Connect with us

Editorial

പ്രതിമകള്‍ വേണ്ടാത്ത മനുഷ്യര്‍

Published

|

Last Updated

ഫിദല്‍ കാസ്‌ട്രോയുടെ സ്മണാര്‍ഥം പ്രതിമകള്‍ നിര്‍മിക്കുകയോ പൊതുസ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കയാണ് കാസ്‌ട്രോയുടെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ. വ്യക്തിപൂജ പാടില്ലെന്ന് ജീവിച്ചിരിക്കെ ഫിദല്‍ ഉണര്‍ത്തിയിരുന്നു. തന്റെ മരണശേഷം പൊതുസ്ഥലങ്ങള്‍, തെരുവുകള്‍, പ്ലാസകള്‍, സ്മാരകങ്ങള്‍, പ്രതിമകള്‍ എന്നിവ സ്വന്തം പേരില്‍ വരുന്നത് ഫിദല്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ജീവനില്ലാത്ത സ്വന്തം രൂപത്തെ മറ്റുള്ളവര്‍ ആരാധിക്കുന്നത് ഫിദലിന് താത്പര്യമില്ലാത്ത കാര്യമായിരുന്നുവെന്നും ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുത്ത വ്യക്തിയായിരുന്നു ഫിദലെന്നും റൗള്‍ വ്യക്തമാക്കി. ക്യൂബന്‍ ദേശീയ അസംബ്ലിയുടെ അടുത്ത സമ്മേളനത്തില്‍ ഫിദലിന്റെ പേര് ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കുമെന്നും അദ്ദഹം പറഞ്ഞു.

ചെറുതും വലുതുമായ നേതാക്കളുടെ പ്രതിമകള്‍ മത്സരബുദ്ധിയോടെ സ്ഥാപിച്ചു വരുന്ന സമകാലീന സാഹചര്യത്തില്‍ ശ്രദ്ധേയവും വേറിട്ടതുമായ തീരുമാനമാണിത്. നമ്മുടെ രാജ്യത്ത് തന്നെ പ്രധാന കവലകളും നിരത്തുകളും പ്രതിമകള്‍ കൈയടക്കി വരികയാണ്. പൊതുസ്ഥലങ്ങളിലും നിരത്തുകളിലും പ്രതിമാ നിര്‍മാണം നിരോധിച്ച സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് നാടുനീളെ പ്രതിമകള്‍ ഉയര്‍ത്തുന്നത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ രാഷ്ട്ര നേതാക്കളുടെയും സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങളുടെയും പ്രതിമകള്‍ രാജ്യത്തുടനീളമുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പൊതുഖജനാവില്‍ നിന്ന് ഭീമമായ തുക ചിലവിട്ടാണ് ഇവ ഏറെയും സ്ഥാപിക്കുന്നത്.
ഗുജറാത്തിലെ നര്‍മദാ നദിയിലെ സധു ബേട്ട് ദ്വീപില്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ ചിലവിടുന്നത് 3,000 കോടി രൂപയാണ്. വികസനത്തിനും ജനക്ഷേമത്തിനും വിനിയോഗിക്കേണ്ട സമ്പത്ത് ഉപയോഗിച്ചു പ്രതിമ നിര്‍മിച്ചത് കൊണ്ട് ജനങ്ങള്‍ക്കും നാടിനും എന്ത് ഗുണം? ഈ തുക കൊണ്ട് മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാകുന്ന ആതുരാലയങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ജനക്ഷേമകരമായ മറ്റു പദ്ധതികളോ തുടങ്ങിയാല്‍ അത് ജനങ്ങള്‍ക്കും നാടിനും നേട്ടമാകുകയും നേതാക്കളെ സമൂഹം ആദരവോടെ സ്മരിക്കാന്‍ സഹായിക്കുകയും ചെയ്യുമായിരുന്നു. പല പ്രതിമകളും ക്രമസമാധാന, നിയമ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു റോഡുകളുടെ മധ്യത്തിലും പൊതുസ്ഥലങ്ങളിലുമാണ് പ്രതിഷ്ടിച്ചത്.

ജീവിത കാലത്ത് പ്രശസ്തരായ പലരുടെയും പ്രതിമകളില്‍ പലതും വെയിലും മഴയും കൊണ്ട് അശ്ലീല പരസ്യങ്ങളും കാക്കക്കാഷ്ടവും മാലിന്യങ്ങളും പേറി അവര്‍ അവഹേളിക്കുന്ന വിധം പരിതാപകരമായ അവസ്ഥയിലാണ്.
രാഷ്ട്രീയത്തിലോ, സാമൂഹിക രംഗത്തോ തിളങ്ങി നിന്ന വ്യക്തിത്വങ്ങളെ അനുസ്മരിക്കാനെന്ന പേരില്‍ നടക്കുന്ന പ്രതിമാ നിര്‍മാണം ഇന്ന് അപഹാസ്യമായ നിലയിലെത്തിയിരിക്കുകയാണെന്നാണ് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള ഹിന്ദു മഹാസഭയുടെ തീരുമാനം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അഹിംസാ പോരാട്ടം നയിച്ചതിലൂടെ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ആദരവ് പിടിച്ചുപറ്റിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന് പ്രതിമ സ്ഥാപിക്കുന്നത് യഥാര്‍ഥത്തില്‍ രാജ്യത്തോടുള്ള അവഹേളനവും ദേശീയ സമരത്തെ അപഹസിക്കലുമാണ്. മായാവതിയെപ്പോലെ സ്വന്തം പ്രതിമ സ്ഥാപിച്ചു സ്വയം മഹത്വവ്തകരിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട് രാജ്യത്ത്. മായാവതിയുടേത് ഉള്‍പ്പെടെ 14 നേതാക്കളുടെ പ്രതിമാ നിര്‍മാണത്തിന് 5919 കോടി രൂപയാണ് പൊതുഖജനാവില്‍ നിന്ന് ഭരണ കാലത്ത് അവര്‍ ചിലവിട്ടത്. ജീവിച്ചിരിക്കുന്നവരുടെ പ്രതിമകള്‍ ചരിത്രത്തിലെ കോമാളിത്തങ്ങളും അധികാരം തലക്കു പിടിച്ച ദുരാത്മാക്കളുടെ അധികാരപ്രമത്തതയുടെ സ്മാരകങ്ങളുമായി അവശേഷിക്കുകയേ ഉള്ളു.

മഹത്‌വ്യക്തിത്വങ്ങളെ പില്‍കാലക്കാര്‍ സ്മരിക്കുന്നത് ജീവിത കാലത്ത് അവര്‍ ചെയ്ത നല്ല കാര്യങ്ങളിലൂടെയാണ്. മാതൃകാപരമായ അവരുടെ പ്രവര്‍ത്തനങ്ങളും പില്‍കാല സമൂഹത്തിന് അവര്‍ നല്‍കിയ ആശയാദര്‍ശങ്ങളുമാണ് അവരുടെ സ്മാരകങ്ങള്‍. സാമുഹിക സാംസ്‌കാരിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ഗുണപരമായ പരിവര്‍ത്തനത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത മഹത്തുക്കള്‍ പ്രതിമകളും സ്മാരകങ്ങളും ഇല്ലാതെ തന്നെ ജനമനസ്സുകളില്‍ ഇടം നേടും. ചരിത്രം ആദരവോടെ അവരെ എക്കാലത്തും ഓര്‍മിക്കും. അതേ സമയം ഫറോവ, ഹിറ്റ്‌ലര്‍, ഗോദ്‌സെ തുടങ്ങി ചരിത്രത്തില്‍ അവമതിക്കപ്പെട്ടവരെ പ്രതിമാ സ്ഥാപനത്തിലൂടെ മഹത്വവത്കരിക്കാനാകില്ല. എന്ത് സ്മാരകങ്ങള്‍ പണിതാലും സമൂഹം അവരെ അക്രമികളും ദുഷ്ടരുമായേ കാണൂ. പ്രതിമകള്‍ മഹത്വത്തിന്റെ പ്രതീകങ്ങളല്ല. അത് മണ്‍മറഞ്ഞ വ്യക്തികള്‍ക്കോ സമൂഹത്തിനോ ഒരു ഗുണവും ചെയ്യില്ല. അതിന് വേണ്ടി വിനിയോഗിക്കുന്ന പണം നാടിനോ സമൂഹത്തിനോ ഉപയോഗപ്പെടുത്തുകയാണ് വിവേകവും ബുദ്ധിയും.

Latest