തെരുവു നായ്ക്കളെ കൊല്ലണമെന്ന് മന്ത്രി ജി സുധാകരന്‍

Posted on: December 10, 2016 8:26 am | Last updated: December 10, 2016 at 10:29 am

കൊച്ചി: അക്രമകാരികളായ തെരുവു നായ്ക്കളെ കൊല്ലണമെന്ന് പൊതു മരാമത്ത് മന്ത്രി ജി സുധാകരന്‍. എറണാകുളം എസ് ആര്‍ വി സ്‌കൂളില്‍ ആരംഭിച്ച എന്‍ എസ് എസ് യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നായ്ക്കള്‍ മനുഷ്യരരോട് ഏറ്റവും അടുപ്പവും സ്‌നേഹവും പുലര്‍ത്തുന്ന ജീവികളാണെന്നും അക്രമകാരികളായ തെരുവുനായ്ക്കളെ പറ്റിയാണ് തന്റെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. മേനക ഗാന്ധിയല്ല ആര്തന്നെ എതിര്‍ത്തു പറഞ്ഞാലും ഇതാണ് തന്റെ അഭിപ്രായം ഇക്കാര്യത്തില്‍ ഇത്രമാത്രം ഇടപെടുന്ന മേനക തന്റെ ഭര്‍ത്താവിന്റെ പേരു കൂടി കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആവാസ വ്യവസ്ഥയില്‍ ഇവക്കെല്ലാം അവയുടേതായ പങ്കുണ്ട്. നായ, പുല്ല് തുടങ്ങിയവ മോശം വാക്കുകളായി പ്രയോഗിക്കുന്ന മനസ്ഥിതി മാറണം. മനുഷ്യന്‍ പ്രപഞ്ചത്തെയല്ല അവനവനെത്തന്നെയാണ് നന്നാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രായോഗികത പഠിപ്പിക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ പദ്ധതി പരാജയമാണ്. സെമിനാറുകള്‍, വര്‍ക് ഷോപ്പുകള്‍ തുടങ്ങിയവ പരാജയമാകുന്നത് പ്രായോഗികതയില്‍ ഊന്നാത്തതു കൊണ്ടാണ്. മഹത്തായ ഭാഷയാണ് ഇംഗ്ലീഷെങ്കിലും മറ്റു ഭാഷകളും മഹത്തരമാണെന്ന് നമ്മള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഷേക്‌സപിയറിന്റെ ഭാഷയെ ഇഷ്ടപ്പെടണം.- അദ്ദേഹം പറഞ്ഞു.