ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു

Posted on: December 8, 2016 7:05 pm | Last updated: December 9, 2016 at 9:25 am

തിരുവനന്തപുരം: കേരളത്തിലെ തിരിച്ചുവരവിന് യുവനിരയില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്. പതിനാല് ഡി സി സികളുടെയും തലപ്പത്തേക്ക് പുതുമുഖങ്ങളെയാണ് ഹൈക്കമാന്‍ഡ് അവരോധിച്ചത്. ഏഴ് വീതം ഡി സി സികള്‍ എ-ഐഗ്രൂപ്പുകള്‍ വീതം വെക്കുന്ന പതിവ് മാറിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ശക്തമായ ഗ്രൂപ്പ് വികാരം ഇപ്പോഴും വെച്ച് പുലര്‍ത്തുന്ന ഏതാനും പേരെ പട്ടികയിലുള്ളൂ. ഗ്രൂപ്പ് നോക്കി വിലയിരുത്തിയാല്‍ ഐ വിഭാഗത്തില്‍ നിന്ന് എട്ട് പേരുണ്ട്. അഞ്ച് പേരാണ് എ ഗ്രൂപ്പില്‍ നിന്ന്. ഒരാള്‍ വി എം സുധീരനൊപ്പം ശക്തമായി നില്‍ക്കുന്നയാളും. ഗ്രൂപ്പ് പട്ടികയില്‍ എണ്ണുന്ന മറ്റു ചിലരും സുധീരനോട് അടുപ്പം പുലര്‍ത്തുന്നവരാണ്. അദ്ദേഹം നിര്‍ദേശിച്ച പട്ടികയില്‍ ഉള്‍പ്പെട്ടവരും. ഈ വിലയിരുത്തലിനപ്പുറമാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍.

പാര്‍ട്ടിയുടെ മുഖംമിനുക്കലിന്റെ ഭാഗമായി രാജ്യത്തുടനീളം യുവാക്കള്‍ പാര്‍ട്ടി തലപ്പത്തേക്ക് എത്തണമെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് പട്ടികയില്‍ പ്രതിഫലിച്ചത്. നിലവില്‍ ഡി സി സി പ്രസിഡന്റായി നില്‍ക്കുന്ന ഒരാള്‍ പോലും പുതിയ പട്ടികയില്‍ ഇടം നേടിയില്ല. ഗ്രൂപ്പുകള്‍ ഡി സി സി അധ്യക്ഷന്മാരുടെ പങ്കിടുന്ന പ തിവുശൈലി ഇത്തവണ നടക്കില്ലെന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് ഹൈക്കമാന്‍ഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ചര്‍ച്ചകള്‍ക്കു ശേഷം ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് നാലും അഞ്ചും പേരുടെ പട്ടികയാണു കേരളത്തില്‍ നിന്ന് ഹൈക്കമാന്‍ഡിനു നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് അന്തിമപട്ടികയ്ക്കു രൂപം നല്‍കിയത്. പതിറ്റാണ്ടുകള്‍ക്കു ശേഷമാണു ബിന്ദു കൃഷ്ണയിലൂടെ ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത വരുന്നതെന്ന പ്രത്യേകതയുമുണ്ട്. എം എല്‍ എമാരില്‍ വയനാട്ടില്‍ നിയോഗിച്ച ഐ സി ബാലകൃഷ്ണന്‍ മാത്രമാണ് ഡി സി സി പ്രസിഡന്റായത്.

ഐ ഗ്രൂപ്പിന് ലഭിച്ച മേധാവിത്വം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കരുത്ത് വര്‍ധിപ്പിക്കും. നെയ്യാറ്റിന്‍കര സനല്‍ (തിരുവനന്തപുരം), ബിന്ദു കൃഷ്ണ (കൊല്ലം), എം ലിജു (ആലപ്പുഴ), ടി ജെ വിനോദ് (എറണാകുളം), ഇബ്രാഹിം കുട്ടി കല്ലാര്‍ (ഇടുക്കി), ഐ സി ബാലകൃഷ്ണന്‍ (വയനാട്), വി കെ ശ്രീകണ്ഠന്‍ (പാലക്കാട്) സതീശന്‍ പാച്ചേനി (കണ്ണൂര്‍ ) എന്നിവരാണു ഐ ഗ്രൂപ്പ് നോമിനികള്‍. ജോഷി ഫിലിപ്പ് (കോട്ടയം), ബാബു ജോര്‍ജ് (പത്തനംതിട്ട), വി വി പ്രകാശ് (മലപ്പുറം) ടി സിദ്ധിഖ് (കോഴിക്കോട്), ഹക്കിം കുന്നേല്‍ (കാസര്‍കോട്) എന്നിവര്‍ എ ഗ്രൂപ്പ് പ്രതിനിധികളും. തൃശൂരിലെ ടി എന്‍ പ്രതാപനാണു സുധീരന്റെ നോമിനി. എന്നാല്‍, നെയ്യാറ്റിന്‍കര സനല്‍, വി വി പ്രകാശ്, ബിന്ദുകൃഷ്ണ എന്നിവരും സുധീരനുമായി അടുത്ത ബന്ധമുണ്ട്.
യുവനിരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ പ്രമുഖര്‍ പി സി വിഷ്ണുനാഥും ഡീന്‍ കുര്യാക്കോസുമാണ്. ഇതില്‍ പി സി വിഷ്ണുനാഥിനു എ ഐ സി സി സെക്രട്ടറിയാക്കുമെന്നാണ് വിവരം. മുമ്പ് കരുണാകരനൊപ്പം പോയി കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നയാളാണ് ഇബ്രാഹിംകുട്ടി കല്ലാര്‍. ഗ്രൂപ്പ് അതിപ്രസരം ശക്തമായ തൃശൂരിലേക്ക് ടി എന്‍ പ്രതാപനെ നിയോഗിച്ചതും ശ്രദ്ധേയമാണ്.

ഡി സി സി പ്രസിഡന്റ് നിയമനത്തെ ചൊല്ലി ഗ്രൂപ്പ് ഏറ്റുമുട്ടല്‍ പതിവായി നടക്കുന്ന സ്ഥലമാണ് തൃശൂര്‍. ഐ ഗ്രൂപ്പ് ആധിപത്യമുള്ള തൃശൂരിലേക്ക് മുമ്പ് വയലാര്‍ രവിയുടെ നോമിനിയെ ഡി സി സി പ്രസിന്റാക്കിയത് രൂക്ഷമായ ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു.