ജി എസ് ടി: സംസ്ഥാനങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന് മന്ത്രി തോമസ് ഐസക്

Posted on: December 11, 2016 6:49 am | Last updated: December 11, 2016 at 9:37 am

ആലപ്പുഴ: ജി എസ് ടി നടപ്പാക്കുന്ന സാഹചര്യമല്ല രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ഈ വിഷയത്തില്‍ സംസ്ഥാനങ്ങളെടുത്ത നിലപാടില്‍ ഒരിഞ്ച് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നോട്ട് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ ലക്ഷ്മണരേഖ തകര്‍ന്നിരിക്കുകയാണെന്നും സംഘര്‍ഷാത്മക സാഹചര്യത്തില്‍ ജി എസ് ടി നടപ്പാക്കുന്നത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി എസ് ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സംസ്ഥാനത്തിന്റെ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി സൂചിപ്പിച്ചു.

കേരളത്തിലെ ജില്ലാ സഹകരണ ബേങ്കുകള്‍ നല്‍കിയ കേസില്‍ സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാണ്. ബേങ്കുകളോട് വിവേചനമെന്തിനെന്നും ഏത് സാഹചര്യത്തിലാണ് മറ്റു ബേങ്കുകളെ പോലെ സഹകരണ ബേങ്കുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരുന്നതെന്നുമെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് കേന്ദ്രത്തിന് മറുപടിയില്ല. സ്വന്തം ബേങ്കുകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ തന്നെ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. കള്ളപ്പണം വെളുപ്പിച്ചത് വാണിജ്യ ബേങ്കുകളും ന്യൂജനറേഷന്‍ ബേങ്കുകളുമാണ് തെളിഞ്ഞിരിക്കുകയാണ്. കോടതി വിധി വന്ന് കഴിയുമ്പോഴേക്കും സഹകരണ ബേങ്കുകള്‍ തകര്‍ന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം ജസ്റ്റിസ് എ എം ഷഫീഖ് ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ബി കമാല്‍ പാഷ മുഖ്യാതിഥിയായിരുന്നു.