ഇതൊരു തിക്തഫലമാണ്

തവളയും ഞണ്ടുമെല്ലാം നാട്ടിന്‍പുറത്ത് നിന്ന് അപ്രത്യക്ഷമാകുന്നു. ഉഷ്ണമേഖലയിലോ ശൈത്യ മേഖലയിലോ ഒക്കെ വിളയുന്ന പഴവര്‍ഗങ്ങള്‍ ഇവിടെ വിളയുന്നു. മലയാളിക്ക് പരിചിതമില്ലാത്ത പ്രതിഭാസങ്ങളാണിത്. ഇതൊരു ഓര്‍മപ്പെടുത്തലല്ല, മുന്നറിയിപ്പുമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ തിക്തഫലമാണ്. ഇടിമിന്നല്‍ അകമ്പടിയായി തിമിര്‍ത്ത് പെയ്യുന്ന തുലാവര്‍ഷ മഴ മലയാളിയുടെ ഓര്‍മകളിലേക്ക് മറയുകയാണോ? കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചെന്ന പതിവ് തലക്കെട്ടുകളേക്കാള്‍ ഭീകരമാണ് സാഹചര്യം. അത്രമേല്‍ മഴ മലയാളികള്‍ക്ക് മുന്നില്‍ മുഖം തിരിച്ചിരിക്കുന്നു. മരുവിലേക്കുള്ള ദൂരം കുറഞ്ഞ് കൊണ്ടേയിരിക്കുന്നു.
Posted on: December 9, 2016 6:03 am | Last updated: December 8, 2016 at 10:05 pm

കൂട്ടത്തോടെ മണ്ണിരകള്‍ ചത്തൊടുങ്ങുകയാണ് വയനാട്ടില്‍. പാലക്കാടാകട്ടെ മയിലുകള്‍ പതിവില്ലാതെ നാട്ടിലിറങ്ങുന്നു. തവളയും ഞണ്ടുമെല്ലാം നാട്ടിന്‍പുറത്ത് നിന്ന് അപ്രത്യക്ഷമാകുന്നു. ഉഷ്ണമേഖലയിലോ ശൈത്യ മേഖലയിലോ ഒക്കെ വിളയുന്ന പഴവര്‍ഗങ്ങള്‍ ഇവിടെ വിളയുന്നു. മലയാളിക്ക് പരിചിതമില്ലാത്ത പ്രതിഭാസങ്ങളാണിത്. ഇതൊരു ഓര്‍മ്മപ്പെടുത്തലല്ല, മുന്നറിയിപ്പുമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ തിക്തഫലമാണ്. ഇടി മിന്നല്‍ അകമ്പടിയായി തിമിര്‍ത്ത് പെയ്യുന്ന തുലാവര്‍ഷ മഴ മലയാളിയുടെ ഓര്‍മകളിലേക്ക് മറയുകയാണോ?

കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചെന്ന പതിവ് തലക്കെട്ടുകളേക്കാള്‍ ഭീകരമാണ് സാഹചര്യം. അത്രമേല്‍ മഴ മലയാളികള്‍ക്ക് മുന്നില്‍ മുഖം തിരിച്ചിരിക്കുന്നു. മരുവിലേക്കുള്ള ദൂരം കുറഞ്ഞ് കൊണ്ടേയിരിക്കുന്നു.
വയലേലകള്‍ വറ്റിവരളുന്നു. ഭൂഗര്‍ഭജലവിതാനം ഡിസംബറിലേ താഴുന്നു. കുടിനീര് തരുന്ന കുളങ്ങള്‍ കാട് മൂടിക്കിടക്കുന്നു. പലയിടത്തും ഇവ പ്ലാസ്റ്റിക് മാലിന്യം തള്ളാനുള്ള സംവിധാനമാണ്. സര്‍വമേഖലയും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കുടിനീരിനെക്കുറിച്ച് ആകുലപ്പെടുന്ന ഗ്രാമങ്ങള്‍. വിത്തിട്ട നെല്‍കൃഷിക്ക് മുന്നില്‍ ആധിയോടെ നില്‍ക്കുന്ന കര്‍ഷകന്‍. പവര്‍കട്ട് നാളുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന വൈദ്യുതി രംഗം. കേരളത്തിന്റെ സമ്പദ്ഘടനയില്‍ തന്നെ വരള്‍ച്ച തിരിച്ചടി നല്‍കുകയാണ്. ന്യൂനമര്‍ദങ്ങളുടെ ഫലമായി അല്‍പ്പം മഴ ലഭിച്ചാല്‍ പോലും ഈ താളം തെറ്റലിന്റെ കെടുതികള്‍ മറികടക്കാനാകാത്ത അവസ്ഥ.

നിറഞ്ഞൊഴുകുന്ന 44 നദികളായിരുന്നു മലയാളികളുടെ അഭിമാനം. വര്‍ഷം മുഴുവന്‍ കിനിയുന്ന ഉറവകള്‍ നമ്മെ അഹങ്കാരികളാക്കി. ഹരിത സമൃദ്ധമായ കാഴ്ചകളും അതിന് അനുസൃതമായ കാലാവസ്ഥയും. ഇതെല്ലാം കേരളത്തെ ജൈവവൈവിധ്യത്തിന്റെ കലവറയാക്കി. ദിവസം രണ്ടുനേരം കുളിച്ച് സ്വന്തം ശരീരം സൂക്ഷിച്ച മലയാളി പക്ഷേ അതിന് അവസരം നല്‍കുന്ന ജലത്തെ മറന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സമ്പൂര്‍ണ സാക്ഷരത നേടി. ഐ ടി സാക്ഷരതയിലും മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി. ആധാറിലും ഡിജിറ്റല്‍ ഇന്ത്യയും എല്ലാവര്‍ക്കും മുമ്പേ നടന്നു. പക്ഷേ, ജലസാക്ഷരതയെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നേയുള്ളൂ കേരളം. പിഴച്ചത് അവിടെയാണ്. മാനം മുട്ടെ നില്‍ക്കുന്ന കെട്ടിടങ്ങളിലാണ് വികസനമെന്നത് നമ്മുടെ ശരിധാരണയായി മാറി.
വേനല്‍കാലത്ത് പോലും ഓരോ പാടശേഖരവും മണ്ണിനടിയില്‍ സൂക്ഷിക്കപ്പെട്ടിരുന്നത് ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ്. ഈ ജലസാന്നിധ്യമാണ് കൊടും വേനലിലും നമ്മുടെ കിണറുകളില്‍ നീരുറവയായിരുന്നത്. മലകളും കുന്നുകളും സ്വീകരിക്കുന്ന മഴ ചെറുചാലുകളായി താഴ്‌വരങ്ങളിലേക്ക് അരുവികളായെത്തി. ഒരിക്കലും വറ്റാത്ത 44 നദികള്‍ കേരളത്തിന് സമ്മാനിച്ചത് ഈ അരുവികളായിരുന്നു. വികലമായ വികസന സങ്കല്‍പ്പങ്ങള്‍ ഈ സ്ഥിതി മാറ്റി മറിച്ചു. നമുക്ക് സംഭവിച്ച ആദ്യ പിഴവും ഇവിടെ തന്നെ.

വര്‍ഷകാല കലണ്ടറില്‍ ഡിസംബര്‍ 30 ആണ് വടക്ക് കിഴക്കന്‍ മണ്‍സൂണിന് നിര്‍വചിക്കപ്പെട്ട കാലപരിധി. എന്നാല്‍, ഡിസംബര്‍ തുടങ്ങിയപ്പോഴേക്ക് ടാങ്കറില്‍ വെള്ളം വിതരണം ചെയ്യുകയാണ് പലയിടത്തും. 14 ജില്ലകളും സമ്പൂര്‍ണ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കാലവര്‍ഷ മഴയില്‍ 34 ശതമാനമാണ് കുറവ് കണ്ടതെങ്കില്‍ തുലാവര്‍ഷ മഴയില്‍ ഇതുവരെയുള്ള കണക്കെടുത്താല്‍ മഴക്കുറവിന്റെ ശതമാനം 62 ആണ്.
തുലാവര്‍ഷ മഴ ശക്തിപ്രാപിക്കുമെന്നും ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കേരളത്തില്‍ 90 മുതല്‍ നൂറ് ശതമാനം വരെ മഴ ലഭിക്കുമെന്നുമായിരുന്നു കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍, നവംബര്‍ പിന്നിടുമ്പോഴും മഴ ശക്തിപ്രാപിച്ചിട്ടില്ല. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 70 മുതല്‍ 88 ശതമാനം വരെയാണ് തുലാവര്‍ഷ മഴയിലെ കുറവ്. മറ്റുജില്ലകളില്‍ 35 ശതമാനത്തിന് മുകളില്‍ വരും.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 2005.8 മില്ലി മീറ്റര്‍ മഴയാണ് കേരളത്തിന് ലഭിക്കേണ്ടത്. ഈ വര്‍ഷം ലഭിച്ചത് 1343 മില്ലി ലിറ്ററും. ഒരു ജില്ലയില്‍ പോലും സാധാരണ അളവില്‍ ഇക്കുറി മഴ പെയ്തില്ല. മഴയുടെ തോത് ഏറ്റവും കുറവ് വയനാട്ടിലാണ്, 59 ശതമാനം കുറവാണ് അവിടെയുണ്ടായത്. തൃശൂരില്‍ 44ഉം മലപ്പുറത്ത് 39ഉം പാലക്കാട്ട് 33 ശതമാനവും മഴ കുറഞ്ഞു. മറ്റു ജില്ലകളിലെ കുറവ് 25 ശതമാനത്തിന് മുകളിലാണ്.

കബനി, ഭവാനി, പാമ്പാര്‍ എന്നീ ചെറുനദീതടത്തില്‍ 32 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. മഴക്കുറവ് തെക്കന്‍ കേരളത്തേക്കാള്‍ രൂക്ഷമായി ബാധിക്കുക വടക്കന്‍ കേരളത്തെയാണ്. കാലവര്‍ഷ വ്യതിയാനത്തിന്റെ പ്രത്യാഘാതം കൂടുതലും മലബാറിനെയാകും ബാധിക്കുകയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2003ല്‍ കേരളത്തിലെ ഏഴ് ജില്ലകളെയും ഏഴ് താലൂക്കുകളെയും 119 ഗ്രാമങ്ങളെയുമാണ് വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചത്. 2012 ആയതോടെ സെപ്തംബറില്‍ നാല് ജില്ലകളെയും ഡിസംബര്‍ കഴിഞ്ഞതോടെ മറ്റ് 14 ജില്ലകളെയും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു. 2016ലെത്തുമ്പോള്‍ ഒക്‌ടോബറില്‍ തന്നെ കേരളത്തെ സമ്പൂര്‍ണ്ണ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കേണ്ടി വന്നതാണ് സ്ഥിതി. ജല സംരക്ഷണം മുഖ്യ ലക്ഷ്യമായി ഹരതം മിഷന് ഇന്നലെ തുടക്കമാകുകയും ചെയ്തു.
ദീര്‍ഘകാല ശരാശരിയേക്കാള്‍ മഴയുടെ അളവിലുണ്ടാകുന്ന കുറവ്, കാര്‍ഷിക സീസണിലെ മഴക്കുറവ്, ഉപഗ്രഹ ചിത്രങ്ങളില്‍ ഭൂമിയുടെ പച്ചപ്പിലുണ്ടാകുന്ന വ്യതിയാനം, മണ്ണിലെ ജലാംശത്തിന്റെ കുറവ്, അണക്കെട്ടുകളില്‍ ജലനിരപ്പിലുണ്ടാകുന്ന കുറവ്, വളര്‍ത്തുമൃഗങ്ങളിലെ മാറ്റങ്ങള്‍, കുടിവെള്ളം, ഭക്ഷ്യലഭ്യത എന്നിവയിലെ കുറവ്, വിലക്കയറ്റം, വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ നിന്ന് തൊഴില്‍തേടിയുള്ള കുടിയേറ്റം, കാര്‍ഷിക മേഖലയിലടക്കം കൂലിയില്‍ വരുന്ന വ്യത്യാസം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് ഒരു ജില്ലയെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുന്നത്. ഈ മാനദണ്ഡങ്ങളെല്ലാം സാധുവാണെങ്കില്‍ മാത്രമേ പ്രഖ്യാപനം നടത്താന്‍ കഴിയൂ. 44 നദികളുടെ വീമ്പ് പറയുന്ന കേരളത്തില്‍ ഒക്‌ടോബറില്‍ തന്നെ ഈ മാനദണ്ഡങ്ങളെല്ലാം സാധൂകരിക്കപ്പെട്ടിരിക്കുന്നു.
ആടിമുകില്‍മാല കുടിനീര് തിരയുന്നു
ആതിരകള്‍ കുളിരു തിരയുന്നു
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു
ആറുകളൊഴുക്ക് തിരയുന്നു!
എന്ന് ‘ഭൂമിക്ക് ഒരു ചരമഗീത’ത്തില്‍ കവി ഒ എന്‍ വി കുറുപ്പ് വിലപിക്കുന്നുണ്ട്. അത് അന്വര്‍ഥമാകുകയാണ്.
നാളെ: കിണറ്റിലെ വെള്ളം എങ്ങോട്ടാണ് പോകുന്നത്?