ഡിജിറ്റല്‍ ഇടപാട്: ചെലവ് കുറക്കാന്‍ നടപടിയെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Posted on: December 16, 2016 6:45 am | Last updated: December 16, 2016 at 12:33 am

ന്യൂഡല്‍ഹി: സര്‍ക്കാറും റിസര്‍വ്‌ബേങ്കും ചേര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചെലവ് കുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി. ക്യാഷ് ലസ്സ് ഇക്കോണമി എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചെലവ് കുറച്ച് കൊണ്ടു വരുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബേങ്കും ചേര്‍ന്ന് സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞു.
ധനകാര്യമന്ത്രാലത്തിന്റെ സഭാസമതിയുടെ അഞ്ചാം യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുന്നതിനിടെയാണ് ജെയ്റ്റലി ഇക്കാര്യം പറഞ്ഞത്. ഡിജിറ്റല്‍ ഇടപാട് എന്നത് പണം ഇടപാടുകള്‍ നടത്തുന്നതിനുള്ള പകരം സംവിധാനമല്ല. മറിച്ച് ഒരു സമാന്തര രീതിയാണ്.

ക്യാഷ് ലസ്സ് സാമ്പത്തിക വ്യവസ്ഥ എന്നത് കറന്‍സിയുടെ ഉപയോഗം കുറഞ്ഞ വ്യവസ്ഥയാണ്. അല്ലാതെ പണം പൂര്‍ണമായി ഒഴിവാക്കുന്ന രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഡിജിറ്റല്‍ മേഖലയിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ ധാരാളം പ്രോത്സാഹനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 55 ശതമാനം പെട്രോള്‍ പമ്പുകളില്‍ നിന്നും സര്‍ക്കാര്‍ പ്രോത്സാഹനത്തോടൊപ്പം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടപാട് നടത്താം. ധാരാളം ജനങ്ങള്‍ ഈ സേവനം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ആര്‍ ബി ഐക്കും സര്‍ക്കാറിനും പൂര്‍ണ ബോധമുണ്ടെന്നും. ഇക്കാര്യത്തില്‍ പൂര്‍ണ സുരക്ഷ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് പ്രത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ധാരാളം അനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാവശ്യമായ മെഷീനുകള്‍ ചൈനയില്‍ നിന്നു പുറത്തിറക്കുന്ന രണ്ട് കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കിട്ടുണ്ടെന്നും ഇതു മൂലം വ്യാപരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മെഷീന്‍ ലഭ്യമാകുമെന്നും ജെയ്റ്റലി പറഞ്ഞു.