Connect with us

International

ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ഇടപെട്ടതായി സി ഐ എ

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ ജയിപ്പിക്കാനായി റഷ്യ രഹസ്യമായി പ്രവര്‍ത്തിച്ചതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി റഷ്യന്‍ ഇടപെടലുണ്ടായതായാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യം തള്ളിയ ട്രംപിന്റെ സംഘം സദ്ദാം ഹുസൈന്റെ പക്കല്‍ ആണവായുധം ഉണ്ടെന്ന് പറയും പോലെയാണിതെന്നും പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയതെന്ന് ആരോപിക്കുന്ന സൈബര്‍ ആക്രമണ പരമ്പരകള്‍ അന്വേഷിക്കുന്നതിന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉത്തരവിട്ടിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയേയും പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റനേയും ലക്ഷ്യമിട്ടായിരുന്നു സൈബര്‍ ആക്രമണമെന്ന് കരുതുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യ ഇടപെട്ടുവെന്ന് ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അതുപോലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ആക്രമണം നടത്തിയതായി മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.