Connect with us

Qatar

നബി (സ) കരയുന്നു

Published

|

Last Updated

ധീരത, മനോദൃഢത, സ്ഥൈര്യം, പ്രതിരോധ ശക്തി എന്നിവയിലെല്ലാം അസാധാരണമായ ശക്തി പ്രകടനങ്ങള്‍ നബി (സ)യുടെ ജീവിതത്തില്‍ കാണാം. ശത്രുവിനെ ചെറുക്കാനും തറപറ്റിക്കാനും അവിടുന്ന് കാഴ്ചവെച്ച ധീരതയും യുദ്ധവേളകളിലും മറ്റും ശത്രുവിന്റെ മുന്നില്‍ അടി പതറാതെയുള്ള ചെറുത്തു നില്‍പ്പും ധാരാളം. അതേസമയം സ്‌നേഹം, കാരുണ്യം, വാത്സല്യം, ആര്‍ദ്രത, ദയാവായ്പ് എന്നീ ലോല ഭാവങ്ങളും തിരുനബിയുടെ മുഖമുദ്രയായിരുന്നു.

യുദ്ധക്കളത്തില്‍ ശത്രുവിനു നേരെ സിംഹഗര്‍ജനം നടത്തി പതറാതെ അടരാടുന്ന തിരുനബി, അതേ യുദ്ധക്കളത്തില്‍ തന്നെ പരുക്കേറ്റ് രക്തമൊലിക്കുന്ന അനുയായികളെ കാണുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ തേങ്ങിയിട്ടുണ്ട്. ദുഃഖാര്‍ഥമായ രംഗങ്ങളിലും അശ്രു കണങ്ങളൊഴുകി പൊട്ടിക്കരയുന്ന ലോല മനസ്‌കനായ നബി (സ)യുടെ നിരവധി ഭാവങ്ങള്‍ അവിടുത്തെ ശിഷ്യര്‍ നിവേദനം ചെയ്തിട്ടുണ്ട്. ചെറുപ്പക്കാലത്തുണ്ടായ സ്‌നേഹമസൃണമായ ഒരനുഭവത്തെ അനുസ്മരിച്ചു അമ്പത് വയസ് പിന്നിട്ട ശേഷം കരഞ്ഞ പ്രവാചകനെ സ്വഹാബികള്‍ സമാശ്വസിപ്പിച്ചിട്ടുണ്ട്. രോഗ കാഠിന്യത്താല്‍ വേദനയനുഭവിക്കുന്ന ഒരു സഹചാരിയുടെ ചാരത്തിരുന്ന് നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുന്ന പ്രവാചകരുടെ ചരിത്രവും കാണാം.
നബി(സ)യുടെ 62ാം വയസ്സില്‍ പ്രശസ്തമായ ഹജ്ജ് യാത്ര. പതിനായിരക്കണക്കിന് അനുചരന്മാര്‍ പങ്കെടുത്ത ആഹ്ലാദം തിരതല്ലുന്ന തീര്‍ഥാടനം. വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനും വലിയൊരു ജന സമൂഹത്തിന്റെ അനിഷേധ്യനായ നേതാവുമായ തിരുനബി(സ), ജയിച്ചടക്കിയ വിശുദ്ധ മക്കാഭൂമിയിലേക്ക് ആത്മ നിര്‍വൃതിയോടെ ഹജ്ജ് കര്‍മ്മത്തിനായി പോകുന്നു. യാത്രാ സംഘം വഴിമധ്യേ “അബവാഅ്” മരുഭൂമിയിലെത്തിച്ചേരുന്നു. പുണ്യപ്രവാചകരുടെ മനസ്സുണര്‍ന്നു. ഓര്‍മകള്‍ ഗതകാല സ്മൃതികളിലേക്ക് ഊളിയിട്ടു. നഷ്ടപ്പെട്ടുപോയ മാതൃസ്‌നേഹത്തിന്റെ നോവുണര്‍ത്തുന്ന നൊമ്പരം ആ മനസ്സില്‍ ഓളം വെട്ടി.

ലോകം തന്നെ ജയിച്ചടക്കിയാലും കയറിവന്ന പടവുകളും തന്റെ പഴയ കാലവും മറക്കുന്നത് മഹത്തുക്കള്‍ക്ക് ഭൂഷണമല്ല എന്ന് തെളിയിക്കുന്ന സംഭവമാണ് പിന്നീടുണ്ടായത്. തീര്‍ഥാടക സംഘത്തിന് ഒരിടത്ത് വിശ്രമിക്കാന്‍ നിര്‍ദേശം നല്‍കിയ പ്രവാചകന്‍ തന്റെ ഏറ്റവുമടുത്ത ചില സുഹൃത്തുക്കളോടൊപ്പം അനന്തമായ മരുഭൂമിയിലൂടെ നടന്നു. ഒരു പ്രത്യേക സ്ഥാനത്തെത്തിയപ്പോള്‍ പ്രവാചകന്‍ ശാന്തഭാവത്തോടെ നമ്രശിരസ്‌കനായി നില്‍പ്പുറപ്പിച്ചു, പ്രാര്‍ഥനാ നിരതനായി. നിമിഷങ്ങള്‍ക്കകം കണ്ണുനീര്‍ ധാരയായി ഒഴുകി. നിയന്ത്രിക്കാനാകാതെ ഉറക്കെ കരയുകയാണ്. അനുകമ്പയോടെ സഹചരന്മാര്‍ നബിയെ സാന്ത്വനിപ്പിച്ചുകൊണ്ട് കാരണം തിരക്കി. അവിടുന്ന് നല്‍കിയ മറുപടി ഹൃദയവര്‍ജകമായിരുന്നു, “”കൂട്ടുകാരെ, ഇവിടെയാണെന്റെ പ്രിയ മാതാവ് അന്ത്യവിശ്രമം കൊള്ളുന്നത്.””

---- facebook comment plugin here -----

Latest