കൊളത്തൂര്‍ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങള്‍; നടപടിയില്ല

Posted on: December 10, 2016 10:15 am | Last updated: December 10, 2016 at 3:17 pm

കൊളത്തൂര്‍: പോലീസ് സ്റ്റേഷ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. പകല്‍ വെളിച്ചം നഷ്ടമാകുന്നതോടെ ജംഗ്ഷനും പരിസരവും ഇരുട്ടിലാകുകയാണ്.
ലൈറ്റ് തെളിയാതായിട്ട് മാസങ്ങള്‍ പിന്നിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. വഴി വിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശമായിരുന്നു ടൗണിലെ ഏക വെളിച്ചം. ഇതു നിലച്ചതോടെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ബസ് കാത്ത് ജംഗ്ഷനില്‍ നില്‍ക്കുന്നവരുമെല്ലാം രാത്രി ഏറെ ബുദ്ധിമുട്ടുകയാണ്.

അപരിചിത യാത്രക്കാരും ടൗണിലെ ഇരുട്ടില്‍ ബുദ്ധിമുട്ടുകയാണ്. നടപടിയെടുക്കാതെ അധികൃതര്‍ പരസ്പരം പഴിചാരുകയാണന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും ലൈറ്റ് സ്ഥാപിച്ച രേഖകള്‍ പഞ്ചായത്തിന് ലഭിക്കാതിരുന്നതാണ് നടപടി വൈകാന്‍ കാരണമെന്ന് പ്രസിഡന്റ് പറയുന്നത്. പ്രശ്‌നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.