Connect with us

Articles

കൊച്ചി പഴയ കൊച്ചിയല്ല

Published

|

Last Updated

നഗരജീവിതത്തെ വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്നറിയാന്‍ കേരളത്തിലെ “ലക്ഷണ”മൊത്ത നഗരമായ കൊച്ചിയുടെ അനുഭവമെടുത്താല്‍ മതി. നഗരവത്കരണം അതിവേഗം സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ മാറ്റങ്ങള്‍ കുടിവെള്ളത്തിലും അന്തരീക്ഷത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതം സംസ്ഥാനത്തിന്റെയാകെ പ്രതിസന്ധിയാകുമെന്നുറപ്പാണ്. നഗരം പുറന്തള്ളുന്നത് ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഗ്രാമങ്ങള്‍ സ്വയമൊരു നഗരമായാണല്ലോ പ്രതിരോധിക്കുന്നത്.
രാവിലെ തണുത്തുറഞ്ഞ കാലാവസ്ഥ. ഉച്ചയാകുമ്പോഴേക്കും കൊടും ചൂട്. കാലംതെറ്റിയ കാലാവസ്ഥയുടെ കാഠിന്യം കൊച്ചിയും കൊണ്ടറിയുകയാണ്. രാവിലെ 20 ഡിഗ്രി സെല്‍ഷ്യസ് താപനില ഉച്ചയാകുമ്പോഴേക്കും 32ഉം 33ഉം കടന്ന് 35 ലേക്ക് ഉയരുമ്പോള്‍ വിയര്‍ത്തൊലിക്കുകയാണ് നഗരത്തിലെ ജനത. നഗരത്തില്‍ സൂര്യതാപം 35 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുമ്പോള്‍ 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് അനുഭവപ്പെടുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രണ്ട് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 20 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് ഉച്ചക്ക് 32ലേക്ക് എത്തിയാലും അടുത്ത ദിവസം രാവിലെ 20ഡിഗ്രി സെല്‍ഷ്യസിലേക്ക് മടങ്ങിപ്പോകുന്നു. എങ്കിലും പകല്‍ താപനില 32ല്‍ നിന്ന് 35ലേക്കാണ് ഇപ്പോള്‍ ഉയരുന്നത്. ചൂടില്‍ മാത്രമല്ല, കൊച്ചിയെ സംബന്ധിച്ച് സമസ്ത മേഖലകളിലും ഈ മാറ്റം പ്രകടമാണ്.

കാലാവാസ്ഥാ വ്യതിയാനം കൊച്ചിയെ എങ്ങനെ ബാധിക്കുന്നുവെന്നത് സംബന്ധിച്ച് ഏറ്റവും അവസാനം പഠനം നടന്നത് 2000ത്തിലാണ്. 50 മുതല്‍ 100 വര്‍ഷം വരെയുള്ള കണക്കുകള്‍ പരിശോധിച്ചാണ് പഠനം നടത്തിയതെങ്കിലും കഷ്ടി 50 വര്‍ഷത്തെ കണക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ. ഈ കാലയളവില്‍ താഴ്ന്ന ഊഷ്മാവില്‍ ഒരു ഡിഗ്രി വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കെങ്കിലും ഈ നിരക്ക് ഉയര്‍ന്നിട്ടുണ്ടെന്നതില്‍ നിരീക്ഷകര്‍ക്ക് സംശയമില്ല. 2100 ആകുമ്പോഴേക്കും കൊച്ചി ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5.8 ഡിഗ്രി വരെ വര്‍ധിച്ചേക്കാമെന്നാണ് കണക്കാക്കുന്നത്. കടല്‍വെള്ളത്തിന്റെ ഉപരിതല ഊഷ്മാവ് 2050 ആകുമ്പോഴേക്കും ഒരു ഡിഗ്രിയോളം ഉയരും. ഇതും നിസ്സാരമായി കാണേണ്ടതല്ല. നിലവില്‍ 20-22 ഡിഗ്രിയാണ് കൊച്ചിയിലെ അന്തരീക്ഷ ഊഷ്മാവെങ്കിലും പകല്‍ 32 – 34 വരെയെത്തുന്നുണ്ട്. വേനലാകുമ്പോഴേക്കും 37 വരെ എത്താറുണ്ട്. ഈ വര്‍ഷത്തെ കാലവസ്ഥാ വ്യതിയാനം നല്‍കുന്ന സൂചന 37ല്‍ നിന്ന് താപനില ഉയരുമെന്നാണ്. 37ല്‍ നിന്ന് ഒരു ഡിഗ്രി താപനില ഉയര്‍ന്നാല്‍ കൊച്ചി ചുട്ടുപൊള്ളുമെന്ന് മാത്രമാല്ല, മുമ്പൊരിക്കലും നേരിടേണ്ടിവന്നിട്ടില്ലാത്തത്ര കടുത്ത വരള്‍ച്ചയാകും നഗരം അഭിമുഖീകരിക്കേണ്ടിവരിക. ഇത് മുന്നില്‍ കണ്ടുകൊണ്ടാകണം ജില്ലാ ഭരണകൂടം വരള്‍ച്ചയെ നേരടാന്‍ മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയത്. എന്നാല്‍ വരള്‍ച്ചയെന്ന ഭീകരമായ അപകടം വരാനിരിക്കുന്നെന്ന തിരിച്ചറിവ് ഇനിയും നഗരവാസികള്‍ക്ക് ഉണ്ടായിട്ടില്ലെന്ന് വേണം കരുതാന്‍.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഭൂമി വില എറണാകുളം ജില്ലയിലാണെന്നതിനാല്‍ ഏറ്റവും കൂടുതല്‍ ഭൂമി നികത്തല്‍ നടക്കുന്നതും ഈ ജില്ലയിലാണ്. കുളങ്ങളും ചതുപ്പുകളും പാടശേഖരങ്ങളും കണ്ടല്‍ ആവാസവ്യവസ്ഥകളും പൊക്കാളിപ്പാടങ്ങളും കായലോരങ്ങളും കാവുകളും തണ്ണീര്‍ത്തടങ്ങളും നശിച്ചില്ലാതായിരിക്കുന്നത് ഈ ജില്ലയിലാണ്. ഇവിടെ ഭൂമിയെ വില്‍പ്പനച്ചരക്കായി മാറ്റിയിരിക്കുകയാണ്. ഭൂമി നികത്തി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കണം. അതില്‍ കുറഞ്ഞ ഒരു ലക്ഷ്യവുമില്ലെന്ന തരത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. അങ്ങനെ മണ്ണിട്ട് മൂടിയ ചതുപ്പും ഇടിച്ച് നിരത്തിയ കുന്നുകളും കോണ്‍ക്രീറ്റിട്ടടച്ച നീര്‍ച്ചാലുകളും മലീമസമായ പുഴയേയും വരണ്ട ദേശത്തേയും സൃഷ്ടിച്ചുവെന്ന് വേണം കരുതാന്‍. അശാസ്ത്രീയമായ നഗരവത്കരണവും ജല നിരക്ഷരതയും നാടിനെ വരള്‍ച്ചയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
പണ്ടൊക്കെ ജില്ലയിലെ കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്നത് വളരെ വിരളമാണെങ്കില്‍ ഇപ്പോഴത് നിത്യസംഭവമായിമാറിയിരിക്കുന്നു. കൊച്ചി നഗരത്തില്‍ പകല്‍ സൂര്യതാപമാണെങ്കില്‍ രാത്രി കെട്ടിടങ്ങളും റോഡുകളും പുറത്തുവിടുന്ന താപതരംഗമാണ്. നഗരജീവിതം വര്‍ധിച്ച ചൂടുമൂലം പകലും രാത്രിയും ഒരുപോലെ നരകതുല്യമായിരിക്കുന്നു. ഈ ചൂടില്‍ നിന്ന് രക്ഷനേടാന്‍ കൊച്ചിക്കാര്‍ പ്രതിദിനം കുടിച്ച് തീര്‍ക്കുന്ന കുപ്പിവെള്ളം മാത്രം രണ്ട് ലക്ഷം ലിറ്ററാണ്. ഇതിന് പുറമെ ജല അതോറിറ്റിയുടെയും മറ്റ് പരമ്പരാഗത കുടിവെള്ള സ്രോതസുകള്‍ വേറെയും. സംസ്ഥാനത്ത് ഏറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയും കൂടുതല്‍ വ്യവസായ സമുച്ചയങ്ങള്‍ ഉള്ളതുമായ നഗരത്തിലെ കുടിവെള്ള പ്രശ്നം സങ്കീര്‍ണ്ണമാണ്. ജില്ലയുടെ പ്രധാന ജലസ്രോതസ്സായ, കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറാണ് ഇന്ന് ഏറ്റവുമധികം മലിനമാക്കപ്പെടുന്ന നദി. നഗരത്തിലെ ഏഴ് വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് പെരിയാറിലേക്ക് മാത്രം നിര്‍ബാധം ഒഴുകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 44 തവണ പുഴ നിറം മാറി കുഴമ്പ് പരുവത്തിലൊഴുകി. പുഴയോട് ചേര്‍ന്ന ആവാസ വ്യവസ്ഥകളെല്ലാം തകര്‍ച്ചയിലാണ്. ഒരു വര്‍ഷത്തിനിടെ ഇരുപതിലധികം തവണ മീനുകള്‍ ചത്തുപൊങ്ങി. ഹെവി മെറ്റല്‍ ഉള്‍പ്പടെയുള്ള മാലിന്യം പുറമെ നിന്ന് കാണാത്ത വലിയവ്യാസമുള്ള പൈപ്പുകള്‍ വഴി പുഴയുടെ അടിത്തട്ടിലേക്ക് തള്ളുന്നു. വേനല്‍ക്കാലമാകുമ്പോഴേക്കും പുഴയുടെ ജലനിരപ്പ് നന്നേ താഴും. നഗരത്തിലേക്ക് മുഴുവന്‍ വെള്ളമെത്തുന്നത് പെരിയാറില്‍ നിന്നാണ്. ഏലൂരിനടുത്ത് മുപ്പതിടത്ത് നിന്നാണ് നഗരത്തിലെ നാല്‍പ്പത് ലക്ഷം മനുഷ്യര്‍ക്കായി കുടിവെള്ളം സംഭരിക്കുന്നത്. ജല അതോറിറ്റിയുടെ നിലവിലെ സംവിധാനങ്ങള്‍ വെച്ച് എത്ര ശ്രമിച്ചാലും മാറ്റാനാകാത്ത രാസമാലിന്യങ്ങള്‍ വെള്ളത്തിലുണ്ടെങ്കിലും; വരള്‍ച്ചയുടെ കാലത്ത് ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന് പറഞ്ഞ പോലെ പെരിയാറല്ലാതെ മറ്റ് ആശ്രയം ഇവിടുത്തെ ജനതക്കില്ല. എന്നാല്‍ അങ്ങേയറ്റം ടോക്‌സിക്കായ മാലിന്യങ്ങള്‍ തള്ളിയും വശങ്ങള്‍ കൈയേറി നീരുറവകള്‍ കെട്ടിയടച്ചും പെരിയാറിനെയും നമ്മുടെ വികസനം ഇഞ്ചിഞ്ചായി കൊല്ലുകയാണ്. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ പെരിയാറിന്റെ നീരൊഴുക്ക് അഞ്ചിലൊന്നായി കുറഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍ നവംബറില്‍ അടക്കാറുള്ള പാതാളം ബണ്ട് ഇത്തവണ ആഗസ്റ്റില്‍ അടക്കേണ്ടിവന്നുവെന്നത് വരള്‍ച്ചയുടെ കാഠിന്യം വ്യക്തമാക്കുന്നതാണ്. പെരിയാറിന്റെ ജലനിരപ്പ് മുന്‍വര്‍ഷങ്ങളേതിനെ അപേക്ഷിച്ച് ഇത്തവണ താഴ്ന്നിരിക്കുന്നത് ജലവിഭവ വകുപ്പ് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ചിലവന്നൂര്‍, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരു തവണയാണ് ജലവിഭവ വകുപ്പ് ജലവിതരണം നടത്തുന്നത്. വേനല്‍ മഴകൂടി ലഭ്യമാകാതെ വന്നാല്‍ പെരിയാറിലെ വെള്ളം കുറയുകയും ജലഉപഭോഗം കൂടുകയും ചെയ്താല്‍ സ്ഥിതി സങ്കീര്‍ണമാകും. ഇങ്ങനെ ചൂട് കൂടുകയാണെങ്കില്‍ നഗരത്തിലേക്കുള്ള ജലവിതരണത്തിന്റെ അളവ് സ്വാഭാവികമായും കൂറയുമെന്നതും സ്ഥിതി വഷളാക്കും. തീരപ്രദേശ മേഖലകളിലാകട്ടെ ഉപ്പുവെള്ളത്തെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. കര പ്രദേശത്തെ ശുദ്ധജലനിരപ്പ് കുറയുമ്പോള്‍ കടല്‍വെള്ളം കയറിവരുന്നതാണ് ലവണാംശം വര്‍ധിച്ചുവരുന്നതിന് കാരണം. കൊച്ചിയിലെ കുന്നുംപുറം, ചെറായി, തുണ്ടിപ്പറമ്പ്, കഴുത്തുമുട്ട്, വൈപ്പിന്‍ തുടങ്ങി പലയിടങ്ങളിലും ഇപ്പോള്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. കുടിവെള്ളത്തില്‍ ലിറ്ററിന് 250 മില്ലിഗ്രാമിന് താഴെയാണ് അനുവദനീയമായ ഉപ്പിന്റെ അളവ്. കഴിഞ്ഞ വേനലില്‍ ഈ പ്രദേശങ്ങളിലെ ജലാശയങ്ങളില്‍ ലിറ്ററിന് 1000 മില്ലിഗ്രാം ആയിരുന്നു ഉപ്പിന്റെ സാന്നിധ്യം. സാധാരണഗതിയിലുള്ള മുന്‍ കരുതലുകളെടുത്തതിനാല്‍ നിലവിലെ സാഹചര്യത്തില്‍ നഗരത്തിലെ കുടിവെള്ളവിതരണം വലിയപ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഈ സ്ഥിതി തുടര്‍ന്നാല്‍ ഫെബ്രുവരി ആകൂമ്പോഴേക്കും ഭയനകാമായിരിക്കും സ്ഥിതിവിശേഷമെന്ന് ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെസി ജോസ് പറയുന്നു.

മാനം നന്നായൊന്ന് തെളിഞ്ഞാലും മഴതിമിര്‍ത്തൊന്ന് പെയ്താലും കൊച്ചിക്കാരുടെ മനസ്സിലെ ആധികൂടും. മഴപെയ്താല്‍ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനുള്ള വഴികളെല്ലാം കെട്ടിയടച്ചതിനാല്‍ റോഡുകളും വീടുകളും വെള്ളം കയറും. ആകാശം നന്നായൊന്ന് തെളിഞ്ഞാലോ കൊടും ചൂടിന്റെ കാഠിന്യമറിയേണ്ടി വരും. വികസനത്തിന്റെ വേഗപ്പരപ്പില്‍ കേരളത്തിന്റെ മാതൃകയായ വാണിജ്യനഗരത്തിന് വിവേകമില്ലാത്ത ചെയ്തികളാല്‍ നേരിടേണ്ടിവന്ന പ്രകൃതിയുടെ പരീക്ഷണങ്ങളെ അതിജയിക്കാന്‍ കഴിയാത്ത കാഴ്ചയാണ് കാണുന്നത്.
മുന്‍ കാലങ്ങളില്‍ സാധാരണഗതിയില്‍ വര്‍ഷത്തില്‍ 160ദിവസം കൊച്ചിയില്‍ മഴ ലഭിച്ചിരുന്നെങ്കിലും ഇപ്പോഴത് നൂറും 120ഉം ദിവസത്തേക്ക് കുറയുകയാണ്. ഒരാഴ്ചകൊണ്ട് പെയ്യേണ്ട മഴ ഒറ്റദിവസം കൊണ്ട് പെയ്യുമ്പോള്‍ മഴവെള്ളം മണ്ണിലിറങ്ങാതെ കുത്തിയൊലിച്ച് പോകുകയാണ്. നഗരവികസന സങ്കല്‍പ്പത്തില്‍ തീര്‍ത്ത കോണ്‍ക്രീറ്റ് മുറ്റങ്ങളൂം ചാലുകളും വെള്ളം നമുക്കന്യമാക്കി അകലേക്ക് കൊണ്ടുപോവുകയാണ്. നഗരവത്കരണവും വ്യവസായവത്കരണവുമെന്ന വികസനകാഴ്ചപ്പാടുകള്‍ നടപ്പാക്കുമ്പോള്‍ പ്രകൃതിയെ മറക്കാതെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പാക്കിയില്ലെങ്കില്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ അപരിഹാര്യമായ അപകടമായിരിക്കും നമ്മുടെ തലമുറകളെതേടിയെത്തുക.

തോടുകളും കുളങ്ങളും പുഴകളും കണ്ടല്‍ക്കാടുകളും കായലുകളും തുടങ്ങി ചെറുതും വലുതുമായ തണ്ണീര്‍ത്തടങ്ങളും കൊണ്ട് സമ്പന്നമായ കൊച്ചി ഇപ്പോള്‍ പഴയ കൊച്ചിയല്ല, ഐ ടി ഹബ്ബുകളും വന്‍കിട മാളുകളും സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളും കൊണ്ട് നിബിഡമായിരിക്കുന്നു കൊച്ചി. വികസത്തിന്റെ നേര്‍ക്കാഴ്ച കാണാന്‍ മെട്രൊയില്‍ യാത്രചെയ്യാന്‍ കൊച്ചി തയ്യാറെടുക്കുമ്പോള്‍ ഒരിറ്റുദാഹമകറ്റാന്‍ കുപ്പിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലേക്ക് ഈ നാട് എത്തിയിരിക്കുന്നു. ആവശ്യത്തിന് മഴകിട്ടാതെ വരികയും കിണറുകള്‍ ഉള്‍പ്പടെയുള്ള ജലസ്രോതസുകള്‍ വറ്റുകയും ചെയ്താല്‍ പണം പിന്‍വലിക്കാന്‍ പരിധി ഏര്‍പ്പെടുത്തിയപോലെ വരുന്ന മാസങ്ങളില്‍ കൂടിവെള്ള വിതരണത്തിലും കൊച്ചിക്കാര്‍ക്ക് പരിധി നിശ്ചയിച്ച് നല്‍കേണ്ടിവരുമെന്നതാണ് അവസ്ഥ.
ഇത് കൊച്ചിയുടെ മാത്രം വിഷയമല്ല. കേരളത്തിലെ അറ് കോര്‍പറേഷനുകളും 87 മുന്‍സിപ്പാലിറ്റികളും നാനൂറില്‍പ്പരം ചെറുപട്ടണങ്ങളും കൂടിച്ചേരുമ്പോള്‍ കേരളത്തിലെ ഭൂവിസ്തൃതിയുടെ 18 ശതമാനത്തോളം വരും. എന്നാല്‍ ഈ നഗരങ്ങളിലാണ് ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനം പേര്‍ അധിവസിക്കുന്നത്. കേരളം മൊത്തത്തില്‍ തന്നെ ഒറ്റ നഗരമായി പരിണമിച്ചു കൊണ്ടിരിക്കുകയാണെന്നതിന് ഈ കണക്കുകള്‍ തെളിവ്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നഗര ജനസംഖ്യയില്‍ 88.2 ശതമാനം വര്‍ധന ഉണ്ടായതായി 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ 2021 ഓടെ 92 ശതമാനം കേരളീയരും നഗരജീവികള്‍ ആയി മാറും. എന്നാല്‍ ഇതിനനുസൃതമായ മാലിന്യസംസ്‌കരണ പദ്ധതികളോ ജലസംരക്ഷണ നയങ്ങളോ നടപ്പാക്കാതെ മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക് തള്ളിയും കുടിക്കാന്‍ കുപ്പിവെള്ളം വാങ്ങിയും ചൂടകറ്റാന്‍ ശീതികരണികള്‍ വെച്ചും വികസനം പൊടിപൊടിക്കും.

പേടിക്കണം,
നഗര താപത്തുരുത്തുകള്‍
ഇനി ആശങ്കപ്പെടേണ്ടത് നഗര താപത്തുരുത്തു (ൗൃയമി വലമ േശഹെമിറ)െകളുടെ രൂപം കൊള്ളലിനെപ്പറ്റിയാണ്. എല്ലാം ഒരൊറ്റ സ്ഥലത്തേക്ക് കേന്ദ്രീകരിക്കുകയെന്നത് നഗരത്തിന്റെ പ്രത്യേകതയാണ്. ഒറ്റത്തുരുത്താവാന്‍ വ്യഗ്രത പൂണ്ട് നാം നഗരങ്ങളില്‍ താപത്തുരുത്തുകള്‍ തീര്‍ക്കുന്നു. ജനസംഖ്യയേറിയതും നഗരവത്കരണവും വ്യവസായവത്കരണവും കൂടിയതുമായി ഇടങ്ങളെയാണ് നഗര താപത്തുരുത്തുകളെന്ന പ്രതിഭാസം ബാധിക്കുക.
ഒരു പ്രദേശത്തിന് ഉള്‍ക്കൊള്ളാവുന്നതിലുമധികം കോണ്‍ക്രീറ്റ് നിര്‍മിതികളും വാഹനങ്ങളും. മരമില്ലാത്ത പരിസരം. മാലിന്യം നിറയുന്ന അന്തരീക്ഷം. ഇവയെല്ലാം നഗരങ്ങളുടെ ചൂടേറ്റും. തൊട്ടടുത്ത ഗ്രാമങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇവിടം ചുട്ടുപൊള്ളും. ഇടതടവില്ലാത്ത കെട്ടിടങ്ങള്‍, പ്രത്യേകിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സൗരവികിരണങ്ങളെ സ്വാംശീകരിച്ച് രാത്രിയില്‍ പുറന്തള്ളുന്നതാണ് ഇതിന് പ്രധാന കാരണം. ഇതിനെ പ്രതിരോധിക്കാന്‍ മരങ്ങളില്ലാത്തതിനാല്‍ രാപ്പകല്‍ മനുഷ്യര്‍ പൊള്ളിപ്പിടയും. പകലിലെ ഏറ്റവും കൂടിയ ചൂടും രാത്രിയിലെ ഏറ്റവും കുറഞ്ഞ ചൂടും തമ്മിലുള്ള അന്തരം കുത്തനെ ഇടിയും.

ചൂട് മറികടക്കാന്‍ കൂടുതല്‍ വൈദ്യുതി ചെലവിട്ട് എയര്‍ കണ്ടീഷനറുകളും മറ്റും ഉപയോഗിക്കുമ്പോള്‍ ഈ പ്രതിഭാസം കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്യുക. വാഹനങ്ങളുടെ പെരുപ്പം കൂടിയാകുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും. കെട്ടിടങ്ങളുടെ പെരുപ്പം തടയുകയും നഗരത്തിന്റെ ഹരിതവത്കരണവും മാത്രമാണ് പോംവഴി. തുറസ്സുകള്‍ പരമാവധി സംരക്ഷിക്കണം. ഒപ്പം ബുദ്ധിപൂര്‍വമായ മാലിന്യ സംസ്‌കരണവും.

നാളെ: താമരശ്ശേരി ചുരം കയറിച്ചെല്ലുമ്പോള്‍

Latest