മുജാഹിദ് മടവൂര്‍, മൗലവി ഗ്രൂപ്പുകള്‍ ലയിച്ചു; ആശയ വ്യക്തതയില്ലാതെ നേതാക്കള്‍

Posted on: December 6, 2016 12:46 pm | Last updated: December 6, 2016 at 12:46 pm

hussain-madavoor-and-a-p-abdul-khader-moulaviകോഴിക്കോട്: ആശയപരമായ തര്‍ക്ക വിഷയങ്ങളിലും വിവാദങ്ങളിലും നിലപാടിലെത്താതെയും ദുരൂഹതകള്‍ ബാക്കിവെച്ചും ഒന്നര പതിറ്റാണ്ടിന് ശേഷം കേരളത്തിലെ രണ്ട് മുജാഹിദ് സംഘടനകള്‍ ലയിച്ചു. തീവ്രവാദത്തിന്റെയും വിധ്വംസക പ്രവര്‍ത്തനത്തിന്റെയും പേരില്‍ ആഗോളാടിസ്ഥാനത്തിലും കേരളീയ പശ്ചാത്തലത്തിലും സലഫി സംഘടനകള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ രണ്ട് പ്രമുഖ സലഫി സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഗ്ലോബല്‍ മുജാഹിദുകളും ദമ്മാജ് സലഫികളും ഐക്യത്തിനില്ല.

2002 ആഗസ്റ്റില്‍ പിളര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹിദീനും പോഷക സംഘടനകളും പതിനാല് വര്‍ഷത്തിന് ശേഷം ഐക്യപ്പെടാന്‍ തീരുമാനിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ജിന്ന് വിഭാഗം എന്നറിയപ്പെടുന്ന മുജാഹിദ് ഗ്ലോബല്‍ വിസ്ഡം ഗ്രൂപ്പിനെയും ആട് മുജാഹിദുകള്‍ എന്നറിയപ്പെടുന്ന ദമ്മാജ് സലഫികളെയും ഒഴിവാക്കിയാണ് ലയനം. ഈ ഗ്രൂപ്പുകളെ കൂടെക്കൂട്ടാന്‍ മധ്യസ്ഥര്‍ക്ക് കഴിഞ്ഞില്ല. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും മര്‍ക്കസുദ്ദഅ്‌വ ആസ്ഥാനമായുള്ള നദ്‌വത്തുല്‍ മുജാഹിദിന്റെയും സംയുക്ത ഭരണ സമിതികളും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരും ഐ എസ് എം, എം എസ് എം, എം ജി എം എന്നീ പോഷക ഘടകങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഐക്യ പ്രമേയം അവതരിപ്പിക്കുകയും സി പി ഉമര്‍ സുല്ലമി പിന്താങ്ങുകയുമായിരുന്നു.
അഭിപ്രായ വ്യത്യാസങ്ങളില്‍ എന്തൊക്കെ ധാരണകളാണ് ഉണ്ടാക്കിയതെന്ന് ഇരുവിഭാഗത്തിലേയും നേതാക്കളില്‍ കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ എന്നാണ് വിവരം. ഐക്യശ്രമത്തിന് നേതൃത്വം നല്‍കിയ എം അബ്ദുര്‍റഹിമാന്‍ സലഫിയും എ അസ്ഗറലിയും ആദര്‍ശ പ്രശ്‌നങ്ങളിലും സംഘടനാ പ്രശ്‌നങ്ങളിലുമുണ്ടായ തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചെന്ന്് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ എന്താണ് വിശദീകരണം, സംഘടനയുടെ പിളര്‍പ്പിലേക്ക് എത്തിച്ച തര്‍ക്ക വിഷയങ്ങളിലെ തീരുമാനം എന്ത്, ഇരു സംഘടനക്കും കീഴിലെ സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ സംബന്ധിച്ച ധാരണകള്‍ എങ്ങനെ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങളോട് ഒന്നും പറയാനില്ലെന്നും എല്ലാം പ്രവര്‍ത്തകരെ അറിയിച്ചട്ടുണ്ടെന്നുമാണ് നേതാക്കള്‍ അറിയിച്ചത്.
സിഹ്‌റ് ബാധയേല്‍ക്കുമോ, ജിന്നുകള്‍ ഉണ്ടോ ഇല്ലയോ തുടങ്ങി സംഘടനയെ പിളര്‍പ്പിലേക്ക് നയിച്ച കാര്യങ്ങളില്‍ എന്ത് തീരുമാനത്തിലെത്തിയെന്ന ചോദ്യത്തിന്, ഇത്തരം വിഷയങ്ങളില്‍ വൈജ്ഞാനിക ചര്‍ച്ച തുടരുകയാണെന്നും പണ്ഡിതര്‍ ചേര്‍ന്ന് ഐക്യത്തിലെത്തുമെന്ന മറുപടിയാണ് നല്‍കിയത്. ഇത് പിളര്‍പ്പിന് ആധാരമായ കാരണങ്ങള്‍ ഇപ്പോഴും അതേ പടി തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ്.

ഹുസൈന്‍ മടവൂര്‍ ബഹുദൈവ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതായി മറുവിഭാഗം ആഗോള സലഫി നേതൃത്വത്തിനും വിദേശത്തെ ഔഖാഫ് ഓഫീസുകളിലും പ്രചരിപ്പിച്ചിരുന്നു. ഹുസൈന്‍ മടവൂര്‍ തന്നെ ഇക്കാര്യം നേരത്തെ വെളിപ്പെടുത്തുകയുമുണ്ടായി. ഹുസൈന്‍ മടവൂര്‍ ഈ നിലപാടില്‍ നിന്ന് പിന്‍മാറിയതാണോ, അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഏകപക്ഷീയമായി പിന്‍വലിച്ചാണോ ഇപ്പോള്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന സംഘടനയോട് ലയിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, കടപ്പുറത്ത് നടക്കുന്ന ലയനസമ്മേളനത്തില്‍ വിശദീകരണം നടത്തുമെന്ന് മുജാഹിദ് നേതാക്കള്‍ അറിയിച്ചു. ലയനത്തിലേക്ക് എത്തിച്ച സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് വിവരിക്കുന്നതിനിടെ, മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നത മൂലം മനസ്സുമരവിച്ച യുവാക്കളില്‍ ചിലര്‍ അരാഷ്ട്രീയ വാദങ്ങളിലേക്കും അപകടകരമായ ചിന്തകളിലേക്കും ആകൃഷ്ടരാകുമോ എന്ന് ഭയമുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. ഇത് കേരളത്തിലെ മുജാഹിദ് വിഭാഗങ്ങളില്‍ നിന്ന് ഐ എസ് അടക്കമുള്ള തീവ്രവാദ സംഘടനകളിലേക്ക് യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെട്ടെന്ന അന്വേഷണ ഏജന്‍സികളുടെയും മറ്റും വെളിപ്പെടുത്തല്‍ ശരിവെക്കുന്നതാണ്. ഈ കുറ്റസമ്മതം സലഫി സംഘടനകള്‍ക്ക് നേരെ ആരോപണമുണ്ടായപ്പോള്‍ പ്രതിരോധവുമായി രംഗത്തെത്തിയ ചില സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിരോധത്തിലാക്കുന്നതാണ്.
2015 ഡിസംബര്‍ മുതല്‍ 2016 നവംബര്‍ വരെ ഇരു പക്ഷത്തെയും അഞ്ചു വീതം പണ്ഡിതന്മാര്‍ നടത്തിയ ചര്‍ച്ചയില്‍ നിന്ന് ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമ ശരിവെച്ചതോടെയാണ് ഐക്യശ്രമത്തിന് വേഗം കൂടിയതെന്നും ഇതിനെ ഭരണസമിതികളും കൗണ്‍സിലുകളും അംഗീകരിച്ചതോടെ യാഥാര്‍ഥ്യമായെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ പിളര്‍പ്പിന് ശേഷം ഇരുവിഭാഗം പരസ്പരം ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നില്‍ പോലും വ്യക്തമായ തീരുമാനത്തിലെത്താതെയാണ് 20ന് കടപ്പുറത്ത് ലയന സമ്മേളനം നടക്കാന്‍ പോകുന്നത്.