ജയലളിത മരിച്ചെന്ന് വിക്കിപീഡിയ; മിനിട്ടുകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെട്ടു

Posted on: December 5, 2016 2:48 pm | Last updated: December 6, 2016 at 1:43 am

jayalalitha-wikipedia-deadചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായ വിവരം  ആശുപത്രി അധികൃതര്‍ പുറത്തു വിട്ടതിനു പിന്നാലെ ജയലളിത മരിച്ചെന്ന് വിക്കിപീഡിയ. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജയലളിത അന്തരിച്ചു എന്നാണ് ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെട്ടത്. ജയലളിത മരിച്ചെന്ന് ഇതിന് മുമ്പും വിക്കീപീഡിയയില്‍ വന്നിരുന്നു.

പല പ്രമുഖരുടെയും മരണം സംബന്ധിച്ച വിവരങ്ങള്‍ മുമ്പും വിക്കിപീഡിയയില്‍ തെറ്റായി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഈ തിരുത്ത് മിനിട്ടുകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെട്ടുവെങ്കിലും ഫേസ്ബുക്ക്, വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിന്റെ പകര്‍പ്പ് പ്രചരിക്കുന്നുണ്ട്.

അതേസമയം അപ്പോളോയില്‍ വെന്റിലേറ്ററില്‍ തുടരുന്ന ജയലളിതയുടെ ആരോഗ്യ നില അതീവഗുരുതരാവസ്ഥയിലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ശ്വാസകോശത്തിലെ അണുബാധമൂലം ആരോഗ്യനില സങ്കീര്‍ണമായി തുടരുകയാണ്. വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോഴുള്ളതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.