വ്യാജ രേഖ ഉപയോഗിച്ച് സിം കാര്‍ഡ് തട്ടിപ്പ്; രണ്ട് പേര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍

Posted on: December 10, 2016 11:12 am | Last updated: December 10, 2016 at 11:12 am
സജീര്‍,റഷീദ്‌

പെരിന്തല്‍മണ്ണ: വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി മൊബൈല്‍ കമ്പനികളില്‍ നിന്നും സിം കാര്‍ഡുകള്‍ വാങ്ങി വില്‍പ്പന നടത്തിയ മൊബൈല്‍ ഷോപ്പ് ഉടമയും സഹായിയും പെരിന്തല്‍മണ്ണ പോലീസിന്റെ വലയിലായി. പെരിന്തല്‍മണ്ണ വലമ്പൂര്‍ സ്വദേശികളായ ഉള്ളാട്ടില്‍ റഷീദ്(24), തച്ചന്‍ കുന്നന്‍ അഹമ്മദ് സജീര്‍(24) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

പെരിന്തല്‍മണ്ണയില്‍ ഊട്ടി റോഡിലുള്ള സ്മാര്‍ട്ട് ‘മോബൈല്‍സ്’ എന്ന സ്ഥാപനം നടത്തുന്ന പ്രതികള്‍ വ്യാജമായി തിരിച്ചറിയല്‍ രേഖകളുണ്ടാക്കി ഫോട്ടോയും ഒപ്പും വ്യാജമായി പതിച്ചാണ് മൊബൈല്‍ കമ്പനിയായ ‘ടാറ്റ ഡൊക്കോമൊ’ യില്‍ നിന്നും 200 ലധികം സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചത്.
മൊബൈല്‍ കമ്പനികള്‍ ഫ്രീയായി കുറഞ്ഞ വിലക്ക് കടകളിലേക്ക് നല്‍കുന്ന സിം കാര്‍ഡുകള്‍ പ്രതികള്‍ 200 മുതല്‍ 300 രൂപയാണ് ഈടാക്കിയാണ് ആളുകള്‍ക്ക് നല്‍കുന്നത്. കൂടുതല്‍ സിം കാര്‍ഡുകള്‍ വില്‍പന നടത്തിയാല്‍ മൊബൈല്‍ കമ്പനികളില്‍ നിന്നും പല ഓഫറുകളും നല്‍കിയിരുന്നു. ഈ ഓഫറുകള്‍ കൈക്കലാക്കുന്നതിന് വേണ്ടി മറ്റുള്ളവരുടെ പേരില്‍ വ്യാജമായി അപേക്ഷയുണ്ടാക്കി വ്യാജമായ തിരിച്ചറിയല്‍ രേഖകളും വെച്ച് സിംകാര്‍ഡുകല്‍ കൈക്കലാക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ 200 ലധികം സിം കാര്‍ഡുകള്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായി പ്രതികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്ന് മൊഴി നല്‍കി.

അന്യസംസ്ഥാന തൊഴിലാളികളുടെയും മറ്റും റിയല്‍ രേഖകളുപയോഗിച്ചാണ് പല സിം കാര്‍ഡുകളും എടുത്തിട്ടുള്ളത്. സിം കാര്‍ഡ് എടുക്കുന്നതിന് വേണ്ടി ആളുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെയും ഫോട്ടോയുടെയും കൂടുതല്‍ കോപ്പികളെടുത്താണ് തട്ടിപ്പെന്ന് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. രേഖകളില്ലാതെ വരുന്നവര്‍ക്ക് ഇത്തരത്തില്‍ കടയില്‍ സ്റ്റോക്കുള്ള സിം കാര്‍ഡാണ് നല്‍കുക. വാങ്ങുന്നവരോ ഉടമയോ ഈ വന്‍തട്ടിപ്പ് തിരിച്ചറിയുന്നില്ല. സിം മറ്റുള്ളവരുടെ പേരിലുള്ളതാണോ എന്നറിയാനുള്ള തിരിച്ചറിവ് സാധാരണക്കാര്‍ക്കില്ലാത്തതും പ്രതികള്‍ ചൂഷണം ചെയ്യുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡി വൈ എസ് പി. മോഹനചന്ദ്രന്‍, സി ഐ. സാജു കെ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.