ജയലളിതയുടെ നിര്യാണം നീലഗിരി സാധാരണ നിലയിലേക്ക്

Posted on: December 10, 2016 8:51 am | Last updated: December 10, 2016 at 12:53 pm

ഗൂഡല്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് നിശ്ചലാവസ്ഥയിലായ നീലഗിരി ജില്ല സാധാരണ നിലയിലേക്ക്. മൂന്ന് ദിവസത്തെ ദു:ഖാചരണത്തിന് ശേഷം നീലഗിരിയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. രണ്ട് ദിവസവും കടകള്‍ അടച്ചിട്ടു. ഊട്ടി, കുന്നൂര്‍, കോത്തഗിരി, കുന്താ, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലാണ് കടകള്‍ അടച്ചിട്ടിരുന്നു. ഊട്ടി, കുന്നൂര്‍, കോത്തഗിരി, കുന്താ, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെല്ലാം കടകള്‍ തുറന്ന് പ്രവൃത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ദേവാല, ചേരമ്പാടി, എരുമാട്, താളൂര്‍, അയ്യംകൊല്ലി, കൊളപ്പള്ളി, ഉപ്പട്ടി, ബിദര്‍ക്കാട്, പാട്ടവയല്‍, നെല്ലാക്കോട്ട, ദേവര്‍ഷോല തുടങ്ങിയ ടൗണുകളിലെല്ലാം കടമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സാധാരണ പോലെ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. കേരള-കര്‍ണാടക അന്തര്‍സംസ്ഥാന ബസുകളും സര്‍വീസ് ആരംഭിച്ചു. ടാക്‌സി വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തി. ആരംഭിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി നല്‍കിയിരുകന്നു. തമിഴ്‌നാട്ടിലെ സ്‌കൂളുകളും കോളജുകളും ഇന്ന് പ്രവൃത്തിക്കും. എല്ലാ മേഖലയിലും കനത്ത പോലീസ് സുരക്ഷ തുടരുകയാണ്. നീലഗിരിയിലെ ശോകമൂകമായ അന്തരീക്ഷത്തിന് അല്‍പം അയവ് വന്നിട്ടുണ്ട്. മദ്യഷാപ്പുകളും പ്രവര്‍ത്തനം തുടങ്ങി. കോടനാട് എസ്റ്റേറ്റ് തൊഴിലാളികളും നീലഗിരിയിലെ ടാന്‍ടി-സ്വകാര്യ എസ്റ്റേറ്റ് തൊഴിലാളികളും ജോലിക്ക് പോകാന്‍ തുടങ്ങി. കോടനാട് എസ്റ്റേറ്റ് തൊഴിലാളികള്‍ മൂന്ന് ദിവസം ജോലിക്ക് പോയിരുന്നില്ല. നീലഗിരിയിലെ സഞ്ചാര കേന്ദ്രങ്ങളെല്ലാം ജനനിബിഡമായിട്ടുണ്ട്.