ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയാകും

Posted on: December 10, 2016 2:11 pm | Last updated: December 11, 2016 at 8:07 am

ചെന്നൈ: ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകും. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃസ്ഥാനം ശശികല ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. രണ്ടു ദിവസവും മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ശശികലയുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും അവരെ വന്ന് കണ്ടിരുന്നു. തുടര്‍ന്ന് ശശികലയോട് പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ നേതാക്കളും മന്ത്രിമാരും ഒന്നടങ്കം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാഴ്ചക്കുള്ളില്‍ നടക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

അതേസമയം ശശികലയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെതിരെ എഐഡിഎംകെയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പോയസ് ഗാര്‍ഡനുമുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് പോലീസ് നീക്കി. ജയലളിതയുടെ മരണത്തെകുറിച്ചുള്ള ദുരൂഹതനീക്കണന്നാവശ്യപ്പെട്ട് ഗൗതമി പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്ത് സാധാരണക്കാരുടെ സംശയമാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.