പാലക്കാടന്‍ കാറ്റില്‍ മരുവത്കരണത്തിന്റെ ചൂടോ?

വരണ്ട കാറ്റാണ് പാലക്കാടിന്റെ പ്രത്യേകത. കേരളത്തിന്റെ മഴ ലഭ്യതയില്‍ നിര്‍ണായക സ്ഥാനമാണ് ഈ കാറ്റിനുള്ളത്. എന്നാല്‍ വരണ്ട കാറ്റില്‍ 'പച്ചമരങ്ങള്‍ക്ക് തീപ്പിടിക്കുന്നത് പാലക്കാട് മഴനിഴല്‍ പ്രദേശമാകുന്നതിന്റെ ലക്ഷണമായാണ് വിദഗ്ധര്‍ കാണുന്നത്. മഴനിഴല്‍ പ്രദേശം എന്ന് പറഞ്ഞാല്‍ മഴ പെയ്യും എന്ന തോന്നല്‍ ഉളവാക്കി ആകാശം മൂടിക്കെട്ടി നില്‍ക്കുന്ന, മഴ പെയ്യാത്ത പ്രദേശം എന്നര്‍ഥം. ഇന്ത്യന്‍ നെറ്റ്‌വര്‍ക്ക് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ചസ് അസ്സസ്സ്‌മെന്റ്- 2012 റിപ്പോര്‍ട്ടില്‍ പൂനെയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിരീയോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.
Posted on: December 14, 2016 8:55 am | Last updated: December 14, 2016 at 8:56 am
SHARE

‘മരുഭൂമികളുണ്ടാകുന്നത്’ എന്ന നോവലില്‍, ഭരണകൂടത്തിന്റെ ചെയ്തികള്‍ മൂലം ദുരിതം അനുഭവിക്കുന്ന മനുഷ്യന്റെ ജീവിതം മരുഭൂമിയുടെ പശ്ചാത്തലത്തില്‍ ആനന്ദ് വരച്ച് കാട്ടുന്നുണ്ട്. മഴനഷ്ടത്തിന്റെയും കാലം തെറ്റിയുള്ള വര്‍ഷപാതത്തിന്റെയും സംസ്ഥാനമാകെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെയും പശ്ചാത്തലത്തില്‍ മരുവത്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ ഉയര്‍ന്നു വരികയാണ്. ഈ ചര്‍ച്ചകള്‍ അല്‍പ്പം അതിശയോക്തിപരമെന്ന് തോന്നാം. എന്നാല്‍ പാലക്കാട്ട് സംഭവിക്കുന്ന മാറ്റങ്ങളും ജല ചൂഷണവും മുന്‍ നിര്‍ത്തി അത്തരമൊരു ഭാവിയെ മുന്നില്‍ കണ്ടേ തീരൂ.
വരണ്ട കാറ്റാണ് പാലക്കാടിന്റെ പ്രത്യേകത. കേരളത്തിന്റെ മഴ ലഭ്യതയില്‍ നിര്‍ണായക സ്ഥാനമാണ് ഈ കാറ്റിനുള്ളത്. എന്നാല്‍ വരണ്ട കാറ്റില്‍’പച്ചമരങ്ങള്‍ക്ക് തീപിടിക്കുന്നത് പാലക്കാട് മഴനിഴല്‍ പ്രദേശമാകുന്നതിന്റെ ലക്ഷണമായാണ് വിദഗ്ധര്‍ കാണുന്നത്. മഴനിഴല്‍ പ്രദേശം എന്ന് പറഞ്ഞാല്‍ മഴ പെയ്യും എന്ന തോന്നല്‍ ഉളവാക്കി ആകാശം മൂടിക്കെട്ടി നില്‍ക്കുന്ന, മഴ പെയ്യാത്ത പ്രദേശം എന്നര്‍ഥം. ഇന്ത്യന്‍ നെറ്റ്‌വര്‍ക്ക് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ചസ് അസ്സസ്സ്‌മെന്റ്- 2012 റിപ്പോര്‍ട്ടില്‍ പൂനെയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിരീയോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഈര്‍പ്പത്തിന്റെ സാന്നിധ്യമില്ലാതെ വീശുന്ന പാലക്കാടന്‍ കാറ്റ് വേനല്‍ മഴയെ കാര്യമായി സ്വാധീനിച്ചിരുന്നു. എന്നാല്‍ പശ്ചിമഘട്ട മലനിരകളിലെ സസ്യാവരണം നഷ്ടപ്പെട്ടിരിക്കുന്നതും പാലക്കാടിനോട് അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ താപനിലയിലെ വര്‍ധനയും പാലക്കാടന്‍ കാറ്റിനെ മരുഭൂമിയില്‍ വീശുന്ന ഉഷ്ണവാതത്തിന്റെ രൂപത്തില്‍ എത്തിച്ചിരിക്കുകയാണ്. പുല്‍ക്കാടുകളെയും കരിമ്പനകളെയും തീപിടിപ്പിച്ച് വീശിയടിക്കുന്ന ഈ കാറ്റ് അടുത്ത രണ്ടോ മൂന്നോ വേനല്‍ക്കാലത്തിനുള്ളില്‍ കൂടുതല്‍ മുന്നോട്ടെത്തി കടല്‍ കാറ്റിനെ പിന്നോട്ടടിക്കുന്ന എതിര്‍ കാറ്റാകുന്ന സാഹചര്യമുണ്ടാക്കും. തെക്കന്‍ മലബാറടക്കം കേരളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളും ഇതോടെ ഉഷ്ണവാതത്തിന്റെ പിടിയില്‍പെട്ട് മഴനിഴല്‍ പ്രദേശമായി മാറുമെന്നാണ് ട്രോപ്പിക്കല്‍ മെറ്റിരോളജി വകുപ്പ് പറയുന്നത്. കൃഷി രീതിയിലുണ്ടായ മാറ്റവും വനങ്ങള്‍ ഇല്ലാതാകുന്നതും ഈ പ്രക്രിയക്ക് വേഗം കൂട്ടുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പാലക്കാട്ട് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ 16,000 കുളങ്ങള്‍ നികത്തിയെന്നാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഇതില്‍ അരയേക്കറില്‍ താഴെയുള്ളവ 11,000വും അരയേക്കറിന് മുകളിലുള്ളവ 5,068 ഉം വരുമെന്നാണ് കണക്ക്. നികത്തിയ കുളങ്ങളില്‍ അരയേക്കറില്‍ താഴെയുള്ളവയില്‍ ശരാശരി ആറ് ലക്ഷം ലിറ്റര്‍ വെള്ളമുണ്ടായിരുന്നു. അരയേക്കറിന് മുകളിലുള്ളവയില്‍ പത്ത് മുതല്‍ 15 ലക്ഷം ലിറ്ററായിരുന്നു സംഭരണശേഷി. കുളങ്ങള്‍ നികത്തിയതാണ് പാലക്കാട്ടെ ജലക്ഷാമത്തിനും കൊടും ചൂടിനും പ്രധാന കാരണം. നികത്തിയ കുളങ്ങള്‍ നിലനിന്നിരുന്ന ബഹുഭൂരിപക്ഷം സ്ഥലത്തും കെട്ടിടങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. നിലം നികത്തലിന് നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇതിന് ആക്കം കൂട്ടിയിരിക്കുന്നത്. 23, 800 കുളങ്ങളാണ് നിലവില്‍ അവശേഷിക്കുന്നത്. ഇവയെങ്കിലും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും വേനലില്‍ കുടിവെള്ളക്ഷാമം അതിഭീകരമാകും.
സംസ്ഥാനത്ത് രണ്ട് നെല്ലറകളാണുള്ളത്. കുട്ടനാടും പാലക്കാടും. ഭൂരിപക്ഷം നെല്‍വയലുകളും നികത്തിയതോടെ പാലക്കാടിന്റെ ആ ഖ്യാതിയൊക്കെ കടലാസില്‍ മാത്രമാകുകയാണ്. നെല്‍വയലുകള്‍ അപ്രത്യക്ഷമായതോടെ പല സസ്യങ്ങളും ജീവികളും പോയ് മറഞ്ഞ് തുടങ്ങി. മണ്ണിര, ഞണ്ട്, തവള, പലതരത്തില്‍ ജലത്തില്‍ ജീവിക്കുന്ന പാമ്പുകളും പക്ഷിജാലങ്ങളുമെല്ലാം അപ്രത്യക്ഷമായി തുടങ്ങി. മണ്ണിരയെ പോലെയുള്ള ജീവികളുടെ നാശത്തിന് കാരണം വെര്‍ട്ടിസോള്‍ എന്ന വിഭാഗത്തില്‍പ്പെട്ട, ജൈവാംശം കൂടിയ മണ്ണിന്റെ ഈര്‍പ്പവും ഊഷ്മാവില്‍ വന്ന മാറ്റവുമാണെന്നാണ് പഠന റിപ്പോര്‍ട്ട്. രാത്രി മണ്ണിരകള്‍ ഈര്‍പ്പവും തണുപ്പും തേടി മണ്ണിന്റെ ഉപരിതലത്തിലെത്തുന്നു. പകല്‍മണ്ണ് പെട്ടെന്ന് ചൂടാകുന്നു. രാവിലെ ഏഴരക്ക് മണ്ണിന്റെ ഉപരിതല ഊഷ്മാവ് (5 സെ.മീ ആഴത്തില്‍) 18 ഡിഗ്രി -190ഡിഗ്രി സെല്‍ഷ്യസ് ആണെങ്കില്‍ ഉച്ചക്ക് ഒരു മണിയാവുമ്പോഴേക്കും 33-350 യിലേക്ക് കുതിച്ച് ഉയരുന്നു. ഇത് മൂലം ജൈവാംശം കൂടിയ മണ്ണ് പെട്ടെന്ന് ദൃഢപ്പെടുകയും മണ്ണിരകളുടെ താഴോട്ടുള്ള സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പെട്ടെന്ന് ഉയര്‍ന്ന താപം താങ്ങാനാകാതെയാണ് മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. പാലക്കാട്ട് നിന്നാണല്ലോ സൂര്യാഘാതത്തിന്റെ വാര്‍ത്ത നിരന്തരം വരാറുള്ളത്.
ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി പഞ്ചായത്ത് കാര്‍ഷിക ഗ്രാമമായാണ് അറിയപ്പെട്ടിരുന്നത്. 2000ല്‍ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം തുടങ്ങിയതോടെ സ്ഥിതിഗതികളെല്ലാം മാറി. ജില്ലയില്‍ ഏറ്റവും കുടുതല്‍ ഭൂഗര്‍ഭജല ശേഖരമുണ്ടായിരുന്ന പ്ലാച്ചിമട ഇന്ന് മരുഭൂമിക്ക് സമാനമാണ്. കൊക്കകോള കമ്പനി ദിനം പ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭജലം ഊറ്റിയെടുത്തതാണ് പ്രദേശത്തെ കിണറുകളെയും മറ്റു കുടിവെള്ള സ്രോതസ്സുകളെയും ഉണക്കിക്കളഞ്ഞത്. മാരകമായ വിഷാംശം കലര്‍ന്ന അവശിഷ്ടങ്ങള്‍ പുറത്ത് വിട്ടത് മൂലം മണ്ണും ജലസ്രോതസ്സുകളും വിഷമയമായി. വയലുകള്‍ ഉപയോഗശൂന്യമായി. ജനകീയ സമരത്തിലൂടെ കമ്പനി അടച്ച് പൂട്ടിയെങ്കിലും ജനജീവിതം ദുരിത പൂര്‍ണമാണ് ഇവിടെ. ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ദാഹജലം പോലും കിട്ടാത്ത അവസ്ഥ. പെപ്‌സിയുടെ പ്രവര്‍ത്തനം മൂലം അഞ്ച് വര്‍ഷത്തിനിടെ പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് മുപ്പത് അടിയോളം താഴ്ന്നിരിക്കുകയാണ്. ഈ മേഖലയില്‍ പത്തില്‍ ഒരു കിണര്‍ മാത്രമേ ഉപയോഗയോഗ്യമായിട്ടുള്ളൂു. പ്രതിദിനം15 ലക്ഷത്തിലധികം ലിറ്റര്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നതാണ് അപകടകരമായ തോതില്‍ ഭൂഗര്‍ഭജലനിരപ്പ് താഴാനിടയാക്കിയത്. ഇതിന് പുറമേയാണ് മാലിന്യ പ്രശ്‌നം. കൊക്കോകോള കമ്പനിയുടെ പ്രവര്‍ത്തനം പോലെ ദുരിതം വിതച്ച് കഞ്ചിക്കോട്ട് പെപ്‌സി കമ്പനിയും ഇരുമ്പുരുക്ക് കമ്പനിയും ഭൂഗര്‍ഭജലം ചൂഷണം ചെയ്യുകയാണ്. ഇവിടെ വീറുറ്റ സമരത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമായിരിക്കുന്നു.
എട്ട് ഡാമുകളുണ്ടായിട്ടും ഇതുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ വരള്‍ച്ചയാണ് ഇപ്പോള്‍ ജില്ല നേരിടുന്നത്. മുമ്പ് തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ കേരളത്തിന് ഒരു പിശുക്കും ഉണ്ടായിരുന്നില്ല. വരള്‍ച്ചയുടെ പര്യായമായിരുന്ന തമിഴ്‌നാട് ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനും നടപടി സ്വീകരിച്ചത് മൂലം ഈ പ്രശ്‌നത്തെ ഒരു പരിധിവരെ മറികടന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടേണ്ട വെള്ളം അവര്‍ കൃത്യമായി വാദിച്ചു വാങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട് പറമ്പിക്കുളം അണക്കെട്ടില്‍ നിന്ന് വെള്ളം തരാതെയിരുന്നാല്‍ ചിറ്റൂര്‍ മേഖലകളില്‍ നെല്‍കൃഷി മാത്രമല്ല കുടിവെള്ളം കൂടി മുടങ്ങുന്ന അവസ്ഥയാണിപ്പോള്‍. കിഴക്കോട്ട് ഒഴുകുന്ന ഭവാനി പുഴ ഒരു നീര്‍ച്ചാല്‍ മാത്രമായി കഴിഞ്ഞു. ഇത് അട്ടപ്പാടിയില്‍ ആദിവാസികളുടെ ജീവിതം അസാധ്യമാക്കുകയാണ്. പാലമരങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നതിനാലാണത്രേ ഈ നാട് പാലക്കാടായത്. പച്ചപ്പിന് പകരം വരണ്ട വയലുകളും പുഴകളും അണക്കെട്ടുകളുമാണ് ഇന്നത്തെ അടയാളം. ജല സംരക്ഷണത്തിന്റെ ഉണര്‍വുകള്‍ ഇവിടെ നിന്നാണ് തുടങ്ങേണ്ടത്. കാരണം ജലചൂഷണത്തിനെതിരെ നടന്ന പോരാട്ടത്തിന്റെ ഭൂമി കൂടിയാണല്ലോ ഇത്.
നാളെ: വരാനിരിക്കുന്നത് കൂരിരുട്ടോ?

ഇലമുളച്ചി പൂക്കുന്നു;
വിരുന്നുകാരെത്തുന്നു
മരുഭൂമിയില്‍ കണ്ടുവരുന്ന പക്ഷികളും സസ്യജാലങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് പാലക്കാടിന്റെ മാ്രതമല്ല കേരളത്തിന്റെ തന്നെ ഭൂപ്രകൃതിക്ക് മാറ്റം വരുന്നുവെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. മഞ്ഞ് കാലാവസ്ഥയിലും മരുഭൂമിയിലും പൂക്കുന്ന ഇലമുളച്ചി പാലക്കാട്ട് പുഷ്പിച്ച് തുടങ്ങിയിരിക്കുന്നു. Bryophyllum pinnatum എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഈ ചെടിയുടെ ഉറവിടം തെക്കേ ആഫ്രിക്കയിലെ മഡഗാസ്‌കറാണ്. കുനിശ്ശേരിയിലെ ഒരു വീട്ടില്‍ മൂന്ന് വര്‍ഷം മുമ്പ് ഇത്തരം ചെടി നട്ടിരുന്നുവെങ്കിലും പൂത്തിരുന്നില്ല. ഇക്കുറി പൂത്തു. മഞ്ഞും കനത്ത ചൂടും ആയതോടെ പൂക്കുകയായിരുന്നുവത്രേ. എക്‌സോയിട്ടിക് ഇനത്തില്‍ പെട്ട വിദേശ ഇനം ഇലമുളച്ചി ചെടികളും അപൂര്‍വം ചില സ്ഥലങ്ങളില്‍ കണ്ടു വരുന്നുണ്ട്. വര്‍ഷം രണ്ട് തവണ മാത്രമേ ഇലമുളച്ചി പൂക്കാറുള്ളൂ. പൂത്ത് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസം വരെ വാടാതെ നില്‍ക്കുന്ന പൂക്കളാണ് ഇവയുടെ പ്രത്യേകത. ഇലയില്‍ നിന്നും വേര് പിടിച്ച് പുതിയത് ഉണ്ടാകുന്നത് കൊണ്ടാവാം പേര് ഇലമുളച്ചിയായത്. മരുഭൂമി പ്രദേശങ്ങളിലെ കള്ളിമുള്‍ച്ചെടി പോലെ ഇലകളില്‍ ജലം സൂക്ഷിച്ച് വെക്കാനുള്ള കഴിവുണ്ട് ഇവക്ക്. കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം ചെടികള്‍ കേരളത്തില്‍ വളരാനും പൂക്കാനും കാരണമെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
നെല്‍വയലുകളില്‍ വെള്ള കൊറ്റികളാണ് പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ മരുഭൂമിയില്‍ ജീവിക്കുന്ന പക്ഷികളും ഇപ്പോള്‍ വന്നുതുടങ്ങി. ചെങ്കാലന്‍ പുള്ള് എന്നറിയപ്പെടുന്ന അമുര്‍ ഫാല്‍കന്‍, പനങ്കാക്ക വര്‍ഗത്തില്‍പ്പെട്ട യൂറോപ്യന്‍ റോള്ളര്‍ എന്നീ പക്ഷികളെ മലമ്പുഴയില്‍ കണ്ടെത്തിയിരിക്കുന്നു. സൈബീരിയയിലും ചൈനയുടെ വടക്കന്‍ പ്രവിശ്യയിലും വസിക്കുന്ന അമുര്‍ ഫാല്‍ക്കനുകള്‍ ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്നവയാണ്. മൂന്ന് ആണും ഒരു പെണ്ണും ഉള്‍പ്പെടെ ഇത്തരം നാല് പക്ഷികളെയാണ് മലമ്പുഴയില്‍ കണ്ടത്.
നാഗാലാന്‍ഡിലും മണിപ്പൂരിലും അമുര്‍ ഫാല്‍ക്കനുകള്‍ ധാരാളമായി എത്താറുണ്ടെങ്കിലും കേരളത്തില്‍ കാണപ്പെടുന്നത് അപൂര്‍വമാണ്. റോള്ളര്‍ പക്ഷിവര്‍ഗത്തില്‍ യൂറോപ്പില്‍ പ്രജനനം നടത്തുന്ന ഏക വിഭാഗമാണു യൂറോപ്യന്‍ റോള്ളര്‍. വടക്കന്‍ ആഫ്രിക്കയിലും മൊറോക്കോയിലും ടുണീഷ്യയിലും മറ്റുമാണ് ഈ വര്‍ഗത്തില്‍പ്പെട്ട പക്ഷികളെ കൂടുതലും കണ്ടുവരുന്നത്. കശ്മീര്‍ വഴി തെക്കന്‍ കസാക്കിസ്ഥാനിലൂടെ ദേശാടനം നടത്തുന്ന ഈ പക്ഷിയും കേരളത്തില്‍ അപൂര്‍വ വിരുന്നുകാരനാണ്. ഈ രണ്ടു തരം പക്ഷികളെയും ഇതിന് മുമ്പ് പാലക്കാട്ട് കണ്ടിട്ടില്ലെന്നു പ്രമുഖ പക്ഷിനിരീക്ഷകനായ നമശിവായം ലക്ഷ്മണന്‍ പറഞ്ഞു.
അട്ടപ്പാടിയില്‍ കള്ളിമുള്‍ച്ചെടി വ്യാപകമാകുന്നതും വരണ്ടകാറ്റ് വീശുന്നതും സ്വാഭാവിക മാറ്റമായി കാണാനാകില്ല. കണിക്കൊന്നകള്‍ കാലം മാറി പുഷ്പിക്കുന്നതും തവളകള്‍ ചത്തൊടുങ്ങുന്നതും അനവസരത്തില്‍ നാട്ടില്‍ മയിലിറങ്ങുന്നതും മരുവത്കരണത്തിന്റെ ലക്ഷണങ്ങള്‍ തന്നെ. നല്ല വേനലില്‍ കാടുകളില്‍ നിന്ന് മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും കേരളത്തിലെ കാഴ്ചയായി മാറുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here