Connect with us

Gulf

ഡിജിറ്റലാകുന്നതിന്റെ മറുപുറം

Published

|

Last Updated

ഇന്ത്യന്‍ സമൂഹത്തെ കേന്ദ്രഭരണകൂടം, പ്ലാസ്റ്റിക്മണി/ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് ആട്ടിത്തെളിക്കുമ്പോള്‍, ഗള്‍ഫ് മേഖലയില്‍ മുമ്പ് അനുഭവപ്പെട്ട ആശങ്കകള്‍ ചിലരുടെയെങ്കിലും മനസില്‍ മായാതെ കിടക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴി യഥേഷ്ടം പണം ചെലവ് ചെയ്ത് കടക്കെണിയിലായി ആത്മഹത്യയില്‍ അഭയം പ്രാപിച്ച അനേകം പേരെ കുറിച്ചുള്ള ഓര്‍മകള്‍ ആണത്. മുമ്പ് പ്ലാസ്റ്റിക് മണി വ്യാപകമല്ലാതിരുന്ന കാലത്ത്, അത്തരം ആത്മഹത്യകള്‍ കുറവായിരുന്നു. ഉള്ളതുകൊണ്ട് ഓണം പോലെ എന്നതായിരുന്നു പൊതു സമീപനം. ആഗോളവത്കരണത്തിന് ശേഷം പുതുതലമുറ ബേങ്കുകള്‍ വ്യാപകമായി. ബേങ്കുകള്‍ വട്ടിപ്പലിശക്കാരുടെ മുഖഭാവം കൈവരിച്ചു. ക്രെഡിറ്റ് കാര്‍ഡുകള്‍ ആവിഷ്‌കരിക്കപ്പെട്ടു.

ബേങ്കുകളില്‍ പണം കുന്നുകൂടിയപ്പോള്‍, ആഡംബര ഉല്‍പന്ന വിപണി വ്യാപകമായപ്പോള്‍ ആധുനിക മുതലാളിത്തം കണ്ടുപിടിച്ച കുടിലതയാണ് ക്രെഡിറ്റ് കാര്‍ഡ്. സാധാരണക്കാരെ കൊണ്ടും ആഡംബര ഉല്‍പന്നങ്ങളും സേവനങ്ങളും വാങ്ങിപ്പിക്കുക, പണമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നവര്‍ക്ക് നേരെ ക്രെഡിറ്റ് കാര്‍ഡ് നീട്ടുക എന്നതായി തന്ത്രം. പലരും അതില്‍ വീണു. വരവറിഞ്ഞ് ചെലവു ചെയ്യണം എന്ന ആപ്തവാക്യം പഴങ്കഥയായി.
ഗള്‍ഫില്‍, ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യാന്‍ ബേങ്കുകള്‍ മത്സരമായിരുന്നു. പലരും ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ, ക്രെഡിറ്റ് കാര്‍ഡുകള്‍ വാങ്ങിക്കൂട്ടി. ക്രെഡിറ്റ് കാര്‍ഡില്‍ ഒളിഞ്ഞിരിക്കുന്ന നിബന്ധനകള്‍ ആരും അറിയാന്‍ ശ്രമിച്ചില്ല. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടാന്‍ ഏറ്റവും പറ്റിയ അവസരമായാണ് യുവതീ യുവാക്കള്‍ ക്രെഡിറ്റ് കാര്‍ഡിനെ കണ്ടത്.

കാര്‍ഡ് വഴി പണം പിന്‍വലിക്കാനും സൗകര്യമുണ്ടായിരുന്നു. മാസാവസാനം ശമ്പളം ലഭിക്കുമ്പോള്‍ തിരിച്ചടക്കാമെന്ന് കരുതി മാസത്തിന്റെ തുടക്കത്തില്‍ തന്നെ വലിയ തുക ചെലവ് ചെയ്യും. പക്ഷേ, ശമ്പളം ലഭിക്കുമ്പോള്‍ തിരിച്ചടക്കാന്‍ പണം തികയാതെ വരും. ക്രെഡിറ്റ് കാര്‍ഡിന്റെ പലി
ശ കുമിഞ്ഞുകൂടും. ഒരു ബേങ്കില്‍ നിന്നുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ കടവും പലിശയുമടക്കാന്‍ മറ്റൊരു ബേങ്കില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് വാങ്ങും. പിന്നെ, പലിശക്കുമേല്‍ പലിശയാകും. കുറേ കഴിയുമ്പോള്‍ ജീവിതം താളം തെറ്റും. 2014ല്‍ 37 പേരാണ് ആത്മഹത്യ ചെയ്തതെന്ന് യു എ ഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കെ വി ശംസുദ്ദീന്‍. ഇപ്പോഴും ആത്മഹത്യകളിലേറെയും ക്രെഡിറ്റ് കാര്‍ഡ് കടക്കെണിമൂലമാണ്. ആഗോളവത്കരണത്തിന്റെ ലക്ഷ്യം തന്നെ, ജീവിതത്തില്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ ഉല്‍പന്നങ്ങള്‍ ആളുകളെക്കൊണ്ട് വാങ്ങിപ്പിക്കുക എന്നതാണ്. ഒരാള്‍ക്ക് ഒരു മൊബൈല്‍ഫോണ്‍ മതിയെന്നിരിക്കെ, മിക്ക ആളുകളുടെയും കൈയില്‍ ഒന്നിലധികം സ്മാര്‍ട് ഫോണുകള്‍ എങ്ങനെ വന്നുപെട്ടു? ഗള്‍ഫില്‍ ക്രെഡിറ്റ് കാര്‍ഡ് വ്യാപകമാണെന്നാണ് ഉത്തരം. ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് വമ്പിച്ച വാഗ്ദാനം ചൊരിയുകയും ചെയ്യും. ലളിത ജീവിതം ഇതോടെ അസ്തമിച്ചുവെന്നു മാത്രമല്ല, മഹാഭൂരിപക്ഷം ആളുകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ കടക്കെണിയിലാവുകയും ചെയ്തു.
ഗള്‍ഫില്‍ വിദേശികള്‍ക്കിടയില്‍ വിശേഷിച്ച്, ഇന്ത്യക്കാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതില്‍ “പ്ലാസ്റ്റിക്” മണി വഹിച്ച പങ്ക് ചെറുതല്ല. 2004 ജൂലൈയില്‍ ഷാര്‍ജ നഹ്ദയില്‍ മലയാളിയായ സന്തോഷ്‌കുമാര്‍ മകളെ കഴുത്തു ഞെരുക്കി കൊലപ്പെടുത്തി, ഭാര്യയുമൊത്ത് ആത്മഹത്യ ചെയ്തത് ഇന്ത്യക്കാരെ നടുക്കിയിരുന്നു.

കടബാധ്യത താങ്ങാനാവാതെ, കടന്നുകളഞ്ഞവര്‍ ധാരാളം. 2008-09, കാലഘട്ടങ്ങളില്‍ ദുബൈയില്‍ നിന്നു മാത്രം 2,500ഓളം ആളുകള്‍ കടന്നുകളഞ്ഞിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം വന്നപ്പോള്‍, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് വലിയ ഭാരമായി. ആയിരക്കണക്കിനാളുകള്‍ മുങ്ങി. കടന്നുകളഞ്ഞവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുമായിരുന്നില്ല. യു എ ഇയില്‍ ബാധ്യതയുള്ളവര്‍ മറ്റു ജി സി സി രാജ്യങ്ങളിലെത്തിയാല്‍ പോലും പിടിക്കപ്പെടുന്ന അവസ്ഥയായി. കടം വാങ്ങി തിരിച്ചടക്കാതിരിക്കുന്നത് മിക്ക ഗള്‍ഫ് രാജ്യങ്ങളിലും കടുത്ത കുറ്റകൃത്യമാണ്. പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കണം. എന്നെന്നേക്കുമായി യു എ ഇ വിട്ടുപോകുന്നതിന് മുമ്പ് എല്ലാ ബാധ്യതകളും തീര്‍ക്കണമെന്ന് അധികൃതര്‍ ബോധവത്കരണം നടത്താറുണ്ട്. ബേങ്ക് ഇടപാടുകള്‍ അവസാനിപ്പിച്ച രേഖകള്‍ എപ്പോഴും കൈയില്‍ കരുതുകയും വേണം.
ഗള്‍ഫില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ടുപോയവരാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ചെക്ക് കേസുകളാണ് പലരെയും അഴികള്‍ക്കുള്ളിലാക്കിയത്.
ഇനി ഇന്ത്യയിലും ഇത്തരം കേസുകള്‍ വ്യാപകമാകാന്‍ സാധ്യതയുണ്ട്. പച്ചക്കറി വാങ്ങാന്‍ പോലും ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കണമെന്ന് ഭരണകൂടം നിര്‍ദേശിക്കുന്നു. ബേങ്കുകള്‍, ലാഭം കുന്നുകൂട്ടാന്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ വിപണിയില്‍ യഥേഷ്ടം ലഭ്യമാക്കും. ഇതിന്റെ മാസ്മരികതയില്‍ സാധാരണ ജനങ്ങള്‍ മയങ്ങി വീഴും. ജീവിതം നയിക്കാന്‍ ക്രെഡിറ്റ് കാര്‍ഡുകളെ ആശ്രയിക്കും.
സാധാരണക്കാരുടെ കടം തിരിച്ചുപിടിക്കാന്‍ ഭരണകൂടം കോര്‍പറേറ്റ് കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ ഗുണ്ടകള്‍ വീടുകള്‍തോറും കയറിയിറങ്ങും. ആര്‍ക്കും രക്ഷപ്പെടാന്‍ പഴുതുണ്ടാവില്ല. ക്രെഡിറ്റ് കാര്‍ഡ് വഴി ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ അധിക നിരക്ക് ഈടാക്കുന്ന പ്രവണത ലോക വ്യാപകമായുണ്ട്. ചില്ലറ വില്‍പന കമ്പനികളാണ് ഇതില്‍ മുന്‍പന്തിയില്‍. ഇതിനെതിരെ ഈ വര്‍ഷം അബുദാബി എകണോമിക് ഡിപ്പാര്‍ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പെട്രോള്‍ പമ്പുകള്‍ രണ്ട് ദിര്‍ഹം വീതമാണ് അധികനിരക്ക് ഈടാക്കിയിരുന്നത്.
ഇന്ത്യയില്‍ നോട്ടുരഹിത സമ്പദ് വ്യവസ്ഥക്ക് വേണ്ടി നിലകൊള്ളുന്ന കേന്ദ്രഭരണകൂടം, ക്രെഡിറ്റ് കാര്‍ഡിലെ ചതിക്കുഴികളെ കുറിച്ച് ആളുകള്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കുന്നത് ഉചിതമായിരിക്കും.
വാല്‍കഷ്ണം: ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് ഹവാല പണം നിര്‍ബാധം ഒഴുകുന്നുവെന്ന് അനുഭവസ്ഥര്‍. നോട്ട് അസാധുവാക്കലിന് ശേഷം പുതിയ 2000 രൂപ നോട്ടുകളാണ് മേല്‍വിലാസക്കാരന് എത്തിക്കുന്നത്. ലക്ഷം രൂപ വരെ നിമിഷങ്ങള്‍ക്കകം മേല്‍വിലാസക്കാരന് ലഭിക്കും. ബേങ്ക് നിരക്കിനേക്കാള്‍ അല്‍പം കൂടുതല്‍ പെട്രോഡോളര്‍ നല്‍കണമെന്നേയുള്ളൂ. എന്നാല്‍ എ ടി എമ്മുകള്‍ക്ക് മുന്നില്‍ ഉറ്റവര്‍ മണിക്കൂറുകളോളം വരി നില്‍ക്കേണ്ടതില്ല എന്ന സൗകര്യമുണ്ട്. ഇത്രയധികം 2000 രൂപാ നോട്ടുകള്‍ ഹവാലക്കാരുടെ കൈയില്‍ എങ്ങനെ ലഭ്യമായിയെന്ന് എത്തും പിടിയും കിട്ടുന്നില്ല.

Latest