പാര്‍ലമെന്റ് സ്തംഭനം: രാജിവെക്കാന്‍ തോന്നുന്നുവെന്ന് എല്‍കെ അഡ്വാനി

Posted on: December 15, 2016 6:07 pm | Last updated: December 15, 2016 at 7:11 pm

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ നിരാശപ്രകടിപ്പിച്ച് രാജി വെക്കാന്‍ തോന്നുന്നുവെന്ന് വ്യക്തമാക്കി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി. വാജ്‌പേയി സഭയിലുണ്ടായിരുന്നെങ്കില്‍ കടുത്ത നിരാശനാകുമായിരുന്നു. പരിഹാരത്തിനായി ഇടപെടണമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോട് അദ്വാനി ആവശ്യപ്പെട്ടു. സഭ ഇന്നും ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞതോടെ അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു.

ഇതിനുശേഷമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മനംമടുത്ത് താന്‍ പാര്‍ലമെന്റ് അംഗത്വം പോലും രാജിവെച്ചാലോ എന്ന് ആലോചിക്കുന്നതായി കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയോട് വ്യക്തമാക്കിയത്. ഈ സമയം രാജ്‌നാഥ് സിംഗും അദ്വാനിക്ക് സമീപമുണ്ടായിരുന്നു.
ശീതകാലസമ്മേളനത്തിന്റെ അവസാനദിനമായ നാളെയെങ്കിലും സഭയില്‍ ചര്‍ച്ച നടക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടു. നാളെയും സഭ നടക്കാതെ അനിശ്ചിതമായി പിരിയുകയാണെങ്കില്‍ അത് പൂര്‍ണ്ണ പരാജയമായിരിക്കുമെന്ന് തന്നെ സന്ദര്‍ശിച്ച ബി.ജെ.പി എം.പിമാരോട് അദ്വാനി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ചര്‍ച്ച നടക്കണമെന്നും അദ്വാനി പറഞ്ഞു.