ജനാധിപത്യത്തിന് കളങ്കം

Posted on: December 14, 2016 8:52 am | Last updated: December 14, 2016 at 8:52 am

ബി ജെ പിയുടെ ഫാസിസ്റ്റ് മുഖം അനാവരണം ചെയ്യുന്നതാണ് ഭോപ്പാലില്‍ മലയാളി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന് വിലക്ക് കല്‍പിച്ച നടപടി. പിണറായിയെയല്ല കേരളത്തെ തന്നെയാണ് ഇതിലൂടെ മധ്യപ്രദേശ് സര്‍ക്കാറും പോലീസും അവമതിച്ചത്. ബി ജെ പി ഒഴിച്ചു സംസ്ഥാനത്തെ ഒന്നടങ്കം കക്ഷികളും സംഭവത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടത് പോലെ ഇത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയും ജനാധിപത്യ മൂല്യങ്ങളുടെ നിരാകരണവുമാണ്. രാജ്യത്തെ ഏതൊരു നേതാവിനും ഒരിടത്തും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഇത്തരം വിലക്കുകള്‍.
കണ്ണൂരില്‍ സി പി എം ആക്രമണത്തില്‍ ആര്‍ എസ് എസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍, പിണറായിക്ക് സ്വീകരണം ഒരുക്കിയ ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ കവാടത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പിണറായിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സംഘാടകര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടപ്പോള്‍ അത് മാനിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം, പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പോലീസ് കൈയൊഴിയുകയായിരുന്നു. ആരെങ്കിലും ഒരു പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തടയുകയല്ല, പ്രതിഷേധക്കാരെ പ്രതിരോധിച്ചു പരിപാടിയില്‍ സംബന്ധിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയാണ് ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാറും പോലീസും ചെയ്യേണ്ടിയിരുന്നത്. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട നിലപാട് ക്രമസമാധാന പാലനത്തില്‍ അദ്ദേഹത്തിന്റെ സര്‍ക്കാറിന്റെ കഴിവുകേടാണ് വെളിപ്പെടുത്തുന്നത്. ആര്‍ എസ് എസിന്റെ നിര്‍ദേശം അപ്പാടെ അനുസരിക്കുകയല്ല, അഭികാമ്യമല്ലാത്ത അവരുടെ തിട്ടൂരങ്ങള്‍ അവഗണിക്കാനുള്ള ആര്‍ജവം കാണിക്കുകയായിരുന്നു ചൗഹാന്‍ ചെയ്യേണ്ടിയിരുന്നത്. ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി മധ്യപ്രദേശ് സര്‍ക്കാറിന്റെ അതിഥി കൂടിയാണ്. അതിഥിയെ അപമാനിച്ചയക്കുന്നത് മാന്യമായ സംസ്‌കാരത്തിന്റെ ഭാഗമല്ല.
കണ്ണൂരിലെ അക്രമ സംഭവങ്ങള്‍ ഏകപക്ഷീയമല്ല. ആര്‍ എസ് എസും അവിടെ പ്രതിക്കൂട്ടിലാണ്. കണ്ണൂരിനെ രക്തപങ്കിലമാക്കിയതില്‍ സി പി എമ്മിനേക്കാള്‍ ഒട്ടും കുറവല്ലാത്ത പങ്ക് ആര്‍ എസ് എസിനുമുണ്ട്. അവരുടെ കൊലക്കത്തിക്ക് ഒട്ടേറെ സി പി എം പ്രവര്‍ത്തകര്‍ ഇരയായിട്ടുണ്ട്. ഈ വസ്തുതള്‍ക്ക് നേരെ കണ്ണടച്ചു കുറ്റം സി പി എമ്മിന്റെ പേരില്‍ ചാര്‍ത്താനും പ്രശ്‌നം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ആര്‍ എസ് എസും ബി ജെ പിയും ശ്രമിക്കുന്നത്.
ഒരു സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളെച്ചൊല്ലി അവിടുത്തെ മന്ത്രിമാര്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ മറ്റൊരു സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തുകയാണെങ്കില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കൊന്നും മറ്റൊരു സംസ്ഥാനത്തും പ്രവേശിക്കാന്‍ സാധിക്കാതെ വരും. അത്രയേറെ അക്രമ സംഭവങ്ങളാണല്ലോ ബി ജെ പിക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ നടത്തി വരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ ഏതെങ്കിലുമൊരു ബി ജെ പി നേതാവിന്, ഇതര കക്ഷികളുടെ ഭരണത്തിലുള്ള ഒരു സംസ്ഥാനവും ഇന്നോളം വിലക്കേര്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ അടുത്തിടെ ബി ജെ പിയുടെ ദേശീയ കണ്‍വെന്‍ഷന്‍ നടന്നു. ശിവരാജ് സിംഗ് ചൗഹാനുള്‍പ്പെടെ അതില്‍ സംബന്ധിക്കാനെത്തിയ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്കെല്ലാം കേരള സര്‍ക്കാര്‍ സര്‍വവിധ സുരക്ഷയും നല്‍കുകയുണ്ടായി. വിവിധ പരിപാടികളില്‍ സംബന്ധിച്ച അവരില്‍ ഒരാള്‍ക്കും എവിടെയും ഒരു പ്രയാസവും അനുഭവപ്പെട്ടില്ല. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം ആളിക്കത്തിക്കാനായി ബി ജെ പിയുടെ പ്രമുഖ നേതാക്കള്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായിയുടെ നാട്ടില്‍ വരെയെത്തിയിരുന്നു. എന്നിട്ടും അവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയില്ല. രാഷ്ട്രീയമായ വിയോജിപ്പ് മാന്യതക്ക് വിലങ്ങു തടിയാകരുതെന്നത് ആരോഗ്യകരമായ രാഷ്ട്രീയത്തിന്റെ ബാലപാഠമാണ്.
കക്ഷി രാഷ്ട്രീയത്തില്‍ ആശയ ഭിന്നതകളും വാഗ്വാദങ്ങളും സ്വാഭാവികമാണ്. ചിലപ്പോള്‍ അത് സംഘര്‍ഷ രൂപം പ്രാപിക്കുകയുമാകാം. എങ്കിലും അതിന്റെ പേരില്‍ ജനപ്രതിനിധികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതും അവരെ വഴിയില്‍ തടയുന്നതും നീതീകരിക്കാവതല്ല. അപമാനിച്ചു തിരിച്ചയച്ച ശേഷം ഖേദപ്രകടനം കൊണ്ട് മായ്ച്ചു കളയാകുന്നതല്ല മധ്യപ്രദേശ് സര്‍ക്കാറിന് അതേല്‍പ്പിച്ച നാണക്കേട്. രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ക്കിടയിലും അന്യോന്യം ആദരിക്കാനും മാന്യത പാലിക്കാനുമുള്ള വിവേകം ജനാധിപത്യ വ്യവസ്ഥയുടെ അനിവാര്യതയാണ്.