ഡല്‍ഹി ആക്‌സിസ് ബാങ്കില്‍ 15 വ്യാജ അക്കൗണ്ടുകളിലായി 70 കോടി രൂപ പിടിച്ചെടുത്തു

Posted on: December 9, 2016 7:07 pm | Last updated: December 10, 2016 at 9:42 am

ന്യൂഡല്‍ഹി: രാജ്യമെമ്പാടും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഡല്‍ഹിയിലെ ആക്‌സിസ് ബാങ്ക് ശാഖയില്‍ 15 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി. ചാന്ദ്‌നി ചൗക്ക് ബ്രാഞ്ചില്‍നിന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ നിന്ന് 70 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കെവൈസി നിബന്ധനകള്‍ പാലിക്കാത്ത 44 അക്കൗണ്ടുകളില്‍ നിന്നായി 100 കോടി രൂപയും കണ്ടെത്തിയിട്ടുണ്ട്. 450 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ രേഖകളും ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണ്.

ഗുജറാത്തില്‍ 76 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി പോകുന്നതിനിടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതിനിടെ, മുംബൈയിലെ മട്ടുങ്കയില്‍ 85 ലക്ഷം രൂപയുമായി ഒരാള്‍ പിടിയിലായി. 2000 തിന്റെ പുതിയ നോട്ടുകളാണ് ഇയാളില്‍ നിന്നു പിടികൂടിയത്.

ഇന്നലെ ചെന്നൈയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 10 കോടിയോളം രൂപയുടെ പുതിയ 2,000 രൂപ നോട്ടുകള്‍ അടക്കം 90 കോടിയിലേറെ രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. വ്യവസായികളായ ശേഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, അവരുടെ ഓഡിറ്റര്‍ പ്രേം എന്നിവരെ കസ്റ്റഡിയിലെടുത്തു. ചെന്നൈയിലും വെല്ലൂരിലുമായി എട്ടിടങ്ങളിലാണ് റെയ്ഡ് നടത്തിയത്‌