സച്ചിന്‍ ബേബിക്ക് ഡബിള്‍ സെഞ്ച്വറി

Posted on: December 10, 2016 10:21 pm | Last updated: December 10, 2016 at 10:21 pm

ന്യൂഡല്‍ഹി: സര്‍വീസസിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് സമനില. സര്‍വീസസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 322നെതിരെ മറുപടിയായി കേരളം അഞ്ച് വിക്കറ്റിന് 518 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. സച്ചിന്‍ ബേബിയുടെ ഇരട്ട സെഞ്ച്വറിയും (പുറത്താകാതെ 250), അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിയുമാണ് (102) കേരളത്തിന് 196 റണ്‍സിന്റെ വമ്പന്‍ ലീഡ് സമ്മാനിച്ചത്.

425 പന്തില്‍ 22 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പെടുന്നതായിരുന്നു സച്ചിന്‍ ബേബിയുടെ ഇന്നിംഗ്‌സ്. 231 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും അക്ഷയ് ചന്ദ്രന്റെ ബാറ്റില്‍ നിന്ന് പിറന്നു. മൂന്നാം ദിനം സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്‍ 112 റണ്‍സില്‍ നിന്നാണ് കളി പുനരാരംഭിച്ചത്. ആറ് റണ്‍സുമായി അക്ഷയ് ചന്ദ്രനാണ് കൂട്ടായി ഉണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 257 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളത്തിന് മൂന്ന് പോയന്റ് ലഭിച്ചെങ്കിലും ക്വാര്‍ട്ടറില്‍ പ്രവേശിക്കാനായില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയും ഏഴ് സമനിലയുമുള്ള കേരളം ഗ്രൂപ്പ് സിയില്‍ 25 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ഹൈദരാബാദും ഹരിയാനയുമാണ് സി ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.