Connect with us

Articles

കിണറുകളിലെ വെള്ളം എങ്ങോട്ട് പോകുന്നു?

Published

|

Last Updated

സംസ്ഥാനത്തെ ഭൂരിഭാഗം കിണറുകളിലും ജലനിരപ്പ് ഇപ്പോള്‍ തന്നെ വളരെയധികം താഴ്ന്നു കഴിഞ്ഞു. ആഴ്ചകള്‍ക്കും ദിവസങ്ങള്‍ക്കുമപ്പുറം കിണറിലെ ജലം വറ്റിവരണ്ടേക്കാമെന്ന അതി ഭീതിതമായ സ്ഥിതിവിശേഷമാണ് പലയിടത്തുമുള്ളത്. മലയോര ജില്ലകളിലെ ചിലയിടങ്ങളില്‍ വലിയ ജലസംഭരണികളുണ്ടാക്കി ആളുകള്‍ ഇപ്പോഴേ വെള്ളം സംഭരിച്ചു തുടങ്ങിയെന്ന വിവരങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകുന്ന ജലക്ഷാമത്തിന്റെ സൂചകങ്ങളായി കണക്കാക്കപ്പെടുന്നു. പുഴയിലെ ജലവിതാനം കുറയുന്നതും ഉത്ഭവസ്ഥാനത്തെ നീര്‍ച്ചാലുകള്‍ മെലിഞ്ഞുണങ്ങുന്നതും ഇതിനകം തന്നെ കണ്ടു തുടങ്ങിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മലയോരപ്രദേശത്തും അല്ലെങ്കില്‍ തീരദേശത്തും മാത്രം അതി രൂക്ഷമായി അനുഭവപ്പെട്ടിട്ടുള്ള ജലക്ഷാമം ഇത്തവണ സകല മേഖലകളെയും വരിഞ്ഞുമുറുക്കുമെന്ന് ചുരുക്കം.
സംസ്ഥാന ഭൂജലവകുപ്പ് സ്ഥാപിച്ച നിരീക്ഷണ കിണറുകളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിളുകളും ജലവിതാനത്തിന്റെ അളവും ശേഖരിച്ചാണ് വര്‍ഷാവര്‍ഷം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലവ്യതിയാനത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രധാനമായും പഠനം നടത്തുന്നത്. സര്‍ക്കാര്‍തല പഠനങ്ങള്‍ക്ക് പുറമേ വിവിധ കേന്ദ്ര- സംസ്ഥാന ഏജന്‍സികളും സംഘടനകളും പഠനപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഇവയില്‍ നിന്നെല്ലാം ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വലിയ തോതിലുള്ള ഭൂഗര്‍ഭജല ശോഷണം സംഭവിച്ചിട്ടുണ്ടെന്ന പൊതു വിവരമാണ് ഇക്കുറി ലഭ്യമാകുന്നത്.

സമുദ്രതീര മണല്‍ പ്രദേശം, സമുദ്രതീര എക്കല്‍ പ്രദേശം, മൃദുശിലാ മേഖല, ഇടനാടന്‍ താഴ്‌വര, ചെങ്കല്‍ പ്രദേശം, കരിങ്കല്‍ മേഖല എന്നിങ്ങനെ സംസ്ഥാനത്തിന് ആറ് ഭൂഗര്‍ഭ ജലമേഖലകളാണുള്ളത്. ഭൂഗര്‍ഭജല ലഭ്യതാ നിര്‍ണയസമിതി നേരത്തേ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഭൂതലത്തിനു താഴെ മണ്ണിന്റെയും ശിലകളുടെയും സുഷിരങ്ങളിലും വിള്ളലുകളിലും സ്ഥിതിചെയ്യുന്ന 602.9 കോടി ഘനമീറ്റര്‍ ഭൂഗര്‍ഭ ജലശേഖരം കേരളത്തിന് ഉപയോഗയോഗ്യമാകുന്നുണ്ടത്രേ. ഈ ജലശേഖരത്തിന്റെ പകുതിയിലധികം നാം ഉപയോഗിച്ചു വരുന്നുണ്ടെങ്കിലും ഭൂഗര്‍ഭജലസ്തരങ്ങളുടെ ശേഷി കാലക്രമേണ കുറഞ്ഞുവരുന്നതായാണ് സമിതിയുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. നദികളുടെ ആഴം വര്‍ധിക്കുന്നതും മണ്ണിലെ വൃക്ഷലതാ സാന്ദ്രത കുറഞ്ഞതും മണ്ണ് സംരക്ഷിക്കപ്പെടാത്തതു മൂലം ജലസ്തരങ്ങളില്‍ മര്‍ദം നിലനിര്‍ത്താനുള്ള ജല ശേഖരങ്ങള്‍ ഇല്ലാതാകുന്നതുമാണ് ഭൂഗര്‍ഭജലശോഷണത്തിന് പ്രധാന കാരണങ്ങളാകുന്നതെന്നാണ് ഇവര്‍ നടത്തിയ പഠനം പുറത്തുവിട്ട വിവരങ്ങളില്‍ ചിലത്.
അശാസ്ത്രീയമായ പമ്പിംഗ് നടത്തുന്നതുപോലുള്ള പ്രക്രിയകള്‍ കിണറിന്റെ സൂക്ഷ്മപരിസ്ഥിതിയിലുള്ള ഈര്‍പ്പ നിലയെ പ്രതികൂലമായി ബാധിച്ച് ക്രമേണ കിണര്‍ ഉപയോഗശൂന്യമാകുന്നതിലേക്കാണ് എത്തിക്കുന്നതെന്നും ഇത്തരം ഉപയോഗ്യശൂന്യമായ കിണറുകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. 60 ലക്ഷം കിണറുകളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ നല്ലൊരു ശതമാനം വെറും കുഴികളായിരിക്കുന്നു. കാലവര്‍ഷത്തില്‍ ഗണ്യമായ കുറവില്ലാതിരുന്നിട്ടും തുലാവര്‍ഷമുണ്ടായിട്ടും കഴിഞ്ഞ വേനലില്‍ സംസ്ഥാനത്തെ 70 ശതമാനം കിണറുകളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരുന്നുവെന്ന് ഭൂജല വകുപ്പ് നിരീക്ഷിച്ചിട്ടുണ്ട്്. കാസര്‍കോട് ജില്ലയിലെ കൊളത്തൂരിലും വയനാട് ജില്ലയിലെ അഞ്ചുകുന്നിലും പാലക്കാട് ജില്ലയിലെ പുതുശ്ശേരിയിലും കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ജലനിരപ്പ് താഴ്ന്നത് മൂന്ന് മീറ്ററാണ്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍, തൃശ്ശേരി, കണിയാമ്പറ്റ, കാസര്‍കോട് ജില്ലയിലെ പനത്തടി, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, അഞ്ചരക്കണ്ടി, പട്ടാന്നൂര്‍ തിരുവനന്തപുരം ജില്ലയിലെ കരവാരം, തെന്നൂര്‍, പൂവാര്‍ എന്നിവിടങ്ങളിലും ജലനിരപ്പിന്റെ വലിയ അളവിലുള്ള കുറവ് കഴിഞ്ഞ ഏപ്രിലില്‍ കണ്ടെത്തിയിരുന്നു. ഇത്തവണ വേനല്‍ ആരംഭിക്കും മുമ്പ് തന്നെ ഈ പട്ടികയിലുള്‍പ്പെടാത്ത പുതിയ പ്രദേശങ്ങളിലെ കിണര്‍ ജലനിരപ്പ് വളയേറെ താഴ്ന്നിട്ടുണ്ടെന്നത് ഇത്തവണത്തെ ഭൂഗര്‍ഭജല ശോഷണത്തിന്റെ രൂക്ഷതയാണ് കാണിക്കുന്നത്.

പ്രകൃതിദത്ത ജലസംഭരണികളായ നെല്‍പാടങ്ങള്‍, ശുദ്ധജല തടാകങ്ങള്‍, കായലും ചതുപ്പും ചേര്‍ന്ന തീരദേശ തണ്ണീര്‍ത്തടങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് സംസ്ഥാനത്തിന്റെ ജലവിതാന വിസ്തൃതി 2004ല്‍ ഏതാണ്ട് 16 ലക്ഷം ഹെക്ടര്‍ ആയിരുന്നുവെന്നാണ് സലിം അലി സെന്ററിന്റെ പഠനത്തില്‍ പറയുന്നത്. എന്നാല്‍ 12 ലക്ഷം ഹെക്ടര്‍ ജലസംഭരണപ്രദേശം നഷ്ടപ്പെട്ട് 2011ല്‍ അത് നാലിലൊന്നായി ചുരുങ്ങി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മുപ്പതിനായിരത്തോളം ഹെക്ടര്‍ ഉണ്ടായിരുന്ന വയനാട്ടിലെ നെല്‍വയല്‍ വിസ്തൃതി ഇപ്പോള്‍ ഒമ്പതിനായിരം ഹെക്ടറില്‍ എത്തിനില്‍ക്കുകയാണെന്ന് മാത്രം കണക്കിലെടുത്താല്‍ എത്രത്തോളം നെല്‍വയലുകള്‍ പരിവര്‍ത്തനപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. ഒരു ഹെക്ടര്‍ വയല്‍ നഷ്ടമായാല്‍ ഏതാണ്ട് രണ്ട് കോടി ലിറ്റര്‍ ജലം നഷ്ടമാകുമെന്നാണ് കണക്ക്. പുഴകളും വലിയ കുളങ്ങളുമടങ്ങുന്ന നഗരങ്ങളിലേക്കുള്ള മുഖ്യ കുടിവെള്ള സ്രോതസ്സുകളുടെ ജല വിതാന വിസ്തൃതി 2004ല്‍ 4.18 ലക്ഷം ഹെക്ടര്‍ ആയിരുന്ന സ്ഥാനത്ത് പത്ത് വര്‍ഷത്തിന് ശേഷം കേവലം 1.17 ലക്ഷം ഹെക്ടര്‍ മാത്രമായി ചുരുങ്ങി. കായലും ചതുപ്പും അടങ്ങുന്ന തീരദേശ തണ്ണീര്‍ത്തടങ്ങളുടെ 12 ശതമാനം മാത്രമാണ് ഇന്ന് അവശേഷിച്ചിട്ടുള്ളതെന്നും സലിം അലി സെന്ററിന്റെ പഠനം പറയുന്നു. 1970ല്‍ എട്ട് ലക്ഷം ഹെക്ടര്‍ ചതുപ്പുകളും പാടങ്ങളും ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ അതിന്റെ അളവ് വെറും രണ്ട് ലക്ഷം ഹെക്ടറായി ചുരുങ്ങി. കേരളത്തിലെ ഇടനാടന്‍ ചെങ്കല്‍ക്കുന്നുകള്‍ നഷ്ടപ്പെടുന്നതാണ് ജലസംഭരണം തടസ്സപ്പെടാനിടയാക്കിയ മറ്റൊരു ഘടകമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കേരളത്തിലെ ചെങ്കല്‍ പ്രദേശങ്ങള്‍ ഇടവപ്പാതിയിലും തുലാവര്‍ഷ കാലഘട്ടങ്ങളിലും ജലപൂരിതമായിരുന്നു. വേനല്‍ക്കാലമായാല്‍ പോലും ചെങ്കല്‍ മലമുകളിലെ തടാകങ്ങളും കുളങ്ങളും കിണറുകളും ശുദ്ധജലത്താല്‍ സമൃദ്ധമായിരുന്നു. ജലശേഖരത്തിന് പറ്റിയ അക്വിഫര്‍ പാറകളെന്നാണ് ചെങ്കല്‍ പ്രദേശങ്ങളെ വിശേഷിപ്പിച്ചിരുന്നത്. ജലം സംഭരിച്ച് നിര്‍ത്തുകയും അവ ചാലുകളായി കിണറുകളിലേക്കും കുളങ്ങളിലേക്കും ഉറവയായി ഒഴുക്കിവിടുകയും ചെയ്യുന്നത് ചെങ്കല്‍പ്പാറകളാണ്. ഇത്തരത്തിലുള്ള വലിയ പാറശേഖരങ്ങളാണ് ഇടനാടന്‍ കുന്നുകളിലുള്ളത്. രണ്ട് മീറ്ററിനും 15 മീറ്ററിനും ഇടയില്‍ ജലവിതാനം കണ്ടുവരുന്ന പ്രദേശമാണ് ഇടനാട്ടിലെ ചെങ്കല്‍ പാറകള്‍. എന്നാല്‍ തരിശുഭൂമിയെന്ന നിലയില്‍ ഇത്തരം ചെങ്കല്‍ക്കുന്നുകളെ വ്യാവസായിക ആവശ്യത്തിനായി ഇടിച്ചു നിരത്തിയത് കനത്ത തോതിലുള്ള ജലനഷ്ടത്തിനു കാരണമാക്കി. വടക്കന്‍ ജില്ലകളിലുള്‍പ്പെടുന്ന 70 ശതമാനത്തിലധികം ചെങ്കല്‍ക്കുന്നുകള്‍ ഇതിനകം അപ്രത്യക്ഷമായതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
വികസനത്തിന്റേയും നഗരവത്കരണത്തിന്റേയും പേരിലുള്ള ഭൂമി നികത്തലാണ് ഈ അവസ്ഥക്ക് വഴിയൊരുക്കിയത്. വ്യാപകമായ കുന്നിടിക്കലും പാറപൊട്ടിക്കലും ഭൂമിയിലേക്ക് ജലം ഊറിയിറങ്ങുന്നതിനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ ഇല്ലാതാക്കി. ഇതും ഭൂഗര്‍ഭജലത്തിന്റെ അളവ് കുറച്ചു. പശ്ചിമഘട്ട കൈയേറ്റം വ്യാപകമായി ഉണ്ടായതിനു ശേഷമാണ് വരള്‍ച്ച കുടി വെള്ളക്ഷാമത്തിനും ചൂട് രൂക്ഷമാകുന്നതിനും കാരണമായി. ഒരു ഹെക്ടര്‍ വനഭൂമി 5000 ഘനമീറ്റര്‍ വെള്ളം തടഞ്ഞു നിര്‍ത്തുമെങ്കില്‍ ഒരു ഹെക്ടര്‍ ചതുപ്പ് നിലം അതിന്റെ പകുതിയെങ്കിലും വെള്ളം സംഭരിക്കുമെന്നാണ് കണക്ക്. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം ഹെക്ടര്‍ നിലം നികത്തി എന്ന് പറയുമ്പോള്‍ എത്ര കോടി ലിറ്റര്‍ വെള്ളത്തിന്റെ സംഭരണമാണ് നാം നഷ്ടപ്പെടുത്തിയതെന്ന് മനസ്സിലാകും. മഴക്കാലത്ത് കുന്ന് സംഭരിച്ച് വെക്കുന്ന വെള്ളമാണ് പിന്നീട് വേനല്‍ക്കാലത്ത് പരിസര പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്ക് കിനിഞ്ഞ് ഇറങ്ങുന്നതെന്ന പ്രാഥമിക ജലസാക്ഷരത ജനങ്ങള്‍ക്കില്ലാതെ പോയതാണ് ഭൂഗര്‍ഭജലത്തിന്റെ നാശത്തിലേക്ക് നയിച്ചതെന്നും വിദഗ്ധര്‍ പറയുന്നു.

ഭൂഗര്‍ഭ ജലം നഷ്ടപ്പെടുന്നതിനു മറ്റൊരു കാരണം അമിത ജലവിനിയോഗമാണ്. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ കിണറുകളുള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂജല വിനിയോഗം നടക്കുന്നത് പാലക്കാട്ടാണെന്ന് കേന്ദ്രീയ ഭൂജല ബോര്‍ഡും കേരള ഭൂജല വകുപ്പും ചേര്‍ന്നു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന പാലക്കാട്ടെ പലയിടങ്ങളിലും ഓരോ വര്‍ഷവും ജല സാന്നിധ്യം കുറഞ്ഞുവരികയാണ്. ചിറ്റൂരിലാണ് അപകടകരമായ രീതിയില്‍ ഭൂജലം കുറഞ്ഞു വരുന്നത്.
സംസ്ഥാനത്ത് ഗാര്‍ഹികാവശ്യങ്ങള്‍ക്കും കൃഷിക്കും വേണ്ടിയാണ് ഭൂജലം പ്രധാനമായും വിനിയോഗിക്കുന്നത്. ഒരു വ്യക്തി പ്രതിദിനം 150 ലിറ്റര്‍ ജലം കുടിക്കുന്നതിനും മറ്റു ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ജനസംഖ്യയുടെയും ആളോഹരി ഭൂജല ഉപയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കപ്പെട്ടിട്ടുള്ളത്. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവ് കിണറുകളുടെ എണ്ണവും അവയുടെ വാര്‍ഷിക ഉപയോഗവുമായി ബന്ധപ്പെട്ട കണക്കുകളില്‍ നിന്നാണ് ലഭ്യമാക്കിയിട്ടുള്ളത്. കേരളത്തിലെ വാര്‍ഷിക ഭൂജല ലഭ്യത ഏതാണ്ട് 6,070 ദശലക്ഷം ഘനമീറ്ററാണ്. വാര്‍ഷിക ഭൂജല വിനിയോഗം 2,840 ദശലക്ഷം ഘനമീറ്ററായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

കണക്ക് പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ ഭൂജല വിനിയോഗം പാലക്കാട് ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 152 ബ്ലോക്കുകളില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ബ്ലോക്ക് അതിജലചൂഷിതമായ പ്രദേശമായും കണക്കാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തന്നെ മലമ്പുഴ, കാസര്‍കോട്ടെ കാസര്‍കോട് ബ്ലോക്ക് എന്നിവടങ്ങളിലും ഭൂജല ചൂഷണം ഗുരുതരാവസ്ഥയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അര്‍ധ ഗുരുതരമായി ജലചൂഷണമുള്ള 23 ബ്ലോക്കുകളെയും കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പാറക്കടവ്, പറവൂര്‍, വൈപ്പിന്‍, ഇടുക്കിയിലെ കട്ടപ്പന, നെടുങ്കണ്ടം, കണ്ണൂരിലെ കല്യാശ്ശേരി, പാനൂര്‍, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, മഞ്ചേശ്വരം, കൊല്ലത്തി ചിറ്റുമല, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, കുന്ദമംഗലം, മലപ്പുറത്തെ കൊണ്ടോട്ടി, താനൂര്‍, തിരൂരങ്ങാടി, പാലക്കാട്ടെ പട്ടാമ്പി, തൃത്താല, തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍, നെടുമങ്ങാട്, പാറശ്ശാല, തൃശൂരിലെ മതിലകം, തളിക്കുളം എന്നീ പ്രദേശങ്ങളാണ് ജലചൂഷണം വ്യാപകമാകുന്ന (അര്‍ധ ഗുരുതരം) വിഭാഗത്തില്‍ പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ 126 ബ്ലോക്കുകളില്‍ ഭൂജല വിനിയോഗം ഇപ്പോഴും താരതമ്യേന കുറഞ്ഞ അളവിലായതിനാല്‍ ഇവ സുരക്ഷിത ബ്ലോക്കുകളായും കണക്കാക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ പ്രത്യേക അവസ്ഥയില്‍ ഏതൊക്കെ പ്രദേശങ്ങള്‍ സുരക്ഷിതമാണെന്നത് കണ്ടറിയേണ്ടി വരും.

നാളെ: അറബികള്‍ പണ്ടേ പഠിപ്പിച്ചു;
എങ്ങനെ കിണര്‍ കുഴിക്കണമെന്ന്

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest