ജെ എന്‍ യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം: പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

Posted on: December 9, 2016 7:35 pm | Last updated: December 10, 2016 at 9:53 am

ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് പോലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. നജീബ് അഹ്മദിന്റെ മാതാവ് അവനെ തിരഞ്ഞ് നടക്കുന്നു. കാണാതിയിട്ട് 50 ദിവസം പിന്നിട്ടിട്ടും ഒരു വിവരവും പോലീസിന് ലഭിക്കാത്തത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എങ്ങിനെയാണ് യുവാവ് അപ്രത്യക്ഷമായത്, നജീബിന് വല്ല അത്യാഹിതവും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരം അറിയേണ്ടതാണെന്നും കോടതി ചോദിച്ചു.

നജീബും എ ബി വി പി പ്രവര്‍ത്തകരും നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച് അറിയാന്‍ താല്‍പര്യമില്ല, യുവാവിനെ കണ്ടെത്തി ഉടന്‍ വീട്ടിലെത്തിക്കണം. അമ്മക്ക് മകനെ കാണാന്‍ കഴിയണമെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, നജീബിനെ കണ്ടത്താന്‍ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അവയെല്ലാം പരാജയപ്പെട്ടെന്നും ക്രൈംബ്രാഞ്ച് ഡല്‍ഹി ബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. കേസ് ഈ മാസം പതിനാലിന് വീണ്ടും പരിഗണിക്കും

കഴിഞ്ഞ ഒക്ടോബര്‍ കഴിഞ്ഞമാസം 14 നാണ് നജീബിനെ കാമ്പസ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും എ ബി വി പി പ്രവര്‍ത്തകരുടെ ആക്രമണത്തിന് പിന്നാലെ കാണാതായത്. നജീബിന്റെ തിരോധാനത്തിന് ഒരു മാസം പിന്നിട്ടിട്ടും എവിടെയാണെന്ന് പോലും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നേരത്തെ അന്വേഷണത്തില്‍ പുരോഗതിയെന്ന് കാണിച്ച് ജെ എന്‍ യു വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് കേസ് ഡല്‍ഹി പോലീസില്‍ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കാണിച്ച് ഡല്‍ഹിയില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടന്നതിനെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്.

അതേസമയം, നജീബിനെ കാണാതായ ദിവവസം ജെ എന്‍ യു ക്യാമ്പസിലെ ഹോസ്റ്റല്‍ മുറയില്‍വെച്ച് എ ബി വി പി പ്രവര്‍ത്തകന്‍ നജീബ് അഹ്മ്മദിനെ മര്‍ദ്ദിച്ചിരുന്നതായി സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിക്രാന്ത് കുമാര്‍ എന്ന എ ബി വി പി പ്രവര്‍ത്തകന്‍ നജീബിനെ കാണാത ദിവസം രാത്രിയില്‍ മര്‍ദ്ദിച്ചിരുന്നതായും അപകീര്‍ത്തിപരമായ ഭാഷ ഉപയോഗിച്ച് പ്രകോപനപരമായി പേരുമാറിയിരുതുമായി കാണിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.