ജനാര്‍ദ്ദനന്‍ റെഡ്ഢി 100 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്ന് വെളിപ്പെടുത്തല്‍

Posted on: December 7, 2016 8:22 pm | Last updated: December 8, 2016 at 6:56 pm

ബെല്ലാരി: കര്‍ണാടകയിലെ പ്രമുഖ ഖനി വ്യവസായി ജനാര്‍ദ്ദനന്‍ റെഡ്ഢി 100 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ആത്മഹത്യാ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ബംഗളൂരുവിലെ സ്‌പെഷ്യല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ ഭീമാ നായിക്കിന്റെ ഡ്രൈവര്‍ രമേഷ് ഗൗഡയാണ് ജീവനനൊടുക്കിയത്.

ഭീമ നായിക്കിന് 20 ശതമാനം കമ്മീഷന്‍ നല്‍കിയാണ് ഇത്രയും തുക ജനാര്‍ദ്ദനന്‍ റെഡ്ഢി വെളുപ്പിച്ചതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിച്ചതിനെ കുറിച്ച് അറിയുന്നതിനാല്‍ തനിക്ക് നിരന്തര ഭീഷണി ഉണ്ടായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ജനാര്‍ദ്ദനന്‍ റെഡ്ഢി കഴിഞ്ഞ മാസം 500 കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഖനി അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതാണ് റെഡ്ഢി.