കരിപ്പൂര്‍: ഡല്‍ഹിയില്‍ പ്രവാസികളുടെ പ്രതിഷേധം അണപൊട്ടി

Posted on: December 5, 2016 3:00 pm | Last updated: December 5, 2016 at 3:16 pm

unnamed-1ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു മലബാര്‍ ഡവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രവാസികളുടെയും മലബാര്‍ നിവാസികളുടെയും പ്രതിഷേധം അണപൊട്ടി. രാവിലെ 11 മണിക്ക് മുന്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കരിപ്പൂര്‍ വിമനത്താവള സമരസമിതിയുടെ ആവശ്യം തികച്ചും ന്യായമാണ്. ന്യായത്തിനും നീതിക്കും നടത്തുന്ന സമരം വിജയംകാണുമെന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആന്റണി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള സമരത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ വാഗ്ദാനം ചെയ്തു. റണ്‍വേ അറ്റകുറ്റപണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനംപൂര്‍വസ്ഥിതിയിലാക്കണം. ലോകത്ത് ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂര്‍. ഇന്ത്യയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനേക്കാള്‍ സൗകര്യം കുറഞ്ഞ നിരവധി വിമാനത്താളങ്ങളില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. ആറ് മാസത്തിനുള്ളില്‍ അറ്റകുറ്റപണി നടത്തി പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ unnamedഅദ്യമറിയിച്ചിരുന്നത്. വര്‍ഷം കഴിഞ്ഞിട്ടും വിമാനത്താവളം പൂര്‍വസ്ഥിതിയിലാക്കാത്തതാണ് ജനങ്ങളെ ആശങ്കയിലാക്കുകയാണ്. കരിപ്പൂര്‍ വിഷയത്തില്‍ എം.ഡി.എഫ് നടത്തുന്ന എല്ലാ പ്രതിഷേധ പരിപാടികള്‍ക്കും കേരളത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടാവുമെന്ന് ആന്റണി പ്രഖ്യാപിച്ചു. അബ്ദുല്ല കാവുങ്ങല്‍ ആധ്യക്ഷതവഹിച്ചു.

എം.പിമാരായ എം ബി. രാജേഷ്, പി.കെ ശ്രീമതി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.കെ രാഘവന്‍, പി. കരുണാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.ഐ ഷാനവാസ്, ഫോറം ചെയര്‍മാന്‍, മുന്‍മന്ത്രി എം.കെ മുനീര്‍, എ.എ.പി കേരളാ കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര്‍ നീലകണ്ഠന്‍, ബി.ജെ.പി ദേശീയ കൗണ്‍സിലര്‍ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കേരളാ ഹൗസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. വിവിധ ഗള്‍ഫ് നാടുകളില്‍ നിന്ന് സമരത്തില്‍ പങ്കെടുക്കാന്‍ പ്രതിനിധികള്‍ എത്തിച്ചേര്‍ന്നിരുന്നു.
ബാരിക്കേഡ് ഉപയോഗിച്ചു പ്രകടനക്കാരെ തടഞ്ഞ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലിസ്, പിന്നീട് എം.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കളായ കെ.എം ബശീര്‍, അബ്ദുല്ല കാവുങ്ങല്‍, അമ്മാര്‍ കീഴുപറമ്പ്, വി.എം മുസ്തഫ മഞ്ചേരി, അബ്ദുര്‍റഹിമാന്‍ എടക്കുനി, രാജന്‍ കോളാവിപാലം എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ്‌ചെയ്തു, പിന്നീട് വിട്ടയച്ചു.