ഇംപീച്ച്‌മെന്റ് ഭീഷണി ഉയര്‍ത്തി പ്രതിപക്ഷം

Posted on: December 16, 2016 8:37 am | Last updated: December 16, 2016 at 12:38 am

മനില: മേയറായിരിക്കെ ബൈക്കില്‍ ചുറ്റി കുറ്റാരോപിതരെ കൊന്നിരുന്നെന്ന ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ പരാമര്‍ശത്തെ ചൊല്ലി വിവാദകൊടുങ്കാറ്റ്. രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്ടിനെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കടുത്ത അമേരിക്കന്‍ വിരുദ്ധ പ്രസ്താവനകളും നിലപാടുകളും പ്രകടമാക്കിയ ഡ്യൂടേര്‍ട്ടിനെതിരെ അവസരം മുതലാക്കാനുള്ള ഒരുക്കത്തിലാണ് പാശ്ചാത്യ രാജ്യങ്ങളും ചില മനുഷ്യാവകാശ സംഘടനകളും.

ഡവോ സിറ്റിയുടെ മേയര്‍ ആയിരിക്കെ താന്‍ നഗരത്തില്‍ ‘വധശിക്ഷ’ നടപ്പാക്കാറുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രസിഡന്റ് വെളിപ്പെടുത്തിയത്. ബിസിനസ് പ്രമുഖരുമായുള്ള ചര്‍ച്ചക്കിടെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. ജൂലൈയില്‍ അധികാരമേറ്റ ശേഷം മയക്കുമരുന്ന്‌വിരുദ്ധ പോരാട്ടത്തിലൂടെ രാജ്യത്ത് രണ്ടായിരത്തിലധികം പേരെ വധിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനം നേരിടുന്നതിനിടെയാണ് ഡ്യൂടേര്‍ട്ടിന്റെ വിവാദ പ്രസ്താവന.
മയക്കുമരുന്ന് മാഫിയക്കെതിരായ പോരാട്ടത്തിലും യു എസ്- പാശ്ചാത്യവിരുദ്ധ നിലപാടിലും പ്രസിഡന്റിനെ അനുകൂലിച്ച സെനറ്റര്‍മാര്‍ പലരും പുതിയ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇംപീച്ച്‌മെന്റ് ആവശ്യം ഉയര്‍ന്നുവരുന്നുണ്ടെന്ന് രണ്ട് ഫിലിപ്പൈന്‍സ് സെനറ്റര്‍മാരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കുറ്റാരോപിതരെ നേരിട്ട് വധിച്ചുവെന്ന പ്രസിഡന്റിന്റെ പ്രസ്താവന ഇംപീച്ച്‌മെന്റിനുള്ള പശ്ചാതലം ഒരുക്കിയെന്ന് കടുത്ത ഡ്യൂടേര്‍ട്ട് വിരുദ്ധനായ സെനറ്റര്‍ ലൈല ഡി ലൈമ വ്യക്തമാക്കി. പൊതുജനങ്ങളെ വഞ്ചിക്കുകയാണ് ഡ്യൂടേര്‍ട്. ഭരണഘടനാപരമായി ‘വലിയ’കുറ്റത്തിന്റെ പരിധിയിലാണ് ഇത് പെടുക. ആ അര്‍ഥത്തില്‍ നിയമപരമായി തന്നെ പ്രസിഡന്റ് ഇംപീച്ച്‌മെന്റ് നടപടി നേരിട്ടേക്കുമെന്ന് ഡി ലൈമ പറഞ്ഞു.
പ്രസിഡന്റ് സ്വയം തന്നെ വിധി നടപ്പാക്കുകയാണെങ്കില്‍ പിന്നെ നിയമത്തിന്റെ ആവശ്യമെന്താണെന്നും ഈ ഒരു പരാമര്‍ശം തന്നെ ഇംപീച്ച്‌മെന്റ് നടപടിക്ക് ധാരാളമാണെന്നും സെനറ്റിലെ നീതിന്യായ കമ്മിറ്റി മേധാവി റിച്ചാര്‍ഡ് ഗാര്‍ഡണ്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിലെ ഡ്യൂടേര്‍ട്ടിന്റെ സഖ്യ നേതാക്കള്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ഇംപീച്ച്‌മെന്റിനായി ശ്രമിക്കുന്നുണ്ട്. 493 അംഗങ്ങളുള്ള ലോവര്‍ ഹൗസ് ഓഫ് കോണ്‍ഗ്രസില്‍ മൂന്നിലൊന്ന് പേരുടെ പിന്‍ബലമുണ്ടെങ്കില്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാം. നിലവില്‍ 50 അംഗങ്ങള്‍ പ്രതിപക്ഷത്തിനുണ്ട്.

അതേസമയം, സാധാരണ നിലയിലുള്ള ഡ്യൂടേര്‍ട്ടിന്റെ വിടുവായത്തം മാത്രമാണ് വിവാദ പരാമര്‍ശമടങ്ങിയ പ്രസംഗമെന്ന് ന്യായീകരണവുമായി ഡ്യൂടേര്‍ട്ട് അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രകോപനപരമായി സംസാരിക്കുന്നതും വീമ്പ് പറച്ചിലുമാണ് ഡ്യൂടേര്‍ട്ടിന്റെ സ്ഥിരം ശൈലിയെന്നും അത്തരത്തിലൊരു പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയതെന്നും പ്രമുഖ ബിസിനസുകാരനും ഡ്യുടേര്‍ട്ടിന്റെ വിവാദ പ്രസംഗം നേരിട്ട് കേള്‍ക്കുകയും ചെയ്ത പീറ്റര്‍ വാല്ലാസ് വ്യക്തമാക്കി.
ഡ്യൂടേര്‍ട്ടിന്റെ ഇംപീച്ച്‌മെന്റിനായുള്ള പ്രക്ഷോഭങ്ങള്‍ക്കും മറ്റും പാശ്ചാത്യ രാജ്യങ്ങളുടെയും അന്താരാഷട്ര മാധ്യമങ്ങളുടെയും രഹസ്യ പിന്തുണയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഫിലിപ്പൈന്‍സും അമേരിക്കയുമായി കാലങ്ങളായി നിലനില്‍ക്കുന്ന സൈനിക, സാമ്പത്തിക ബന്ധം വിച്ഛേദിക്കാനുള്ള ശ്രമമാണ് ഡ്യൂടേര്‍ട്ട് നടത്തുന്നത്. ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളോടും നല്ല സമീപനമല്ല ഡ്യൂടേര്‍ട്ടിനുള്ളത്. അമേരിക്കയുമായുള്ള ബന്ധം വിച്ഛേദിച്ച് ചൈനയും റഷ്യയുമായി സഖ്യത്തിലാകാനാണ് ഡ്യൂടേര്‍ട്ടിന്റെ ശ്രമം.