ഇത്തിഹാദ് മ്യൂസിയം ജനുവരി ഏഴു മുതല്‍ സന്ദര്‍ശിക്കാം

Posted on: December 11, 2016 4:18 pm | Last updated: December 11, 2016 at 3:19 pm

ദുബൈ: ഇത്തിഹാദ് മ്യൂസിയത്തില്‍ ജനുവരി ഏഴ് മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കും.45-ാമത് ദേശീയദിനത്തില്‍ ഭരണാധിപന്‍മാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ചരിത്രഗേഹത്തില്‍ നിലവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും അവരുടെ പ്രതിനിധി സംഘങ്ങള്‍ക്കും മാത്രമാണ് പ്രവേശനാനുമതി.

2017 ജനുവരി ഏഴ് മുതലാണ് പൊതുപ്രവേശന സൗകര്യമെന്ന് ദുബൈ സാംസ്‌കാരിക കലാ അതോറിറ്റി (ദുബൈ കള്‍ചര്‍) ആക്ടിംഗ് ഡി ജി സഈദ് അല്‍ നബൂദ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ എട്ടു വരെയാണ് പൊതുജനങ്ങളുടെ സന്ദര്‍ശന സമയം.
ദേശത്തിന്റെ പൈതൃകവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന ഉന്നത സാംസ്‌കാരിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയത്തിന്റെ സാക്ഷാല്‍കാരമാണ് ഇത്തിഹാദ് മ്യൂസിയമെന്ന് അദ്ദേഹം പറഞ്ഞു.
അറിവിന്റെ ഉന്നത വിനിമയ കേന്ദ്രമായി മ്യൂസിയം മാറും. വിദ്യാര്‍ഥികളും ചരിത്ര പണ്ഡിതരും വിദഗ്ധരും ഉള്‍കൊള്ളുന്ന സംവാദങ്ങള്‍ക്കും ശില്‍പശാലകള്‍ക്കും ഇവിടം വേദിയാവും. ദുബൈ പബ്ലിക് ലൈബ്രറിയുടെ മ്യൂസിയം ശാഖയില്‍ 3,000 പുസ്തകങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
യൂനിയന്‍ ഹൗസിന് ചേര്‍ന്ന് നിലകൊള്ളുന്ന മ്യൂസിയത്തില്‍ 200 കാറുകള്‍ പാര്‍ക് ചെയ്യാന്‍ സൗകര്യമുണ്ടാവും.