Connect with us

Kerala

പള്ളിക്കല്‍ ബസാര്‍ പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയവരെ ചേളാരി-ലീഗ് ഗുണ്ടകള്‍ തല്ലിച്ചതച്ചു

Published

|

Last Updated

പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ജുമുഅ മസ്ജിദില്‍ നിസ്‌കാരത്തിന് എത്തിയ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ചേളാരി-ലീഗ് ഗുണ്ടകളുടെ ആക്രമണം. ഒമ്പത് സുന്നി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇന്നലെ മഗ്‌രിബ് നിസ്‌കാര സമയത്തായിരുന്നു ആസൂത്രിത ആക്രമണം. കെ ടി സൈതലവി ഹാജി (60), സി കെ സുബൈര്‍ (52), സി കെ മുഖ്താര്‍ (30) കരുവീട്ടില്‍ മമ്മദ് (58), കരുവീട്ടില്‍ ശാഫി (33), മമ്മിണിപ്പാട് മുസ്തഫ (38), സി കെ അബ്ദുസ്സമദ് (48), സി കെ അബൂഹനീഫ (27), കളരിക്കല്‍ അസീസ് (38) എന്നിവര്‍ക്കും നാല് പോലീസുകാര്‍ക്കുമാണ് പരുക്കേറ്റത്. ഇവരില്‍ രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പട്ടിക, മഴു, കത്തി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പള്ളിക്ക് സമീപമുള്ള സുന്നി പ്രവര്‍ത്തകരുടെ ചിക്കന്‍ സ്റ്റാളും മത്സ്യ മാര്‍ക്കറ്റും അങ്ങാടിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമികള്‍ നശിപ്പിച്ചു. പൂവന്‍തൊടി മുഹമ്മദിന്റെ ചിക്കന്‍ സ്റ്റാളും കരുവീട്ടില്‍ ശാഫിയുടെ മീന്‍മാര്‍ക്കറ്റുമാണ് തകര്‍ക്കപ്പെട്ടത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി മുസ്തഫ തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം മത്സ്യമാര്‍ക്കറ്റില്‍ കച്ചവടം നടത്തുകയായിരുന്ന ശാഫി, ശിഹാബ് എന്നിവരെ വലിച്ചിറക്കി മര്‍ദിച്ച ശേഷം കട അടിച്ചുതകര്‍ക്കുകയായിരുന്നു വെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. തുടര്‍ന്ന് അങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലീഗ് – ചേളാരി ഗുണ്ടകള്‍ സംഭവമറിഞ്ഞ് എത്തിയ പോലിസുകാര്‍ക്ക് നേരെയും തിരിഞ്ഞു. ഇതോടെ സി ആര്‍ പി എഫ് ജവാന്മാര്‍ സ്ഥലത്തെത്തി ലാത്തി വീശി അക്രമികളെ തുരത്തുകയായിരുന്നു. സ്ഥലത്ത് ശക്തമായ പോലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാതൊരു പ്രകോപനവും കൂടാതെ ലീഗ് ഗുണ്ടകള്‍ സുന്നികള്‍ക്ക് എതിരെ തിരിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മഗ്‌രിബ് നിസ്‌കാര ശേഷം ബോധപൂര്‍വം ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ മാരകായുധങ്ങള്‍ നേരത്തെ തന്നെ പള്ളിയില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം. സമീപ മഹല്ലുകളില്‍ നിന്നുള്ള ലീഗ് – ചേളാരി പ്രവര്‍ത്തകരും പള്ളിയില്‍ സംഘടിച്ച് എത്തിയിരുന്നു.
ഇരു വിഭാഗം സുന്നികളും സംയുക്തമായി ഭരണം നടത്തിയിരുന്ന പള്ളിക്കല്‍ ജുമുഅ മസ്ജിദ് വ്യാജരേഖ ചമച്ച് ചേളാരി വിഭാഗം പിടിച്ചെടുക്കാന്‍ ഹീനശ്രമം നടത്തിയതോടെ ഏറെക്കാലം അടച്ചിട്ടിരുന്നു. ഇതേതുടര്‍ന്ന് വഖ്ഫ് ബോര്‍ഡ് തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും ഇതിലും കൃത്രിമം കാണിച്ച് വിഘടിതര്‍ മഹല്ല് ഭരണം കൈയടക്കാന്‍ ശ്രമം നടത്തി. ഇത് തെളിഞ്ഞതോടെ വഖഫ് ബോര്‍ഡ് തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായി. പിന്നീട് ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ പള്ളി ഭരണം നിര്‍വഹിക്കാന്‍ നാല് മധ്യസ്ഥന്മാരെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി ഈ മധ്യസ്ഥന്‍മാര്‍ പോലും അറിയാതെ കഴിഞ്ഞ ഒക്‌ടോബറില്‍ ആര്‍ ഡി ഒ അദീല അബ്ദുല്ല പള്ളി ഭരണം ചേളാരി വിഭാഗത്തിന് കൈമാറുകയായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ചാവി കൈമാറ്റം.

Latest