എട്ടുവയസുകാരന്റെ ബേങ്ക് അക്കൗണ്ടില്‍ രണ്ട് ലക്ഷമെത്തി; പൊടുന്നനെ പിന്‍വലിച്ചു

Posted on: December 15, 2016 6:42 pm | Last updated: December 16, 2016 at 9:38 am
A

കാസര്‍കോട്: കാസര്‍കോട്ട് എട്ടുവയസുകാരന്റെ ബേങ്ക് അക്കൗണ്ടില്‍ രണ്ട് ലക്ഷത്തോളം രൂപയെത്തി. അതേ സമയം നിമിഷങ്ങള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് ഹൊസ്ദുര്‍ഗ് യു ബി എം സി എല്‍ പി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായ കൊവ്വല്‍പള്ളിയിലെ ദേവനന്ദിന്റെ ബേങ്ക് അക്കൗണ്ടിലേക്കാണ് ഇത്രയും ഭീമമായ തുകയെത്തിയത്. ഹൊസ്ദുര്‍ഗ് ടി ബി റോഡില്‍ പ്രവര്‍ത്തിക്കുന്ന ദേശസാല്‍കൃത ബേങ്കായ ബേങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിലേക്കാണ് കഴിഞ്ഞ ദിവസം പണമെത്തിയത്. സ്‌കോളര്‍ ഷിപ്പ് ലഭിക്കുന്നതിനുവേണ്ടിയാണ് ദേവനന്ദിന്റെ പേരില്‍ ബറോഡബേങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. ദേവനന്ദിന്റെ മൈനര്‍ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് 12 രൂപയാണ്. എന്നാല്‍ ഡിസംബര്‍ 13ന് ഈ അക്കൗണ്ടില്‍ രണ്ട് ലക്ഷത്തോളം രൂപ ആരോ നിക്ഷേപിക്കുകയായിരുന്നു. അന്നുതന്നെ ഈ തുക പിന്‍വലിക്കുകയും ചെയ്തു.

മാവുങ്കാല്‍ പുതിയ കണ്ടത്തെ ഓട്ടോഡ്രൈവര്‍ മോഹനന്റെയും കൊവ്വല്‍പള്ളിയിലെ പ്രീതയുടെയും മകനാണ് ദേവനന്ദ്. പണം നിക്ഷേപിച്ചതും പിന്‍വലിച്ചതും സംബന്ധിച്ച വിവരങ്ങള്‍ മോഹനന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി എത്തുകയായിരുന്നു. മോഹനന്‍ ബേങ്കിലെത്തി കാര്യമന്വേഷിച്ചപ്പോള്‍ അവര്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. ഒരബദ്ധം പറ്റിയതാണെന്നും ഇതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കരുതെന്നും ബേങ്ക് അധികൃതര്‍ അഭ്യര്‍ഥിച്ചതോടെ മോഹനന്‍ തിരിച്ചുവരികയായിരുന്നു. ഇതുസംബന്ധിച്ച് ആദായനികുതി വകുപ്പിനും റിസര്‍വ് ബേങ്കിനും പരാതി നല്‍കുമെന്ന് മോഹനന്‍ പറഞ്ഞു. നോട്ട് പ്രശ്‌നം വന്നതുമുതല്‍ ബേങ്ക് അധികൃതരുടെ ഒത്താശയോടെ കള്ളപ്പണക്കാര്‍ തങ്ങളുടെ കണക്കില്‍ പെടാത്ത പണം മറ്റ് അക്കൗണ്ടുകളിലേക്ക് മറിക്കാറുണ്ട്. ഈ രീതിയില്‍ കുട്ടിയുടെ അക്കൗണ്ടില്‍ പണമെത്തിയതാകാമെന്നാണ് സംശയിക്കുന്നത്. അക്കൗണ്ട് ഉടമകള്‍ അറിയാതെയുള്ള ഇത്തരം തട്ടിപ്പുകള്‍ ബേങ്കുകളില്‍ വ്യാപകമാവുകയാണ്.