Connect with us

Sports

ബാഡ്മിന്റണില്‍ സച്ചിന് ബെംഗളുരു ബ്ലാസ്റ്റേഴ്‌സ് !

Published

|

Last Updated

ബെംഗളുരു: കേരള ബ്ലാസ്റ്റേഴ്‌സ് മോഡലില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബാഡ്മിന്റണ്‍ രംഗത്തേക്കും. ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് എന്ന ബാഡ്മിന്റണ്‍ ക്ലബ്ബിന് രൂപം നല്‍കിയാണ് ബാഡ്മിന്റണിലേക്കുള്ള സച്ചിന്റെ കാല്‍വെയ്പ്. സച്ചിനൊപ്പം നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥരായ തെലുങ്ക് നടന്‍മാരും മറ്റ് ബിസിനസ്സുകാരും പുതിയ സംരംഭത്തിലും കൂട്ടാളികളായുണ്ട്. ഇന്നലെ ബെംഗളൂരുവില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രമുഖ തെലുങ്ക് നടനായ നാഗാര്‍ജ്ജുനയും ചിരഞ്ജീവിയും സച്ചിനൊപ്പമുള്ള തങ്ങളുടെ പുതിയ കാല്‍വെയ്പ്പിനെക്കുറിച്ച് വാചാലരായി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിന് രൂപം നല്‍കുന്നതെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ബാഡ്മിന്റണ്‍ തന്റെ മനസ്സിനെ കീഴടക്കിയ കളിയായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുന്ന പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ മറ്റു ടീമുകള്‍ക്കൊപ്പം ബെംഗളൂരു ബ്ലാസ്റ്റേഴ്‌സും മത്സര രംഗത്തുണ്ടാകും. 2010ല്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ അശ്വിനി പൊന്നപ്പയടക്കം 10 പേരെയാണ് ഇന്നലെ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളായി സച്ചിനും സഹ പ്രവര്‍ത്തകരും പരിചയപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് അഞ്ച് , തായ്‌ലാന്റ് – രണ്ട്, കൊറിയ-രണ്ട്, ഡെന്‍മാര്‍ക്ക് -ഒന്ന് എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സിലെ കായിക താരങ്ങള്‍.
പുരുഷ വിഭാഗത്തിലെ ഡബിള്‍സില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായ കൊറിയയുടെ യോയോണ്‍ സോംഗും ബാംഗ്ലൂര്‍ ബ്ലാസ്റ്റേഴ്‌സിലെ പ്രമുഖ താരമാണ്. കഴിഞ്ഞ ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ബെംഗളൂരു ബാഡ്മിന്റണ്‍ ക്ലബ്ബായിരുന്ന ബാംഗ്ലൂര്‍ ടോപ് ഗണ്‍സിന്റെ ഓഹരിയാണ് ഇത്തവണ സച്ചിന്‍ ഏറ്റെടുത്ത് ബാംഗ്ലൂര്‍ ബ്ലാസ്റ്റേഴ്‌സാക്കിയിരിക്കുന്നത്.