Connect with us

National

ജയലളിതയുടെ മരണം: ദുരൂഹത നീക്കണമെന്ന് നടി ഗൗതമി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നടി ഗൗതമി. ജയലളിതയുടെ ചികിത്സയുമായും മരണവുമായും ബന്ധപ്പെട്ട് ഇത്ര രഹസ്യാത്മക എന്തിനാണെന്ന് നടി ചോദിക്കുന്നു. തന്റെ ബ്ലോഗിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബോധന ചെയ്ത് കത്തെഴുതിയിരിക്കുന്നത്. ജയലളിത ആശുപത്രിയില്‍ കഴിയുമ്പോള്‍ അവിടേക്ക് ആരെയും കടത്തി വിടാതിരുന്നത് എന്തിനാണെന്ന് അവര്‍ ചോദിക്കുന്നു. ചികിത്സയും മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതലുളള ചികിത്സ, രോഗം കുറഞ്ഞതായി പുറത്തുവന്ന വാര്‍ത്തകള്‍, ഉടനടി ഉണ്ടായ മരണം ഇത്തരം സാഹചര്യങ്ങള്‍ സംശയാസ്പദമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്- ഗൗതമി കത്തില്‍ ആരോപിക്കുന്നു. അവരുടെ വിയോഗം കൂടുതല്‍ ദുഃഖപൂര്‍ണമാക്കുന്നതായിരുന്നു ഈ ദുരൂഹതകളെന്നും അവര്‍ പറയുന്നു.

മുന്‍ മുഖ്യമന്ത്രിയുടെ ചികിത്സ സംബന്ധിച്ചുള്ള പ്രധാന തീരുമാനങ്ങള്‍ ആരാണ് കൈകൊണ്ടത് എന്ന് അറിയാനുള്ള അവകാശം തമിഴ് ജനതക്കുണ്ട്. ജയലളിത ആശുപത്രിയിലായ കാലം മുതല്‍ അവരെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും അവരെ കാണാനുളള അനുമതി നിഷേധിച്ചിരുന്നു. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയും ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട നേതാവുമായ അവരുടെ കാര്യങ്ങള്‍ എന്തിനാണ് ഇത്രയധികം രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചത് ഇതിന് പിന്നില്‍ ആരെങ്കിലുമുണ്ടോ തമിഴ് ജനതക്കിടയില്‍ ഇത്തരം ചോദ്യങ്ങളുണ്ട്.

ഈ ചോദ്യങ്ങള്‍ അങ്ങയുടെ കാതുകളില്‍ എത്തിക്കുകയെന്ന ദൗത്യമാണ് ഈ കത്തിലൂടെ നിര്‍വഹിക്കുന്നതെന്നും അവര്‍ ബ്ലോഗില്‍ കുറിച്ചു. നടന്‍ കമല്‍ഹാസനുമായുള്ള വിവാഹം ബന്ധം വേര്‍പെടുത്തി ഈയിടെ ഗൗതമി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.