ജയലളിതയും തമിഴ് രാഷ്ട്രീയവും

വ്യക്തിജീവിതത്തില്‍ ശശികലയെന്ന ഉറ്റ തോഴിയെ എന്നും ഒപ്പം നിര്‍ത്തിയിരുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തും ശശികലയുണ്ടെങ്കിലും ജയലളിതയുടെ അഭാവത്തില്‍ അവരുള്‍പ്പെടുന്ന 'മണ്ണാര്‍ഗുഡി മാഫിയ'ക്ക് പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനാകുമെന്ന് കരുതാനാകില്ല. തലൈവിയുടെ അഭാവം പാര്‍ട്ടിയെ ശിഥിലമാക്കുന്നതിലേക്കോ പിളര്‍ത്തുന്നതിലേക്കോ നയിക്കുമെന്നു തന്നെ വേണം കരുതാന്‍.രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ മാത്രം ജയലളിതയെ അളക്കാനാകില്ല. ജനവികാരത്തെ എന്നും ഒപ്പം നിര്‍ത്താന്‍ കഴിവുള്ള നേതൃത്വം കൂടിയാണ് ജയലളിത. ഒരുകാലത്തും ജയലളിത വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നില്ല. അന്നും ഇന്നും അവര്‍ തന്നെയാണ് വാര്‍ത്ത. ഇന്ന് ആശുപത്രിയില്‍ കിടക്കുമ്പോഴും ഇത് ശരിവെക്കുന്നു.
Posted on: December 6, 2016 6:04 am | Last updated: December 6, 2016 at 2:14 am

b0ictk1imaaa_blackji-copyഒടുവില്‍ ആ വാര്‍ത്ത സ്ഥിരീകരിക്കുമ്പോള്‍ സ്വാഭാവികമായും ചോദ്യം ഉയരുന്നു. എ ഐ എ ഡി എം കെയുടെ ഭാവി എന്തായിരിക്കും? തമിഴ് രാഷ്ട്രീയത്തിന്റെ വരും നാളുകളിലെ വ്യാകരണം കൂടിയാണ് ഈ സന്ദേഹം പങ്കുവെക്കുന്നത്. ജയലളിത നയിച്ച പാര്‍ട്ടിയെ പനീര്‍ ശെല്‍വത്തിന് എത്രത്തോളം വിജയിപ്പിച്ചെടുക്കാനാകും എന്നുള്ളതിന് ആശ്രയിച്ചിരിക്കും ഈ ചോദ്യത്തിന്റെ ഉത്തരം. ജയലളിതയുടെ അസുഖം മാരകമാണെന്ന് വാര്‍ത്തകള്‍ വന്ന മുതല്‍ തന്നെ തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ അന്തരീക്ഷത്തിലുണ്ടായിരുന്നു.
തമിഴ് രാഷ്ട്രീയത്തിന്റെ ഭാവിയും വര്‍ത്തമാനവും ഏതാനും മാസങ്ങളായി ചെന്നൈയിലെ അപ്പോളോ ആശുപത്രിക്ക് ചുറ്റും കറങ്ങുകായിരുന്നു . തിരൈപ്പടത്തിലും തമിഴ് മക്കളുടെ ഹൃദയത്തിലും ഒരുപോലെ തിളങ്ങിയ, എം ജി ആറിനു ശേഷം തമിഴ് രാഷ്ട്രീയത്തിന്റെ റാണിയായി നിറഞ്ഞാടിയ ജയലളിതയുടെ വിയോഗം സ്ഥിരീകരിച്ചതോടെ രാത്രി തന്നെ മുഖ്യമന്ത്രിയായി പനീര്‍ ശെല്‍വം സ്ഥാനമേറ്റു.

എന്നാല്‍ അവരുടെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹം പരന്നപ്പോഴൊക്കെ വ്യക്തമായ വിവരം നല്‍കാതെ സംസ്ഥാന സര്‍ക്കാറും ആശുപത്രി അധികൃതരും ഒരുപോലെ ഒളിച്ചുകളിച്ചുകൊണ്ടിരുന്നു. മരിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന്റെ മണിക്കൂറുകള്‍ മുമ്പും ഈ അവ്യക്തത കണ്ടു. മരണ വാര്‍ത്ത ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പാര്‍ട്ടി ആസ്ഥാനത്തെ കൊടി താഴ്ത്തിക്കെട്ടുകയും ചെയ്ത ശേഷം നിഷേധ വാര്‍ത്ത വന്നു. അമ്മയുടെ മരണത്തോട് താതാത്മ്യം പ്രാപിക്കാന്‍ ഇതൊക്കെ നാട്ടുകാര്‍ക്ക് അവസരം നല്‍കിയിട്ടും മരണം സ്ഥിരീകരിച്ച ശേഷമുണ്ടായ അതിക്രമങ്ങള്‍ തമിഴ്‌നാടിന് ആ മരണം ഉള്‍ക്കൊള്ളാനാകുന്നില്ല എന്ന് തന്നെയാണ് സൂചിപ്പിക്കന്നത്.

സെപ്തംബര്‍ 22നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും നിര്‍ജലീകരണവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുവെന്ന് മാത്രമാണ് ആദ്യം അറിയിച്ചത്. അണുബാധയുണ്ടാകുമെന്ന കാരണത്താല്‍ കേന്ദ്ര നേതാക്കള്‍ക്ക് പോലും ആശുപത്രിയിലെത്തി ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതിയില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാരുമായി രോഗവിവരം സംസാരിച്ച് മടങ്ങി. മന്ത്രിസഭയിലെ രണ്ടാമനായ ഒ പനീര്‍ശെല്‍വം പോലും ജയലളിതയെ കാണുന്നുണ്ടോയെന്ന് സംശയമായിരുന്നു അന്ന്. പനീര്‍ശെല്‍വത്തിനെ പോലുള്ള ചുരുക്കം നേതാക്കള്‍ക്ക് മാത്രമേ ആശുപത്രിയില്‍ പോലും പ്രവേശനമുള്ളൂ.
ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കു പുറമെ ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടറുടെയും ചികിത്സയിലാണ് ജയലളിത ഇപ്പോള്‍. ആരോഗ്യം വീണ്ടെടുക്കുന്നു. കുറച്ചുദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരും തുടങ്ങിയ അഭിപ്രായങ്ങള്‍ക്ക് പുറമെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ആരോഗ്യസ്ഥിതി പുറത്തുവിടണമെന്ന പൊതുതാത്പര്യ ഹരജി മദ്രാസ് ഹൈക്കോടതി പോലും തള്ളിയിരിക്കുന്നു. ഭരണസംവിധാനം താറുമാറാകുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനൊടുവില്‍ ജയലളിതയെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട് ധനമന്ത്രി പനീര്‍ശെല്‍വം ജയലളിതയുടെ മുഴുവന്‍ വകുപ്പുകളും ഏറ്റെടുത്തു. സംഭവത്തിന്റെ ഗൗരവം എടുത്തുകാണിക്കുന്നതാണ് വകുപ്പേറ്റെടുക്കല്‍. പൊതുഭരണം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് ജയലളിത വഹിച്ചിരുന്നത്.
ചരിത്രത്തിന്റെ ആവര്‍ത്തനം
തമിഴ് രാഷ്ട്രീയം അതിന്റെ ആവര്‍ത്തനത്തിന്റെ പാതയിലാണ്. കഴിഞ്ഞ മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിലേക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയ എം ജി ആറിന്റെ പാത പിന്തുടര്‍ന്നാണ് തലൈവി വീണ്ടും അധികാരത്തിലെത്തിയത്. 1984 ഒക്‌ടോബര്‍ അഞ്ചിന് രാത്രി എം ജി ആറിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും അതിന് ശേഷവുമുണ്ടായ സമാനമായ സാഹചര്യത്തിലൂടെയാണ് തമിഴ്‌നാട് കടന്നുപോകുന്നത്. പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം നിശ്ചലമായപ്പോഴും എം ജി ആര്‍ തന്നെയായിരുന്നു മുഖ്യമന്ത്രി. ഭരണ പ്രതിസന്ധി സംസ്ഥാനത്തെ ഉലച്ചപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന അന്നത്തെ ധനമന്ത്രി വി ആര്‍ നെടുഞ്ചെഴിയാന്‍ ഗവര്‍ണറെ കണ്ടതും ഒടുവില്‍ മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ ഏറ്റെടുത്തതും 32 വര്‍ഷങ്ങള്‍ക്ക് ശേഷം ആവര്‍ത്തിക്കുന്നു. അന്ന് നെടുഞ്ചെഴിയാനെങ്കില്‍ ഇന്ന് ഒ പനീര്‍ശെല്‍വം എന്ന വ്യത്യാസം മാത്രം.
പ്രതീക്ഷ, ആശങ്ക
പുരട്ച്ചി തലൈവി (വിപ്ലവ നായിക) ജയലളിതക്കു ശേഷം ഇനിയെന്ത്? തമിഴ്‌നാടിന് പുറമെ ഇന്ത്യ മുഴുവന്‍ ഈ ചോദ്യം ഒരേസമയം ചോദിക്കുന്നു. മൂന്ന് ദശാബ്ദം മുമ്പ് പാര്‍ട്ടി നേരിട്ട പ്രതിസന്ധിയേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ എ ഐ എ ഡി എം കെ നേരിടുന്നത്. 1987ല്‍ എം ജി ആറിന്റെ ശവമഞ്ചത്തിനരികെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരുന്ന ജയലളിതയെ പാര്‍ട്ടി പ്രവര്‍ത്തകരാണ് പുറത്തേക്കെറിഞ്ഞത്. എം ജി ആറിന്റെ ആരാധകര്‍ തന്നെ ജയലളിതയെ പിന്നെ അംഗീകരിച്ചതും തമിഴ് മക്കളുടെ പുരട്ചി തലൈവിയാക്കിയതും ചരിത്രം. രണ്ടായി പിളര്‍ന്ന എ ഐ എ ഡി എം കെയെ ഒന്നിപ്പിച്ച് അധികാരത്തിലെത്തിച്ചതും ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി വളര്‍ന്നതും ജയലളിതയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ്.
തമിഴ് രാഷ്ട്രീയത്തില്‍ ജയലളിതയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. എം ജി ആറിന്റെ രാഷ്ട്രീയത്തിലെ വില്ലന്‍ കരുണാനിധി തന്നെയായിരുന്നു തലൈവിയുടെയും ശത്രു. കരുണാനിധിയുടെ ഡി എം കെയെ പിന്നിലാക്കി പലതവണ ജയലളിത തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി. അമ്മയുടെ വളര്‍ച്ചയുടെ ഗ്രാഫ് ഇടക്ക് താഴേക്ക് വന്നെങ്കിലും നിലവില്‍ അത് ഉയര്‍ന്നു തന്നെയാണ്. നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് തലൈവി തമിഴ് മക്കളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും എ ഐ എ ഡി എം കെയില്‍ തലൈവിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമില്ല. അപ്പോളോ ആശുപത്രിക്ക് മുന്നില്‍ ഉറക്കമൊഴിച്ച് ഇരിക്കുന്ന പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കണ്ണുകളില്‍ നിറയുന്ന പ്രതീക്ഷയും ആശങ്കയും അത് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പൂജകളും വഴിപാടുകളുമായി പ്രവര്‍ത്തകര്‍ ക്ഷേത്രങ്ങളില്‍ കയറിയിറങ്ങുന്നു.
എം ജി ആറിന്റെ അവസാനകാലത്ത് പാര്‍ട്ടിയില്‍ ഔദ്യോഗികമായി രണ്ടാം സ്ഥാനക്കാരിയായിരുന്നില്ലെങ്കിലും എം ജി ആറിന്റെ പ്രിയപ്പെട്ടവളായി തൊട്ടുപിന്നില്‍ അത്രപെട്ടെന്ന് തള്ളിക്കളയാനാകാത്ത നേതാവായി ജയലളിതയുണ്ടായിരുന്നു. എന്നാല്‍, ജയലളിതക്ക് ശേഷം ആര് എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമില്ല. അത്തരമൊരാള്‍ പാര്‍ട്ടിയിലില്ല എന്നതാണ് സത്യം. സമ്പൂര്‍ണ വിധേയത്വമാണ് ജയലളിത എന്നും അനുയായികളില്‍ നിന്ന് ആവശ്യപ്പെട്ടത്. രണ്ടാംനിര നേതൃത്വത്തെ ഒരിക്കലും അവര്‍ അനുവദിച്ചിരുന്നില്ല. രണ്ട് തവണ ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ വിശ്വസ്തനായ ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അപ്പോഴും പാര്‍ട്ടിയും ഭരണവും തലൈവിയുടെ കൈകളിലായിരുന്നു. അമ്മ ഇരുന്ന കസേരയും എന്തിന് ഓഫീസ് പോലും ഉപയോഗിക്കാന്‍ തയ്യാറാകാതെ പനീര്‍ശെല്‍വം തലൈവിയോടുള്ള തന്റെ കൂറ് ആവര്‍ത്തിച്ച് ഉറപ്പിച്ചു. വ്യക്തിജീവിതത്തില്‍ ശശികലയെന്ന ഉറ്റ തോഴിയെ എന്നും ഒപ്പം നിര്‍ത്തിയിരുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തും ശശികലയുണ്ടെങ്കിലും ജയലളിതയുടെ അഭാവത്തില്‍ അവരുള്‍പ്പെടുന്ന ‘മണ്ണാര്‍ഗുഡി മാഫിയ’ക്ക് പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനാകുമെന്ന് കരുതാനാകില്ല. തലൈവിയുടെ അഭാവം പാര്‍ട്ടിയെ ശിഥിലമാക്കുന്നതിലേക്കോ പിളര്‍ത്തുന്നതിലേക്കോ നയിക്കുമെന്നു തന്നെ വേണം കരുതാന്‍.രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ മാത്രം ജയലളിതയെ അളക്കാനാകില്ല. ജനവികാരത്തെ എന്നും ഒപ്പം നിര്‍ത്താന്‍ കഴിവുള്ള നേതൃത്വം കൂടിയാണ് ജയലളിത. ഒരുകാലത്തും ജയലളിത വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നില്ല. അന്നും ഇന്നും അവര്‍ തന്നെയാണ് വാര്‍ത്ത. ഇന്ന് ആശുപത്രിയില്‍ കിടക്കുമ്പോഴും ഇത് ശരിവെക്കുന്നു.