പ്രവാചകര്‍ അതുല്യ വ്യക്തിത്വം: നഈമി

Posted on: December 11, 2016 4:28 pm | Last updated: December 11, 2016 at 10:58 pm

ദുബൈ: സമഗ്രമായ പ്രാപഞ്ചിക വ്യാഖ്യാനവും സന്തുലിതമായ ജീവിത വിതാനവും സമര്‍പിച്ചു കൊണ്ട് സമൂഹത്തെ മാറ്റിയെടുത്ത വിശ്വവിമോചകനാണ് മുഹമ്മദ് നബിയെന്ന് പ്രമുഖ പ്രഭാഷകനും എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. മുഹമ്മദ് മുഹമ്മദ് ഫാറൂഖ് നഈമി പ്രസ്താവിച്ചു. മാനവ സമുദായത്തിന്റെ ചിന്തയിലും സംസ്‌കാരത്തിലും ജീവിത ശൈലിയിലും അഗാധ സ്വാധീനം ചെലുത്തിയ ഒരു നേതാവ് പ്രവാചകന്‍ മുഹമ്മദ് നബി (സ)യല്ലാതെ വേറൊരാള്‍ ഇല്ല. ഇരുട്ടിന്റെ അവസാന പാളിയും അവശേഷിക്കാത്ത രീതിയില്‍ ജ്ഞാന സമ്പാദനത്തിലൂടെ സമൂഹത്തെ നയിച്ച നേതാവാണ് മുഹമ്മദ് നബി (സ)യെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹോര്‍ അല്‍ അല്‍ അന്‍സ് സുന്നി കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ദുബൈയില്‍ സാന്ത്വനം പ്രവര്‍ത്തന രംഗത്ത് നിരവധി അശരണര്‍ക്ക് ആശ്വാസമേകാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അനീസ് തലശ്ശേരി, ഷാജി വടക്കേകാട് എന്നിവര്‍ക്കുള്ള അനുമോദനം യഥാക്രമം ഐ സി എഫ് നാഷണല്‍ ട്രഷറര്‍ മഹ്മൂദ് ഹാജി, ദുബൈ മര്‍കസ് സെക്രട്ടറി അബൂബക്കര്‍ കേളോത്ത് എന്നിവര്‍ നല്‍കി. ജി സി സി തലത്തില്‍ ആര്‍ എസ് സി നടത്തുന്ന ബുക് ടെസ്റ്റിനുള്ള പുസ്തക വിതരണോദ്ഘാടനം മമ്പാട് അബ്ദുല്‍ അസീസ് സഖാഫി അസീസ് ഹാജി പാനൂരിന് നല്‍കി നിര്‍വഹിച്ചു. മുസ്തഫ ദാരിമി വിളയൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ സലാം സഖാഫി വെള്ളലശ്ശേരി, സി എം എ ചേറൂര്‍, സുലൈമാന്‍ കന്മനം, അഷ്‌റഫ് പാലക്കോട്, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, കരീംഹാജി തളങ്കര, മുസ്തഫ ചേലേമ്പ്ര, യഹ്‌യ സഖാഫി ആലപ്പുഴ എന്നിവര്‍ സംബന്ധിച്ചു. നൗഫല്‍ അസ്ഹരി സ്വാഗതവും മന്‍സൂര്‍ ചേരാപുരം നന്ദിയും പറഞ്ഞു.