റിസര്‍വ് ബേങ്കിലേക്ക് ഉറ്റുനോക്കി നിക്ഷേപകര്‍

Posted on: December 5, 2016 3:40 pm | Last updated: December 5, 2016 at 3:40 pm
SHARE

imagesവിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഒപ്പം ആഭ്യന്തര മൂച്യല്‍ ഫണ്ടുകളും വില്‍പ്പനക്കാരുടെ മേലങ്കി അണിഞ്ഞിട്ടും പ്രമുഖ ഇന്‍ഡക്‌സുകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സെന്‍സെക്‌സ് 86 പോയിന്റും നിഫ്റ്റി 27 പോയിന്റും പിന്നിട്ടവാരം ഉയര്‍ന്നു.
വാരമധ്യം നടക്കുന്ന കേന്ദ്ര ബേങ്കിന്റെ വായ്പ്പാ അവലോകന റിപ്പോര്‍ട്ടിനായി ഉറ്റു നോക്കുകയാണ് നിക്ഷേപകര്‍. സാമ്പത്തിക മേഖലയിലെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ കണക്കിലെടുത്ത് പലിശ നിരക്കില്‍ കുറവ് വരുത്താന്‍ ആര്‍ ബി ഐ തയ്യാറാകുമോ അതോ അടുത്ത വര്‍ഷം പലിശ നിരക്ക് കുറക്കുമെന്ന പ്രഖ്യാപാനങ്ങളില്‍ യോഗം അവസാനിക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

പ്രമുഖ ഓഹരി ഇന്‍ഡക്‌സുകളിലെ ചാഞ്ചാട്ടം തുടരാം. ബോംബെ സെന്‍സെക്‌സ് 26,270 റേഞ്ചില്‍ നിന്ന് 26,721 വരെ കയിയ ശേഷം വാരാന്ത്യ ദിനം 26,231 പോയിന്റിലാണ്. നിഫ്റ്റി സൂചിക 8070-8244 പോയിന്റില്‍ കയറി ഇറങ്ങിയ ശേഷം വാരാന്ത്യം നിഫ്റ്റി 8086 ലാണ്. ഇന്ന് നിഫ്റ്റി സൂചിക 8050 ലെ സപ്പോര്‍ട്ട് നിലനിര്‍ത്തിയാല്‍ 8196-8307 ലേക്ക്് മുന്നേറാം. ഈ പ്രതിരോധ മേഖല ഭേദിക്കാനായാല്‍ സൂചിക 8370 ലേയ്ക്ക് ഉയരാം. ഈ വാരം സൂചികയുടെ താങ്ങ് 8022-7959 ലാണ്.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപ പ്രതിന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്. 68.47 ല്‍ നിന്ന് വരമധ്യം 68.76 ലേക്ക് ഇടിഞ്ഞ ഇന്ത്യന്‍ നാണയം വാരാന്ത്യം 68.03 ലാണ്. കേന്ദ്ര ബേങ്ക് വന്‍തോതില്‍ ഡോളര്‍ വില്‍പ്പനക്ക് ഇറക്കിയത് രൂപക്ക് കരുത്തായി.
മുന്‍ നിര ഓഹരികളിലെ വാങ്ങല്‍ താല്‍പര്യത്തില്‍ എയര്‍ ടെല്‍, മാരുതി, ഒ എന്‍ ജി സി എന്നിവ മികവ് കാണിച്ചു. അതേ സമയം ഹിന്‍ഡാല്‍ക്കോ ഓഹരി വില ആറര ശതമാനവും ബി പി സി എല്‍ അഞ്ച് ശതമാനവും തളര്‍ന്നപ്പോള്‍ ടാറ്റാ മോട്ടേഴ്‌സ്, എം ആന്റ എം, എസ് ബി ഐ, റ്റി സി എസ് തുടങ്ങിയവയുടെ നിരക്ക് കുറഞ്ഞു.

ഏഷ്യന്‍-യുറോപ്യന്‍ മാര്‍ക്കറ്റുകള്‍ വാരാന്ത്യംനഷ്ടത്തിലാണ് അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചികക്ക് വാരാന്ത്യ ദിനത്തില്‍ തിരിച്ചടിനേരിട്ടു. ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ ബാരലിന് 51.68 ഡോളറിലും സ്വര്‍ണം ഔണ്‍സിന് 1178 ഡോളറിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here