Connect with us

Sports

ഗോളുകള്‍ നേടാനായി, മികച്ച കളി പുറത്തെടുക്കാന്‍ ആയില്ല: സി കെ വിനീത്

Published

|

Last Updated

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മിന്നും പ്രകടനമാണ് മലയാളി താരമായ സി കെ വിനീത് പുറത്തെടുക്കുന്നത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ച് ഗോളുകളാണ് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ വിനീത് നേടിയത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ നിര്‍ണായക മത്സരത്തില്‍ നേടിയ ഗോളിലൂടെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരമായും വിനീത് മാറി. എന്നാല്‍ ഇതുവരെ തന്റെ മികച്ച കളി പുറത്തെടുക്കാനായിട്ടില്ലെന്ന് പറയുന്ന താരം ബ്ലാസ്റ്റേഴ്‌സിനെ ഈ സീസണില്‍ ചാമ്പ്യന്മാരാക്കുന്നതില്‍ തന്റെ മികവ് പുറത്തെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുന്നു.

? ഐ എസ് എല്ലില്‍ സ്വപ്‌നതുല്യമായ വരവായിരുന്നു താങ്കളുടേത്. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍, മുന്ന് അസിസ്റ്റുകള്‍. ഈ സീസണില്‍ ഇത്ര മനോഹരമായ തുടക്കം താങ്കള്‍ പ്രതീക്ഷിച്ചിരുന്നുവോ

സത്യസന്ധമായി പറഞ്ഞാല്‍, ഒരിക്കലും ഇത്രയേറെ പ്രതീക്ഷിച്ചിരുന്നില്ല. ടീമിനെ സെമി ഫൈനലില്‍ എത്തുന്നതിനു സഹായിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും കളിക്കാനെത്തുമ്പോള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതേപോലെ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുവാന്‍ കഴിയുമെന്നു ഒരിക്കലും കരുതിയിരുന്നതല്ല. ഫൈനലിലേക്ക് യോഗ്യത നേടുകയും കപ്പ് സ്വന്തമാക്കുക എന്ന ദൗത്യമാണ് എനിക്കും മറ്റു ടീമംഗങ്ങള്‍ക്കും മുന്നിലുള്ളത്.

? ഈ തകര്‍പ്പന്‍ ഫോമില്‍ , മികച്ച ഫുട്‌ബോള്‍ താങ്കള്‍ പുറത്തെടുത്തിരുന്നുവോ

സത്യസന്ധമായി പറയാം, ഇതുവരെ എനിക്ക് നന്നായി കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗോളുകള്‍ നേടിയെങ്കിലും ഇതുവരെ മികച്ച ഫുട്‌ബോള്‍ കളി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
? ദേശീയ ടീമില്‍ ഇടം ലഭിക്കാന്‍ ഈ ഗോളുകള്‍ പര്യാപ്തമാണോ

അത് എനിക്ക് അറിയില്ല, അതേക്കുറിച്ച് ഒന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഇപ്പോള്‍ ഈ ഗെയിമിലാണ് എന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത്. എനിക്ക് ഇനിയും നന്നായി കളിക്കാന്‍ കഴിയുകയാണെങ്കില്‍ അവര്‍ എന്നെ തീര്‍ച്ചയായും വിളിക്കും. എനിക്ക് ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ കഴിയുമെന്ന് തെളിയിക്കേണ്ടതുണ്ട്. ബാക്കി എല്ലാം വരുന്നതുപോലെ
? ഇത്തവണത്തെ ഐ എസ് എല്‍ ഫൈനല്‍ കൊച്ചിയില്‍ നടക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ ഫൈനല്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ടീം തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടാകും. അതിന്റെ സമ്മര്‍ദം ടീമിനുണ്ടോ

ഐ എസ് എല്‍ ജയിക്കുക എന്നത്് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കൊതിക്കുന്ന മൂഹൂര്‍ത്തം ആണ്. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്കുവേണ്ടി ഞങ്ങള്‍ക്ക് ജയിക്കണം. കാരണം, ഏറ്റവും മികച്ച ആരാധകരാണ് ഇത്. ട്രോഫി ലഭിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ഞങ്ങളുടെ ആരാധകര്‍ക്കുള്ളതാണ്. എന്നാല്‍, അതിന്റെ സമ്മര്‍ദം ഒന്നും ടീമിന് ഇല്ല. ഞങ്ങളുടെ സ്വാഭാവിക ഗെയിം തന്നെ ആയിരിക്കും കളിക്കുക. സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ ഓരോ മത്സരവും ആസ്വദിക്കുന്നു. ഓരോ നിമിഷവും അവര്‍ക്കു മത്സരം ആനന്ദം നല്‍കുന്നുണ്ട്.
? ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകളില്‍ എത്രമാത്രം കാണികളുടെ പിന്തുണ സഹായമായി

ഈ വന്‍ ജനക്കൂട്ടത്തിനു മുന്നില്‍ കളിക്കുക എന്നത് എനിക്ക് സത്യത്തില്‍ വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. ശരിക്കും ആശ്ചര്യകരമായ അനുഭവമാണ് അത്. കളിക്കാര്‍ തമ്മില്‍ പറയുന്നതുപോലും കേള്‍ക്കാനാകാത്ത വിധം ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പലപ്പോഴും റഫറിയുടെ വിസിലടിപോലും കേള്‍ക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. ചെവിതുളക്കുന്ന ഗ്യാലറിയുടെ ആരവം അക്ഷരാര്‍ത്ഥത്തില്‍ സിരകളിലൂടെ വൈദ്യുതതരംഗം പ്രവഹിക്കുന്ന അനുഭവമാണ്.

? പരിശീലകന്‍ എന്ന നിലയില്‍ സ്റ്റീവ് കോപ്പലിനെക്കുറിച്ച് എന്തു പറയുന്നു. ഗ്രൗണ്ടില്‍ തങ്ങള്‍ക്ക് അദ്ദേഹം സ്വതന്ത്രമായ റോള്‍ അനുവദിച്ചിരിക്കുന്നുവെന്ന് കരുതാമോ

ഞാന്‍ കളിച്ച ടീമുകളുടെ പരിശീലകരുമായി നോക്കിയാല്‍ എറ്റവും ശാന്തനായ പരിശീലകനാണ് അദ്ദേഹം. ഒരിക്കലും അദ്ദേഹം ശാന്തത കൈവിടാറില്ല. അതേപോലെ ശാന്തമായി മാത്രമെ സംസാരിക്കാറുള്ളു.
എന്നും ഗെയിം ആസ്വദിക്കാനായി പോകൂ എന്നു മാത്രമെ പറയാറുള്ളു. സന്തോഷവാനായിരിക്കൂ എന്നുമാത്രമാണ് അദ്ദേഹത്തിന്റെ ഉപദേശം. തെറ്റുപിണയുമ്പോള്‍ അത് മറന്നു കളയാന്‍ മാത്രമെ പറയാറുള്ളു. ഹാഫ് ടൈമിനു പിരിഞ്ഞ ശേഷം ഡ്രസിംഗ് റൂമിലേക്കെത്തുമ്പോഴും ആരെയും പഴിക്കാറില്ല. മറിച്ച് അടുത്ത 45 മിനുട്ടിനെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ മാത്രമെ ആവശ്യപ്പെടും.
ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ എല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം എപ്പോഴും ടീമംഗങ്ങളെ ഓര്‍മ്മപ്പെടുത്താറുണ്ട്. ഇതുവരെ കേരള ബ്ലാസറ്റേഴ്‌സിനോടൊപ്പമുള്ള എന്റെ നിമിഷങ്ങളില്‍ ഒരിക്കലും അദ്ദേഹത്തെ ക്ഷുഭിതനായി കണ്ടിട്ടില്ല.

Latest