Connect with us

Editorial

ദേശീയ പാതകളിലെ മദ്യഷാപ്പുകള്‍ക്ക് നിരോധം

Published

|

Last Updated

വാഹനാപകടങ്ങളുടെ വര്‍ധനവിനിടെ ആശ്വാസമേകുന്ന വാര്‍ത്തയാണ് ദേശീയ, സംസ്ഥാന പാതകളില്‍ മദ്യഷാപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള ഇന്നലത്തെ സുപ്രീം കോടതി വിധി. റോഡപകടങ്ങളുടെ പെരുപ്പത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് മദ്യപിച്ചുള്ള ഡ്രൈവിംഗാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ദേശീയ പാതകള്‍ക്കരികിലുള്ള മദ്യശാലകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹരജിയിലാണ് ഈ പാതകള്‍ക്കരികിലെ ബീവറേജ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളടക്കമുള്ള മദ്യഷാപ്പുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ അടച്ചിടണമെന്ന്ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ദേശീയപാതയില്‍ നിന്ന് കുറഞ്ഞത് 500 മീറ്റര്‍ അകലെയായിരിക്കണം മദ്യശാലകള്‍. കോടതി തീരുമാനം യഥാവിധി നടപ്പാക്കുന്നുവെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും ഉറപ്പുവരുത്തുകയും ഇതുസംബന്ധിച്ചു ഇടക്കിടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. ദേശീയ പാതകള്‍ക്കരികിലുള്ള മദ്യഷാപ്പുകളുടെ പരസ്യങ്ങളും അറിയിപ്പ് ബോര്‍ഡുകളും നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
ഡ്രൈവര്‍മാരില്‍ പലരും മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചുമാണ് വാഹനമോടിക്കുന്നത്. യുവതലമുറ കഞ്ചാവോ വേദനസംഹാരി ഗുളികകളോ കൂടിയ തോതില്‍ അകത്താക്കി ഉന്മാദാവസ്ഥയിലാണിപ്പോള്‍ സദാസമയവും. സ്വബോധം നഷ്ടപ്പെട്ട ഈ അവസ്ഥയിലുള്ള ഡ്രൈവിംഗാണ് റോഡപകടങ്ങളുടെ പ്രധാന കാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ഇന്ത്യയിലെ വാഹനാപകടങ്ങളില്‍ 85 ശതമാനവും പരുക്കുകളില്‍ 60 ശതമാനത്തോളവും മദ്യപാനവുമായി ഏതെങ്കിലുമൊരു തരത്തില്‍ ബന്ധപ്പെട്ടതാണ്. രാജ്യത്ത് ഓരോ വര്‍ഷവും വാഹനാപകട, മരണ നിരക്കുകള്‍ വര്‍ധിച്ചുവരികയാണ്. 2014ല്‍ 4.89 ലക്ഷം വാഹനാപകടങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 1.5 ശതമാനം കൂടുതല്‍വരും. കഴിഞ്ഞ വര്‍ഷം 75,000 പേരുടെ ജീവനാണ് രാജ്യത്തെ റോഡുകളില്‍ പൊലിഞ്ഞത്.

ഇവരില്‍ 84 ശതമാനവും യുവാക്കളാണ്.15നും 34നും ഇടയില്‍ പ്രായമുള്ളവരാണ് 54 ശതമാനവും. കേരളത്തില്‍ വര്‍ഷം പ്രതി 4000 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്.
ഇതിനിടെ ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടത് പോലെ മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് പലപ്പോഴും റോഡിനെക്കുറിച്ചു കൃത്യമായ രുപം പോലുമുണ്ടായിരിക്കില്ല. വാഹനമോടിക്കുന്നവരുടെ കാഴ്ച ശക്തിയെ പോലും ബാധിക്കുന്നുണ്ട് ലഹരി. അപകടങ്ങളോ മറ്റോ ഉണ്ടാകുമ്പോള്‍, പെട്ടെന്നൊരു തീരുമാനമെടുക്കാനും അവര്‍ക്ക് സാധിക്കില്ല. ഏതാനും സമയത്തെ ഉന്മത്താവസ്ഥയും സുഖാനുഭവവും കഴിഞ്ഞാല്‍ പിന്നെ മദ്യപാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടെ ഏകാഗ്രത നഷ്ടമാവുകയും ചിന്തക്ക് വേഗത കുറയുകയും ചുറ്റുപാടുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുന്നു. കൂടുതലായി മദ്യപിക്കുന്നവരില്‍ മാത്രമല്ല, കുറഞ്ഞ തോതില്‍ മദ്യം ഉപയോഗിക്കുന്നവരിലും ഈ സ്ഥിതി കണ്ടുവരുന്നുണ്ട്. തന്റെയും തന്റെ വാഹനത്തിലുള്ളവരുടെയും റോഡിലൂടെ സഞ്ചരിക്കുന്ന കാല്‍നടക്കാരുടെയും വാഹനം കാത്തു നില്‍ക്കുന്നവരുടെയുമെല്ലാം ജീവന് ഭീഷണിയാണ് മദ്യപാനിയായ ഡ്രൈവര്‍. സ്വയം മരിക്കുകയും മറ്റുള്ളവരെ കൊല്ലുകയും ചെയ്യുന്ന ചാവേറുകളാണ് ഇവരെന്നാണ് കോടതി വിശേഷിപ്പിച്ചത്.

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം മദ്യപിച്ചു വാഹനമോടിക്കുന്ന കുറ്റത്തിന് ആറ് മാസം വരെ തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവ് ശിക്ഷയുടെ കാലാവധി രണ്ട് വര്‍ഷമായും പിഴ 3000 രൂപയായും ഉയരുകയും ചെയ്യും. എന്നിട്ടും മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണത്തിന് ഒരു കുറവുമില്ലെന്നതാണ് അനുഭവം. അഞ്ചും ആറും തവണ ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരുണ്ട്. റോഡരികില്‍ മദ്യത്തിന്റെ ലഭ്യതയാണ് ഇതിനൊരു പ്രധാന കാരണം. മദ്യഷാപ്പുകള്‍ ദൃഷ്ടിയില്‍ പെടുമ്പോള്‍ അത് വാങ്ങി ഉപയോഗിക്കാനുളള ചോദന കൂടുകയാണ് ശീലിച്ചവരില്‍. രാജ്യത്തെ ദേശീയ പാതകളിലും പ്രധാന നിരത്തുകളിലും നിയമവിധേയമായതും അല്ലാത്തതുമായ മദ്യവില്‍പന ശാലകള്‍ ധാരാളമുണ്ട്. ഇത്തരം കടകള്‍ക്ക് മുമ്പില്‍ അത് വാങ്ങാനെത്തുന്നവരുടെയും വാഹനങ്ങളുടെയും നീണ്ട നിരയും ദൃശ്യമാണ്. അവധി ദിവസങ്ങളുടെ തലേനാള്‍ നിരയുടെ നീളം പിന്നെയും കൂടും. ഡ്രൈവറുടെ മദ്യപാനത്തെ തുടര്‍ന്നുള്ള വാഹനാപകടങ്ങള്‍ ദേശീയ തലത്തില്‍ 40 ശതമാനമാണെങ്കില്‍ ദേശീയ പാതകളില്‍ 70 ശതമാനമാണെന്ന് ക്രം ബ്യൂറോ രേഖപ്പെടുത്തുന്നത്. റോഡരികിലെ മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കിയാല്‍ മദ്യപിച്ചു വാഹനമോടിക്കുന്ന പ്രവണതക്ക് നല്ലൊരളവില്‍ മാറ്റമുണ്ടാകും. ഇവിടെയാണ് ഇന്നലത്തെ കോടതി വിധി പ്രസക്തമാകുന്നത്.