തൃശൂര്‍ സ്വദേശി കോട്ടയത്ത് ക്രൂര റാഗിംഗിനിരയായി; വൃക്കകള്‍ തകര്‍ന്നു

Posted on: December 16, 2016 11:20 pm | Last updated: December 16, 2016 at 11:20 pm

തൃശൂര്‍: പോളിടെക്‌നിക് വിദ്യാര്‍ഥി കോട്ടയത്ത് ക്രൂരമായ റാഗിംഗിനിരയായി. കോട്ടയം നാട്ടകം ഗവ. പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഇരിങ്ങാലക്കുട സ്വദേശി ഊടന്‍ വീട്ടില്‍ അവിനാശാണ് കോളജ് ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗിനിരയായത്. അവിനാശിന്റെ വൃക്കകള്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര പീഡനത്തില്‍ തകര്‍ന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഈ മാസം രണ്ടിന് സീനിയര്‍ വിദ്യാര്‍ഥികള്‍ അവിനാശിനെ ബലമായി വിളിച്ച് കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തി പൂര്‍ണ നഗ്നനാക്കി വെളുപ്പിന് മൂന്ന് മണി വരെ കഠിനമായ വ്യായാമ മുറകള്‍ ചെയ്യിപ്പിക്കുകയുമായിരുന്നു. അമിതമായ അളവില്‍ വെളുത്ത പൊടി കലക്കിയ മദ്യം കുടിപ്പിക്കുകയും നിര്‍ബന്ധിച്ച് ഡാന്‍സ് ചെയ്യിപ്പിക്കുകയും പാട്ട് പാടിക്കുകയും ചെയ്തതായി അവിനാശ് പറയുന്നു.

മദ്യത്തില്‍ വിഷാംശം കലര്‍ന്നതുകൊണ്ടാണ് അവിനാശിന്റെ വൃക്കകള്‍ തകരാറിലായത്. വിഷയം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം മാനസികമായും ശാരീരികമായും തകര്‍ന്ന് അവിനാശ് വീട്ടിലെത്തുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ക്ലിനിക്കില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. തുടര്‍ന്ന് ഒളരി മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നെഫ്രോളജി വിദഗ്ധന്‍ ഡോ. പി എം ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഹോസ്റ്റലില്‍ വെച്ചുണ്ടായ ശാരീരിക പീഡനത്തില്‍ വൃക്കക്ക് തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വൃക്ക തകരാറിലായ അവിനാശിനെ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണ്. സംഭവം സംബന്ധിച്ച് അവിനാശിന്റെ പിതാവ് കണ്ടാലറിയാവുന്ന ഒരു വിദ്യാര്‍ഥിയുള്‍പ്പെടെ ഒമ്പത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപെട്ട് കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കി.—