കുടിയേറ്റ അനുകൂലിയെ ഇസ്‌റാഈല്‍ അംബാസഡറാക്കാന്‍ ട്രംപ് ഒരുങ്ങുന്നു

Posted on: December 16, 2016 11:46 pm | Last updated: December 16, 2016 at 11:46 pm

വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്‌റാഈലിലെ അമേരിക്കന്‍ അംബാസഡറായി കടുത്ത ഇസ്‌റാഈല്‍ അനുകൂലിയായ ഡേവിഡ് ഫ്രീഡ്മാനെ നോമിനേറ്റ് ചെയ്യും. കിഴക്കന്‍ ജറുസലേമുള്‍പ്പെടെ കൈയേറ്റ വെസ്റ്റ് ബാങ്കിലും അന്താരാഷ്ട്ര നിയമം ലംഘിച്ച് ഇസ്‌റാഈല്‍ നിര്‍മിച്ച അനധിക്യത കുടിയേറ്റ കേന്ദ്രങ്ങളെ പിന്തുണക്കുന്ന ഫ്രീഡ്മാന് യാതൊരു നയതന്ത്ര പരിചയവും ഇല്ലായെന്നതാണ് ശ്രദ്ധേയം.

ഇസ്‌റാഈല്‍ കൈയടക്കിവെച്ചിരിക്കുന്ന ഫലസ്തീന്‍ മേഖലയിലെ കുടിയേറ്റ കേന്ദ്രങ്ങളിലെമ്പാടുമായി 530,000ലധികം ഇസ്‌റാഈലികള്‍ കഴിയുന്നുണ്ടെന്ന് ഇസ്‌റാഈല്‍ മനുഷ്യാവകാശ സംഘടനയായ ബി സെലം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈലിന്റെ ശാശ്വത തലസ്ഥാനമായ ജറുസലേമിലെ അമേരിക്കന്‍ എംബസിയിലായിരിക്കും താന്‍ പ്രവര്‍ത്തിക്കുകയെന്ന കഴിഞ്ഞ ദിവസം പറഞ്ഞ ഫ്രീഡ്മാന്റെ വാക്കുകള്‍ ഒരു മുന്നറിയിപ്പാണ്.

ടെല്‍അവീവിലാണ് നിലവില്‍ അമേരിക്കന്‍ എംബസി പ്രവര്‍ത്തിക്കുന്നത്. അമേരിക്കയും ഇസ്‌റാഈലും തമ്മിലുള്ള പ്രത്യേക ബന്ധം നിലനിര്‍ത്താന്‍ ഫ്രീഡ്മാന് കഴിയുമെന്ന് ട്രംപ് പറഞ്ഞു.