മഹാമായ വയനാടന്‍ നെല്‍കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു

Posted on: December 14, 2016 7:38 pm | Last updated: December 14, 2016 at 7:38 pm
തോമസും സഹോദരന്മാരായ ഡേവിഡ്,സജി,ബിനോയ് എന്നിവര്‍

കല്‍പ്പറ്റ: ചത്തീസ്ഗഡില്‍ നിന്നും പാലക്കാട്ടെത്തി നെല്‍വയലുകളില്‍ പുത്തനുണര്‍വ്വേകിയ മഹാമായ വയനാടന്‍ നെല്‍കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു. പുതിയ നെല്‍കൃഷിയില്‍ സഹോദരങ്ങളായ കര്‍ഷകര്‍ക്ക് നൂറ്റിപ്പത്ത് മേനി വിളവ്.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ തരുവണ കരിങ്ങാരി പാടശേഖര സമിതിക്ക് കീഴില്‍ കൃഷി നടത്തിയ നന്നാട്ട് തോമസും സഹോദരങ്ങളുമാണ് പുതിയ ഇനം വിത്തുപയോഗിച്ച് കൃഷിചെയ്ത് വിളവെടുപ്പിനൊരുങ്ങുന്നത്.കൃഷിരംഗത്ത് ഒറ്റക്കെട്ടായി ജോലിചെയ്യുന്ന തോമസും സഹോദരന്മാരായ ഡേവിഡ്,സജി,ബിനോയ് എന്നിവരും ഒരു കര്‍ഷക മാസികയില്‍ വന്ന ലേഖനത്തില്‍ നിന്നാണ് പുതിയ ഇനം വിത്തിനെ ക്കുറിച്ച് അറിഞ്ഞ് പരീക്ഷണാര്‍ത്ഥം കൃഷിയിറക്കിയത്.തരുവണ കരിങ്ങാരിയിലെ കര്‍ഷക കുടുംബമായ നന്നാട്ട് തോമസിന് കൃഷിയിലെ പരീക്ഷണങ്ങള്‍ പുതുമയുള്ളതല്ല.

ഏലം, കപ്പ,ജാതി തുടങ്ങിയവയിലെല്ലാം മുന്‍കാലങ്ങളില്‍ പുതുപരീക്ഷണങ്ങള്‍ നടത്തുകയും പരാജയമറിയുകയും ചെയ്തതാണ്.എന്നാല്‍ തോറ്റ് പിന്‍മാറാതെനെല്‍കൃഷിയില്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ വന്‍ വിജയം കണ്ടിരിക്കുന്നത്.ഒരു കര്‍ഷക മാസികയില്‍ കൃഷി നടത്തി വിജയം വരിച്ച കര്‍ഷകനെ പരിചയപ്പെടുത്തി ഒരു കര്‍ഷക മാസികയില്‍ കണ്ട ലേഖനമാണ് മഹാമായ എന്ന വിത്തുതേടി പാലക്കാടേക്ക് വണ്ടി കയറാന്‍ തോമസിനെ പ്രേരിപ്പിച്ചത്.കിലോക്ക് 40 രൂപാ നല്‍കി 30 കിലോ വിത്തുമായി തിരിച്ചെത്തി സഹോദരങ്ങളോടൊപ്പം ചേര്‍ന്ന് വീടിന് മുന്നിലെ ഒന്നര ഏക്കറോളം വരുന്ന നെല്‍വയലില്‍ കൃഷിയിറക്കുകയായിരുന്നു.ഉയര്‍ന്ന രോഗ പ്രതിരോധശേഷി,സാധാരണനെല്ലിനേക്കാള്‍ നാലിരട്ടി വിളവ്,കതിര്‍മണികള്‍ പെട്ടെന്ന് ഉതിര്‍ന്നുവീഴാത്ത വിധം ഉറപ്പ്,തുടങ്ങിയവയായിരുന്നു മഹാമായയുടെ പ്രത്യേകതയായി ഇവര്‍ വായിച്ചറിഞ്ഞത്.നെല്‍ച്ചെടിക്ക് നീളക്കൂടുതലുണ്ടെങ്കിലും ചുവടുറപ്പും ചെടിയുടെ വണ്ണക്കൂടുതലും കാരണം കതിര്‍ മുറിഞ്ഞ് വിഴുകയില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.പുതിയ വിത്തിനെക്കുറിച്ച് വെള്ളമുണ്ട കൃഷിഓഫീസര്‍ കെ. മമ്മൂട്ടിയുമായി ആശയം പങ്കുവെച്ചപ്പോള്‍ നല്ല പ്രോത്സാഹനമായിരുന്നു ഇവര്‍ക്ക് ലഭിച്ചത്.

ഈ വിത്ത് പരീക്ഷാണാര്‍ത്ഥം കൃഷിയിറക്കാന്‍ കൃഷിഭവന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇവര്‍ സ്വയം കൃഷിയിറക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്.കൃഷിയിറക്കി നാല് മാസത്തിന് മുമ്പായി തന്നെ ഇപ്പോള്‍ വിളവെടുപ്പിന് പാകമായിരിക്കുയാണ്.മേനി പരിശോധിക്കുന്നതിനായി കുറഞ്ഞ ഭാഗത്ത് നിന്നും നെല്ല് കൊയ്‌തെടുത്ത് തൂക്കിയപ്പോള്‍ ശരാശരി ഒരേക്കറില്‍ നിന്നും 50 ക്വിന്റല്‍ നെല്ല് കിട്ടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.സാധാരണയായി ജയ, ആതിര,ഉമ തുടങ്ങിയ വിത്തുകള്‍ ഉപയോഗിച്ചാല്‍ 15 മുതല്‍ 20 ക്വിന്റല്‍ വരെയാണ് ഒരു ഏക്കറില്‍ നിന്നും വിളവ് ലഭിക്കുക.മുന്‍ വര്‍ഷങ്ങളിലെല്ലാം ഇത്തരം വിത്തുകളുപയോഗിച്ചപ്പോള്‍ ഉണ്ടായിരുന്ന തണ്ടു തുരപ്പന്‍ പോലുള്ള യാതൊരു കീടശല്യമോ രോഗമോ ഈ വര്‍ഷം പിടിപെട്ടില്ലെന്നതും മഹാമായയുടെ പ്രത്യേകതയെന്ന കരുതപ്പെടുന്നു.രാസവളങ്ങളോ കീടനാശിനിയോ കൃഷിയിടത്തില്‍ ഈവര്‍ഷം ഒരിക്കല്‍ പോലും പ്രയോഗിച്ചിട്ടില്ല.മഹാമായയില്‍ നിന്നും നീണ്ട വെളുത്ത അരിയാണ് ലഭിക്കുന്നത്.പരീക്ഷണ കൃഷിയിലെ വിജയത്തെ ത്തുടര്‍ന്ന് അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലത്ത് മഹാമായ കൃഷിയിറക്കാനാണ് ഈ കര്‍ഷക സഹോദരങ്ങളുടെതീരുമാനം.