Connect with us

Wayanad

വിദ്യാര്‍ഥികളുടെ നിലവാരം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തണം

Published

|

Last Updated

കല്‍പ്പറ്റ: പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തി കുട്ടികളെ അറിവിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര ശരാശരിക്കൊപ്പം ഉയര്‍ത്തണമെന്ന് വിദ്യാഭ്യസ മന്ത്രി പ്രൊഫി. സി രവീന്ദ്രനാഥ് പറഞ്ഞു. കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂളില്‍ ജില്ലയിലെ സ്‌കൂള്‍ പ്രധാനാധ്യാപകരുടെയും ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പള്‍മാരുടെയും പി ടി എ ഭാരവാഹികളുടെയും സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകരില്‍ ഒരാളായാണ് മന്ത്രി അടുത്ത അഞ്ചു വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന അതിനൂതനവും ആശയസമ്പുഷ്ടവുമായ പദ്ധതികളെ ഇവര്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. വളരെ ശ്രദ്ധയോടെ പൊതുവിദ്യാഭ്യസത്തെ ശക്തിപ്പെടുത്താന്‍ പര്യാപ്തമായ മാതൃക പദ്ധതികളെ അധ്യാപകരും രക്ഷാകര്‍ത്താക്കളും കേട്ടിരുന്നു. കേരളത്തിന്റെ സാസ്‌കാരികതയെ പരിപോഷിപ്പിച്ച മതേതരഘടനയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകരാന്‍ പാടില്ല. മൂല്യശോഷണമെന്ന് മുദ്ര കുത്തി ജാതി മത തീവ്രഘടകങ്ങള്‍ ഈ സംവിധാനത്തെ തകര്‍ക്കിനിരിക്കുകയാണ്. വിദ്യാഭ്യാസം കച്ചവടം ചെയ്യുന്ന സാഹചര്യത്തില്‍ നിന്നും മാറി ഏവര്‍ക്കും തുല്യമായി അറിവുകള്‍ പകരുന്ന സാഹചര്യം ഇനി നാളെയും തുടരണം. ഇതിനായി സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ്. അധ്യാപകരും ഈ പദ്ധതിയുമായി സഹകരിക്കണം. അന്താരാഷ്ട്ര തലത്തില്‍ ഒരു വിദ്യാര്‍ഥിയുടെ നിലവാരം ഉയര്‍ന്നു എന്നാല്‍ ഏറ്റവും ഉയര്‍ന്ന അറിവുനേടി എന്ന അര്‍ഥത്തിലല്ല കാണുന്നത്.പകരം എല്ലാ കുട്ടികള്‍ക്കും ഒരാള്‍പോലും ഒഴിയാതെ അതതു ക്ലാസുകളിലെ ശരാശരി അറിവു നേടാന്‍ കഴിഞ്ഞു എന്നാണ് വിവക്ഷിക്കുന്നത്. ഇത് അന്താര്‍ഷ്ട്രതലത്തിലെ അടിസ്ഥാന നിലവാരത്തിന് തുല്യമായിരിക്കണം. ഇതിനായി ക്ലാസ് മുറികളില്‍ എല്ലാ കുട്ടികളെയും അധ്യാപകര്‍ ക്യത്യമായി നിരീക്ഷിച്ച് പഠനത്തില്‍ ഏറ്റവും മോശമായി കുട്ടിയെയും മുന്നിലെത്തിക്കുന്ന വിധത്തില്‍ അറിവുകള്‍ പ്രധാനം ചെയ്യണം.

മൂന്ന് കാര്യങ്ങളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ ആദ്യമായി വിഭാവനം ചെയ്യുന്നത്. ആദ്യത്തേത് രക്ഷാകര്‍തൃസമിതിയുടെ പങ്കാണ്. പിടി എ കമ്മറ്റിയില്‍ എല്ലാത്തരം ആളുകളുടെയും പ്രാതിനിധ്യം വേണം. രണ്ടാമതായി പൂര്‍വ വിദ്യാര്‍ഥികളുടെ സമിതിയുണ്ടാക്കി വിദ്യാലയത്തിലേക്ക് ഇവരെയും ക്ഷണിക്കണം. മൂന്നാമതായി ചുറ്റുപാടുകളിലുള്ള സന്നദ്ധ സംഘടനാ പ്രതിനിധികള്‍ മുതല്‍ ക്ലബ്ബുകള്‍ മുതല്‍ വായനശാലകള്‍ മറ്റു സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഈ വിദ്യാലയ സംരക്ഷണ സമിതിയില്‍ ഉള്‍പ്പെടുത്താം. ഇവര്‍ ഒരു സംരക്ഷിത കവചം സ്‌കൂളിന് വേണ്ടി പ്രവര്‍ത്തിക്കും. ഹരിത ക്യാമ്പസുകള്‍ എന്ന ലക്ഷ്യവും നിറവേറ്റപ്പെടുകയാണ്. ഒരോ വിദ്യാലയ പരിസരവും പ്ലാസ്റ്റിക് രഹിത ഇടമായി മാറ്റണം. ഡിസംബര്‍ എട്ടിന് ഹരിതകേരള മിഷന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞയെടുക്കും. ഇതോടെ സ്‌കൂള്‍ പരിസരം പ്ലാസ്റ്റിക് മുക്തമേഖലയായി മാറും. ഈ ശീലങ്ങള്‍ കുട്ടികള്‍ വീട്ടിലും പാലിക്കുമ്പോള്‍ അതെല്ലാം ഒരു മാറ്റത്തിന് നിദാനമാകുമെന്നും മന്ത്രി അധ്യാപകരോടും രക്ഷിതാക്കളോടുമായി പറഞ്ഞു. അടുത്ത പടിയായി സ്‌കൂളുകളില്‍ ജൈവ വൈവിധ്യ പാര്‍ക്കുകളും സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കും. ഇതില്‍ നിന്നെല്ലാം കുട്ടികള്‍ക്ക് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ധാരാളം പഠിക്കാനുണ്ടാകും. ഉത്തമ പൗരന്‍മാരായി കുട്ടികളെ ഉയര്‍ത്തുന്നതില്‍ പൊതുവിദ്യാഭ്യാസ ഇടങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുമ്പോള്‍ കുട്ടികളും ഇവിടങ്ങളിലേക്ക് ധാരാളമായി ഒഴുകും. കുട്ടികള്‍ക്ക് അറിവു നേടാനുള്ള വഴികള്‍ തുറന്നുകൊടുക്കുക എന്ന ദൗത്യം മാത്രം അധ്യാപകര്‍ ഏറ്റെടുത്ത് നിറവേറ്റിയാല്‍ അവര്‍ക്ക് അതു തന്നെ ധാരാളമായിരിക്കും പുതിയ ഉയരങ്ങള്‍ താണ്ടാനുമെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, പി കെ അസ്മത്ത്, എ ദേവകി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ചര്‍ പി തങ്കം തുടങ്ങിയവര്‍ സംസാരിച്ചു.

 

Latest