സോളാര്‍ കേസ്: സരിതക്കും ബിജുവിനും മൂന്നുവര്‍ഷം തടവ്

Posted on: December 16, 2016 1:36 pm | Last updated: December 16, 2016 at 5:26 pm

പെരുമ്പാവൂര്‍: ആദ്യ സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ആരോപണവിധേയരായ നടി ശാലു മേനോനേയും അമ്മയേയും ടീം സോളാറിന്റെ ഒരു ജീവനക്കാരനേയും വെറുതേവിട്ടു.

തട്ടിപ്പിനിരയായ സജാദ് നല്‍കിയ കേസിലാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്. മുടിക്കല്‍ സ്വദേശിയായ സജാദിന് സൗരോര്‍ജ പ്ലാന്റ് വാഗ്ദാനം ചെയ്ത് ടീം സോളാര്‍ 40 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണിത്. കേസില്‍ ഒന്നും രണ്ടും പ്രതികളാണ് ബിജു രാധാകൃഷ്ണനും സരിത എസ് നായരും.