സൂക്കി, ആ നൊബേല്‍ ചില്ലലമാരയില്‍ വെക്കാനുള്ളതല്ല

Posted on: December 16, 2016 6:14 am | Last updated: December 16, 2016 at 12:16 am

മ്യാന്‍മറില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. പിഞ്ചു കുഞ്ഞുങ്ങള്‍ വരെ ഭയാനകമായ ഹിംസയുടെ ഇരകളാണ് അവിടെ. മനുഷ്യത്വത്തിന്റെ ചെറിയൊരു അംശം ഹൃദയത്തിലുള്ള ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത ക്രൂരതകള്‍ അവിടെ അരങ്ങേറുന്നു. കുട്ടികളെ തീയിലിടുന്നു, സ്ത്രീകളുടെ ചാരിത്ര്യം കവരുന്നു, ആരോഗ്യഗാത്രരായ പുരുഷന്മാരെ പട്ടിണിക്കിട്ടു കൊല്ലുന്നു. സ്വദേശത്ത് ഒരു നിലയിലും ജീവിക്കാന്‍ കഴിയാതെ പിടയുന്ന ജനതയാണിന്നു മ്യാന്‍മറുകാര്‍.

മ്യാന്‍മറിലെ മുസ്ലിം വേട്ട കിരാതമായി തുടരാന്‍ ഹേതുവായി നില്‍ക്കുന്ന ഒരു സ്ത്രീയുണ്ട്. ആങ് സാങ് സൂക്കി. സമാധാനത്തിന്റെ വെള്ളരിപ്രാവ് എന്ന നിലയിലാണ് അവര്‍ കുറെ കാലം അറിയപ്പെട്ടത്. എന്നാല്‍ ക്രൂരതകളുടെ എല്ലാ തരം ചരിത്രങ്ങളെയും തോല്‍പ്പിച്ചു ഭരണകൂട ഭീകരതയുടെ പുതിയ നിര്‍മിതികള്‍ക്ക് രൂപം നല്‍കുന്ന സൂക്കി അറിയേണ്ട ചില കാര്യങ്ങളുണ്ട്. ലോകത്തു മനുഷ്യരെ കൂട്ടക്കൊല ചെയ്ത, അനിഷ്ടമുള്ളവരോട് വിദ്വേഷത്തിന്റെ തീരാപ്പക രൂപപ്പെടുത്തിയ മൂന്ന് രാഷ്ട്രീയ സംഹിതകളുണ്ടായിട്ടുണ്ട്, സമീപകാല ചരിത്രത്തില്‍. പക്ഷേ, ആ ആശയസംഹിതകളുടെ, അവക്ക് രൂപംനല്‍കിയ ആളുകളുടെ അന്ത്യം അതീവ ഭയാനകമായിരുന്നു. മൂന്നു പാര്‍ട്ടികളുടെ ചരിത്രം പറയാം. ജപ്പാനിലെ റെഡ് ആര്‍മി, ഇറ്റലിയിലെ ഇടതു-വലതു ഗ്രൂപ്പുകള്‍, ജര്‍മനിയിലെ ഫാസിസ്റ്റ് സേന എന്നിവയാണവ. സമാധാനത്തിനു നൊബേല്‍ നേടിയ സൂക്കി അനിവാര്യമായും ഈ ഭീകര സംഹിതകളുടെ ചരിത്രം പഠിക്കണം.

സമാധാനത്തിനു നൊബേല്‍ സമ്മാനം ലഭിച്ച വ്യക്തിയാണ് സൂക്കി. കഴിഞ്ഞ ഏപ്രിലില്‍ ബര്‍മയില്‍ അധികാര തലപ്പത്തെത്തിയ ശേഷം, ഐക്യ രാഷ്ട്രസഭയുടെ മൗനാനുവാദത്തോടെ സൂക്കി നടത്തുന്ന മുസ്ലിം വേട്ടയുടെ കരള്‍ പിളര്‍ത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലോകം ദര്‍ശിക്കുന്ന
ത്. സൂക്കിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബര്‍മീസ് സായുധ സേനയുടെ നേതൃത്വത്തില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന രാഖിനെ സംസ്ഥാനത്താണ് പ്രധാനമായും വംശീയ ആക്രമങ്ങള്‍ നടക്കുന്നത്. മുസ്ലിം വീടുകള്‍ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നു, സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നു, യുവതികളെ ബലാല്‍സംഗം ചെയ്യുന്നു, സ്വദേശത്തു ഒരു നിലയിലും താമസിക്കാന്‍ അനുവദിക്കാതെ നിര്‍ബന്ധിത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നു. മുസ്‌ലിമായി പിറന്നു എന്നത് മാത്രമാണ് ഭയാനകമായ ഈ പീഡനങ്ങള്‍ക്ക് വിധേയമാക്കാന്‍ ആ പാവങ്ങള്‍ ചെയ് ത ‘പാതകം’. സൂക്കിയെ പോലുള്ള രാഷ്ട്രീയ ഏകാധിപതികള്‍ പാഠം ഉള്‍ക്കൊള്ളേണ്ടത് മുകളില്‍ പരാമര്‍ശിച്ച ഇരുപതാം നൂറ്റാണ്ടില്‍ വന്ന മൂന്നു ഭീകര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ നിന്നാണ്.
ജപ്പാനിലെ റെഡ് ആര്‍മിയുടെ ചരിത്രം തന്നെ നോക്കൂ. രണ്ടാം ലോകമഹായുദ്ധത്തിന്റെ മുമ്പ് അക്രമത്തിന്റെയും ഹിംസയുടെയും മാര്‍ഗത്തില്‍ ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായി നിന്ന ഭരണകൂടമായിരുന്നു ജപ്പാന്റേത്. എന്നാല്‍, അത് ശിഥിലമായി. ജപ്പാനിലെ ഈ കരാള ഭരണകൂടത്തിന്റെ മാര്‍ഗത്തിലാണ് റെഡ് ആര്‍മി രൂപപ്പെട്ടത്. ഇവര്‍ തെരുവുകള്‍ കീഴടക്കി. രക്തപ്പുഴകള്‍ ഒഴുക്കി. ലോകത്തിന്റെ പല ഭാഗങ്ങളിലും പോയി മനുഷ്യരെ മൃഗീയമായി കൊന്നു.
ഇറ്റലിയിലെ മുസ്സോളിനിയുടെ ഭരണകൂടം ഏകാധിപത്യത്തിന്റെയും ഭീകരവാഴ്ചയുടെയും മികച്ച ഉദാഹരണമാണ്. എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ അതിനിഷ്ഠൂരം അടിച്ചമര്‍ത്തി. രണ്ടാംലോക മഹായുദ്ധത്തോടെ മുസ്സോളിനിയും വീണു. അതോടെ ജനാധിപത്യ ക്രമത്തിലുള്ള ഒരു ഭരണകൂടം ഇറ്റലിയില്‍ പിറവി പ്രാപിക്കുമെന്നു ഇറ്റലിക്കാര്‍ ആശിച്ചു. സംഭവിച്ചതാകട്ടെ, ഇറ്റലിയിലെ വലത്-ഇടത് കിരാതരുടെ കൈകളിലേക്ക് ഭരണം കൈമാറപ്പെട്ടു. ഇറ്റലിയില്‍ 1970കളില്‍ രൂപപ്പെട്ട റെഡ് ബ്രിഗാഡ്‌സ് ഗ്രൂപ്പിനെ പറ്റി സൂക്കി കേട്ടിട്ടുണ്ടാകും. അക്രമവും ഹിംസയും നടത്തി ഇറ്റലിയെ മുഴുവന്‍ സംഘര്‍ഷഭരിതമാക്കി അവര്‍. ജര്‍മനിയിലെ ഹിറ്റ്ലര്‍ ഏകാധിപത്യത്തിന്റെ, ലോകത്തെ ആക്രമിച്ചു കീഴടക്കാന്‍ ഉള്ള ത്വരയുടെ പ്രതിരൂപമായിരുന്നു. പക്ഷേ, അവസാനം ഹിറ്റ്‌ലര്‍ ഭയാനകമാം വിധം പരാജയപ്പെട്ടു. ഹിറ്റ്ലര്‍ പകര്‍ന്ന ശത്രുതയുടെയും ഹിംസയുടെയും വിത്തുകളില്‍ നിന്ന് മറ്റൊരു ആക്രമ വിഭാഗം അവിടെ പിറവി കൊണ്ടു- ബാദെര്‍ മെയ്നോഫ് എന്ന നാമത്തില്‍. സമാനതകളില്ലാത്ത കൂട്ടക്കൊലകള്‍ക്കും പൈശാചികമായ അക്രമങ്ങള്‍ക്കും ആണവര്‍ നേതൃത്വം നല്‍കിയത്.
സൂക്കി പഠിക്കേണ്ടത് അതിക്രമത്തിന്റെ മുന്‍നിരയില്‍ നിന്ന ഭരണകൂടങ്ങളുടെയും ആ നാടുകളില്‍ അവ ഉത്പാദിപ്പിച്ച മൃഗീയതയില്‍ നിന്ന് രൂപം കൊണ്ട പ്രസ്ഥാനങ്ങളുടെയും ചരിത്രമാണ്. അവ ആ ദേശങ്ങളിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാക്കിയ അസ്വസ്ഥതകളുടെ ഭീകരതയെയാണ്. നോബല്‍ സര്‍ട്ടിഫിക്കറ്റ് ചില്ലലമാരയില്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഉള്ളതല്ല, താന്‍ ഇടപെടുന്ന മേഖലകളെ സുഭദ്രമാക്കാന്‍ ഉള്ളതാണ്.

മ്യാന്‍മറില്‍ സമാധാനത്തോടെ കഴിഞ്ഞിരുന്ന മുസ്‌ലിംകള്‍ ചില ബുദ്ധ ഭീകരരുടെ വംശീയ ഉന്മൂലന താത്പര്യ പ്രകാരം നരകയാതന അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. സൂക്കിയുടെ ഭരണകൂട തലപ്പത്തേക്കുള്ള ആഗമനത്തോടെ അത് അവസാനിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. മുമ്പെത്തേക്കാള്‍ ഹിംസാത്മകമായി പാവപ്പെട്ട മുസ്‌ലിംകളെ അരിഞ്ഞുവീഴ്ത്താനാ അവര്‍ സൈന്യത്തിന് നിര്‍ലോഭം പിന്തുണ നല്‍കികൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ മൗനാനുവാദത്തോടെ ആണ് സൂക്കി ഇത് ചെയ്തുകൊണ്ടിരിക്കുന്നത്. ജര്‍മനിയിലും ജപ്പാനിലും ഇറ്റലിയിലും ഹിംസ ഉണ്ടായത് ഇത്തരം ഏകാധിപതികളില്‍ നിന്നാണ്. അവര്‍ മൃഗീയമായി തോല്‍പ്പിക്കപ്പെട്ടപ്പോഴും ആ നാടുകളില്‍ അവര്‍ പകര്‍ന്ന വിഷത്തിന്റെ വേരുകളില്‍ നിന്ന് പുതിയ ഹിംസാ ഗ്രൂപ്പുകള്‍ വളര്‍ന്നു വന്നതിന്റെ ചരിത്രമാണ് ഹൃസ്വമായി വിവരിച്ചത്. ആ തലത്തില്‍ മ്യാന്‍മറിലെ തന്നെ എല്ലാ വിഭാഗം മനുഷ്യരുടെയും നാശത്തിന്റെ വഴിയെയാണ് സൂക്കി ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്നത്. സിറിയയിലും ഇറാഖിലും ഒക്കെ കണ്ടുകൊണ്ടിരിക്കുന്നത് ഇത്തരം സംഭവങ്ങളും ചരിത്രാവര്‍ത്തനങ്ങളും ആണ്.
മീലാദ് ആഘോഷം മുസ്‌ലിം ലോകം

ഗംഭീരമാക്കികൊണ്ടിരിക്കുന്ന ഘട്ടമാണിപ്പോള്‍. നമ്മുടെ പ്രാര്‍ഥനകളിലും ആലോചനകളിലും പാവപ്പെട്ട മ്യാന്‍മര്‍ സഹോദരന്മാര്‍ ഉണ്ടാകണം. അക്രമ ഭരണാധികാരികളില്‍ നിന്ന് അവരെ സംരക്ഷിക്കാനും സഹായിക്കാനും നാം മുന്നോട്ട് വരണം.
(യു എ ഇയിലെ കള്‍ച്ചറല്‍ അംബാസിഡറും പ്രമുഖ അറബ് എഴുത്തുകാരനുമാണ് അഹ്മദ് ഇബ്റാഹീം. ആശയവിവര്‍ത്തനം : ലുഖ് മാന്‍ കരുവാരക്കുണ്ട്)