് പലയിടങ്ങളിലും സംഘര്‍ഷാവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ബേങ്കുകള്‍ക്ക് മുന്നിലെ തിരക്കും സംഘര്‍ഷവും കണക്കിലെടുത്ത് സായുധരായ പോലീസും പട്ടാളവും അണിനിരന്നിട്ടുണ്ട്.